ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഹദ്റത് ഖാത്തമുല്‍ അമ്പിയാ മുഹമ്മദ് മുസ്തഫാ(സ) തിരുമേനിയുടെ സത്യസന്ദേശവുമായി അവിടത്തെ ഒരു ഭക്തശിഷ്യന്‍ ദിഹ്യകല്ബി റോമന്‍ ചക്രവര്‍ത്തിയായ ഹിര്‍ഖലിന്‍റെ (Herculius) സന്നിധിയിലെത്തി. സന്ദേശം ശ്രവിച്ച ഹിര്‍ഖല്‍, അറബികളായ മറ്റ് വല്ലവരും മുഖേന നിജസ്ഥിതിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചു. അതേസമയം, അബൂസുഫ്‌യാനും സംഘവും കച്ചവടാവശ്യാര്‍ത്ഥം അന്നാട്ടില്‍ എത്തിയിരുന്നു. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം അബൂസുഫ്‌യാനെ രാജസദസ്സില്‍ കൊണ്ടുവരുകയും, അദ്ദേഹത്തോട് ചക്രവര്‍ത്തി ചില കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. നുബുവ്വ ത്തിന്‍റെ സത്യതയെ തിരിച്ചറിയാന്‍ താനുന്നയിച്ച മാനദണ്ഡങ്ങള്‍ക്ക്, അബൂസുഫ്‌യാന്‍ നല്‍കിയ മറുപടികള്‍ ഹിര്‍ഖലിനെ തൃപ്തനാക്കി. അത് നബി(സ) തിരുമേനിയുടെ നുബുവ്വത്തിന്‍റെ നിറന്ന സത്യസാക്ഷ്യമായി ഇസ്ലാമിക ചരിത്രങ്ങളിലും നബിചരിതങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു.ഹിര്‍ഖലിന്‍റെ ചോദ്യങ്ങളും അതിന് അബൂസുഫ്‌യാന്‍ നല്‍കിയ മറുപടികളും ഫിര്‍ഖലിന്‍റെ നിഗമനങ്ങളും ഹദ്റത്ത് നബി(സ)ന്‍റെ ഭക്തശിഷ്യനും ആത്മീയ പ്രതിപുരുഷനുമായ ഹദ്റത് അഹ്‌മദി(അ)ന്‍റെ സത്യസാക്ഷ്യത്തേയും പ്രസ്പഷ്ടമാക്കുന്നു.
1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ ചരിത്രസംഭവം ഹദ്റത് അഹ്‌മദി(അ)ന്‍റെ സത്യസാക്ഷ്യവുമായി വിശകലനം ചെയ്തുനോക്കാം.
ഒന്നാമത്തെ ചോദ്യം: കുടുംബം
**************************************
ഹിര്‍ഖല്‍ : പ്രവാചകനാണെന്ന് വാദിക്കുകയും എനിക്ക് ഒരു സന്ദേശമയയ്ക്കുകയും ചെയ്തയാളെ നിങ്ങളറിയുമോ? എങ്ങനെയുള്ള കുടുംബമാണ് അദ്ദേഹത്തിന്‍റേത്?
അബൂസുഫ്‌യാന്‍ : അദ്ദേഹം ഒരു കുലീനകുടുംത്തിലെ അംഗമാണ്.
ഹിര്‍ഖലിന്‍റെ പ്രതികരണം: പ്രവാചകന്മാര്‍ എപ്പോഴും കുലീനകുടുംബത്തിലെ അംഗങ്ങളായിരിക്കും.
ഹദ്റത്ത് അഹ്‌മദി(അ)ന്‍റെ കുടുംബവും കുലീനമായിരുന്നുവെന്നത് ചരിത്രപഠിതാക്കളില്‍ നിന്ന് ഗോപ്യമല്ല, ഫാര്‍സിവംശജനും ബര്‍ലാസ് സന്തതിയുമായിരുന്നു സ്മര്യപുരുഷന്‍. ആഭിജാത്യത്തിലും അന്തസ്സിലും പ്രസ്തുത കുടുംബം തലയെഴുന്നുനിന്നിരുന്നു (അവ: കിത്താുല്‍ ബരിയ്യ, അടിക്കുറിപ്പ്, പേജ് 124)
രണ്ടാമത്തെ ചോദ്യം: മുന്‍ഗാമികളുടെ വാദം
********************************************************
ഹിര്‍ഖല്‍ : അദ്ദേഹത്തിനു മുമ്പ് അറബികളില്‍ ആരെങ്കിലും ഇത്തരം ഒരു വാദം പുറപ്പെടുവിച്ചിട്ടുണ്ടോ?
അബൂസുഫ്‌യാന്‍ : ഇല്ല.
പ്രതികരണം : ആരെങ്കിലും അത്തരം വാദം ഉന്നയിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അത് അനുകരിച്ചതാണെന്ന് പറയാമായിരുന്നു.
ഹദ്റത്ത് മസീഹ് മൗഊദി(അ)ന്‍റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആ മഹാത്മന് മുമ്പേ, അദ്ദേഹത്തിന്‍റെ ആരും തന്നെ മഹ്ദി, മസീഹ്, കല്‍ക്കി, ഉമ്മത്തീനബി തുടങ്ങിയ ഒരു വാദവും ഉന്നയിച്ചിട്ടില്ല. അഹ്‌മദിയ്യാ ജമാഅത്തിന്‍റെ ബദ്ധവൈരിയായിരുന്ന അബുല്‍ഹസന്‍ അലി നദ്വി പറയുന്നു: "മൊത്തത്തില്‍ മിര്‍സാ തന്നെയാണ് ആദ്യമായി ഇന്ത്യയില്‍ പ്രവാചകത്വം വാദിച്ചത്." (ഖാദിയാനിസം. പേജ് 145, വിവ: സുഹൈര്‍ ചുങ്കത്തറ)
മൂന്നാമത്തെ ചോദ്യം: ശത്രുസാക്ഷ്യം
********************************************
ഹിര്‍ഖല്‍: ഈ വാദം ഉന്നയിക്കുന്നതിന് മുമ്പേ നിങ്ങളുടെ ജനം എപ്പോഴെങ്കിലും അദ്ദേഹത്തെക്കുറിച്ച് കളളം പറയുന്ന ആളാണെന്ന് കുറ്റാരോപണം ചെയ്തിരുന്നോ?
അബൂസുഫ്‌യാന്‍ : ഇല്ല
പ്രതികരണം : മനുഷ്യരെപ്പറ്റി കളവു പറയാത്ത ആള്‍ ദൈവത്തെക്കുറിച്ചും കളവ് പറയില്ലെന്ന് ഞാന്‍ മനസ്സിലാക്കി.
ഹദ്റത്ത് അഹ്‌മദി(അ)ന്‍റെ സമകാലീനരും പണ്ഡിതരുമായിരുന്ന ഒട്ടനവധി ആളുകള്‍ അദ്ദേഹത്തിന്‍റെ സത്യസന്ധതയെ പ്രകീര്‍ത്തിച്ചിട്ടുെണ്ടന്നുള്ളത് സ്മര്‍ത്തവ്യമാണ്. 'അല്‍ ഫദ്‌ലുമാ ശഹിദ്ത്തിഹില്‍ അഹ്യാര്‍' (അന്യന്‍റെ സാക്ഷ്യമാണ് ഏറ്റവും ഉത്കൃഷ്ടം, എന്ന് അറബിയില്‍ പറയാറുണ്ട്. ഹദ്റത്ത് അഹ്‌മദി (അ)ന്‍റെ ദൈവനിയോഗവാദത്തിന് മുന്‍പുള്ള കാലഘട്ടത്തെക്കുറിച്ച് ശത്രുസാക്ഷ്യങ്ങള്‍ നിരവധിയുണ്ട്. ആ മഹാനുഭാവന്‍റെ സതീര്‍ഥ്യനും പിന്നീട് ബദ്ധശത്രുവുമായി മാറിയ മൗലവി മുഹമ്മദ് ഹുസൈന്‍ ബട്ടാലവി എഴുതുന്നു:
"ബറാഹീനെ അഹ്‌മദിയ്യായുടെ കര്‍ത്താവ് ശത്രുക്കളുടേയും മിത്രങ്ങളുടേയും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മുഹമ്മദിയ്യാ ശരീഅത്തില്‍ നിലനില്‍ക്കുന്നയാളും ഭയഭക്തിയുള്ളയാളും സത്യസന്ധനും ആണ്. ശൈത്താനിക ഇല്‍ഹാമുകള്‍ അധികവും കളവാകാറുണ്ട്. എന്നാല്‍ 'ബറാഹീനെ അഹ്‌മദിയ്യാ'യുടെ കര്‍ത്താവിന്‍റെ ഇല്‍ഹാമുകള്‍ (ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയവ സകലതും) ഒന്നും പോലും കളവായിട്ടില്ല." (ഇശാഅത്തുസ്സുന്ന: വാള്യം: 7)
പ്രസിദ്ധ ഉര്‍ദുകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ ഗുരു ശംസുല്‍ ഉലമാ മൗലാനാ സയ്യിദ് മീര്‍ഹസന്‍ സാഹിബ് പറയുന്നു:
"ഹദ്റത്ത് മിര്‍സാ സാഹിബ് 1864-ല്‍ ഉദ്യോഗാര്‍ത്ഥം സിയാല്‍ക്കോട്ടില്‍ താമസിച്ചിരുന്നു......... കോടതിയില്‍ നിന്ന് വന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകയും തേങ്ങിത്തേങ്ങി കരയുകയും ചെയ്യുമായിരുന്നു." (സീറത്തുല്‍ മഹ്ദി, വാള്യം: 1)
അഹ്‌മദിയ്യത്തിന്‍റെ ബദ്ധശത്രുവും അഹ്റാര്‍ ലീഡറും സമീന്ദാര്‍ പത്രത്തിന്‍റെ എഡിറ്ററുമായ മൗലവി സഫറലിഖാന്‍റെ പിതാവ് മുന്‍ഷി സിറാജുദ്ദീന്‍ സാഹിബ് പറയുന്നു:
"മിര്‍സാഗുലാം അഹ്‌മദ് 1860ലോ 1861ലോ സിയാല്‍ ക്കോട്ടില്‍ ഗുമസ്തനായിരുന്നു. അദ്ദേഹം യുവത്വത്തിലും വളരെയേറെ സാത്വികനും മുത്തഖിയുമായ മഹാന്‍ ആയിരുന്നുവെന്ന സാക്ഷ്യം നാം കണ്ണുകൊണ്ട് കണ്ടതാണ്." (സമീന്ദാര്‍, 1908, മെയ്)
അബുല്‍ ഹസന്‍ അലി നദ്വി പറയുന്നു:
ഇസ്ലാമിന്നുവേണ്ടി ശബ്ദിച്ചതുകാരണവും അദ്ദേഹത്തിനുണ്ടായിട്ടുള്ള വളരെയേറെ ഇല്‍ഹാമുകളുടേയും ദര്‍ശനങ്ങളുടേയും സന്തോഷവാര്‍ത്തകളുടേയും വെളിച്ചത്തിലും ജനങ്ങള്‍ അദ്ദേഹം ഒരു വലിയ്യാണെന്ന് വിശ്വസിച്ചു. (ഖാദിയാനിസം, പേജ് 55, പ്രസാ: കെ.എന്‍.എം.)
പ്രവാചകപ്രഭു തന്‍റെ ജീവിതവിശുദ്ധിയെക്കുറിച്ച് ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് 'ഫഖദ് ലബിസ്തുഫീക്കും ഉമറന്‍ മിന്‍ ഖബ്ലിഹീ
അഫലാ തഅ്ഖിലൂന്‍' (ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഒരായുസ്സ് കഴിച്ചുകൂട്ടി. നിങ്ങളെന്തുകൊണ്ട് ചിന്തിക്കുന്നില്ല?) എന്ന് വിളംരപ്പെടുത്തിയതുപോലെ ഹദ്റത്ത് അഹ്‌മദും (അ)വെല്ലുവിളിക്കുകയുണ്ടായി:
"..... തും കോയി അയ്ബ്, ഇഫ്തിറാഅ്, യാ ജൂട്ട് യാ ഭഗാ കാ മേരീ പഹ്‌ലീ സിന്ദഗീ മേം നഹീം ലഗാ സക്തെ... കോന്‍ തും മേം സെ ഹെ ജോ മേരീ സവാനിഹ് സിന്ദഗീ പര്‍ നുക്ത ചീനീകര്‍ സക്താഹെ...."
"ഒരു ന്യൂനതയോ, കറ്റുകെട്ടോ, കളവോ, വഞ്ചനയോ നിങ്ങള്‍ക്ക് എന്‍റെ മുന്‍ജീവിതത്തില്‍ കാണിക്കാന്‍ സാധ്യമല്ല... എന്‍റെ മുഴുനീള ജീവിതത്തില്‍ എന്തെങ്കിലും ഒരു ആരോപണം ഉന്നയിക്കാന്‍ നിങ്ങളില്‍ ആര്‍ക്ക് കഴിയും?" (തദ്കിറത്തുശഹാദത്തൈന്‍).
ഹിര്‍ഖലിന്‍റെ മൂന്നാമത്തെ മാനദണ്ഡവും ഹദ്റത്ത് അഹ്‌മദില്‍ സത്യമായി പുലരുന്നു.
നാലാമത്തെ ചോദ്യം: പൂര്‍വ്വികന്മാര്‍
**********************************************
ഹിര്‍ഖല്‍: അദ്ദേഹത്തിന്‍റെ പൂര്‍വ്വികന്മാരില്‍ ആരെങ്കിലും രാജാവോ ഭരണകര്‍ത്താവോ ആയിരുന്നിട്ടുണ്ടോ?
അബൂസുഫ്‌യാന്‍ : ഇല്ല
പ്രതികരണം : അദ്ദേഹത്തിന്‍റെ വാദം വിനഷ്ടമായ രാജാധികാരവും ഭരണാധികാരവും വീണ്ടെടുക്കാനുള്ളതല്ല എന്ന് വ്യക്തമായി.
ഹദ്റത്ത് അഹ്‌മദ് (അ)ന്‍റെപൂര്‍വ്വികന്മാര്‍ ആരും രാജാവോ ഭരണാധിപനോ ആയിരുന്നില്ല. മറിച്ച് രാജ രാജ്യസേവകര്‍ മാത്രമായിരുന്നു. അതിനാലായിരുന്നു ഒരു പ്രദേശത്തിന്‍റെ ഖാദിയായി അദ്ദേഹത്തിന്‍റെ പിതാവ് നിയമിക്കപ്പെട്ടത്.
മൗലാനാ മൗദൂദി സാഹിബിന്‍റെ ശിഷ്യന്‍ കെ.സി. അബ്ദുള്ള മൗലവി ചരിത്രം കുറേക്കൂടി ഇങ്ങനെ വിശദീകരിക്കുന്നു:
"തന്‍റെ ഈ ലക്ഷ്യസാധ്യത്തിന് വളരെ അനുകൂലമാണെന്ന് കണ്ടഗുലാം അഹ്‌മദ് അത് തികച്ചും പ്രയോജനപ്പെടുത്താന്‍ വളരെ സമര്‍ത്ഥമായി നയതന്ത്രങ്ങളാവിഷ്കരിച്ചു. മുഖ്യമായും ഒരു നാലിന പരിപാടിയാണ് അദ്ദേഹം ആസൂത്രണം ചെയ്തത് ..................... തന്‍റെ കുടുംബ സംരക്ഷകനും യജമാനനുമായ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ സഹായവും സംരക്ഷണവും കൂടുതല്‍ ഉറപ്പിച്ച് വെയ്ക്കുക.............................. പരിപാടിയുടെ രണ്ടാമിനത്തിലും ഗുലാം സാഹിബ് പരാജയപ്പെടുകയാണുണ്ടായത്. തങ്ങളുടെ താത്പര്യങ്ങള്‍ക്കനുഗുണമായി ഈ മനുഷ്യനില്‍ നിന്ന് വല്ലതും സ്വയം ലഭ്യമാകുന്നുവെങ്കില്‍, മറ്റാപത്തുകളൊന്നുമില്ലെങ്കില്‍, നാമതു നിരസിക്കേണ്ട എന്നതില്‍ കവിഞ്ഞു ബ്രിട്ടീഷുകാര്‍ മറ്റെന്തെങ്കിലും ചെയ്തതായറിവില്ല. രാജ്യതന്ത്രജ്ഞതയും ദീര്‍ഘവീക്ഷണവുമുള്ള അവര്‍ എത്രയോ മീര്‍ജാഫര്‍മാരെ കണ്ടതാണല്ലോ. മുസ്ലിംകളോടവര്‍ക്ക് കടുത്ത പകയുണ്ടെന്നത് വേറെ കാര്യം. (ഖാദിയാനിസത്തിന്‍റെ വേരുകള്‍. പേജ് 61-71).
അഞ്ചാമത്തെ ചോദ്യം: ന്യായം വിധിക്കാനുള്ള കഴിവ്
******************************************************************
ഹിര്‍ഖല്‍: അദ്ദേഹത്തിന്‍റെ പൊതുവിലുള്ള കഴിവിനെക്കുറിച്ചും ന്യായം വിധിക്കാനുള്ള പ്രാപ്തിയെക്കുറിച്ചും നിങ്ങള്‍ എന്തു പറയുന്നു?
അബൂസുഫ്‌യാന്‍: അദ്ദേഹത്തിന്‍റെ കഴിവിലോ ന്യായവിധിയിലോ ഞങ്ങള്‍ ഒരു കുറവും കണ്ടിട്ടില്ല.
ഹദ്റത് അഹ്‌മദി(അ)ന്‍റെ ജീവിതത്തിലും ഈ നിറന്ന സാക്ഷ്യം കാണാവുന്നതാണ്. ഒരു സമകാലിക പണ്ഡിതനായിരുന്നു സൂഫി അഹ്‌മദ് ജാന്‍ ലുധിയാനവി ഒരിക്കല്‍ അദ്ദേഹത്തെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു:
ഹം മരീസോം കി ഹൈ തുമീ പെ നസര്‍
തും മസീഹാ ബനോ ഖുദാ കേലിയേ!
'ഞങ്ങള്‍ രോഗികള്‍ നിന്നില്‍ കണ്ണും നട്ടിരിക്കുകയാണ്.
നീ ദൈവത്തെ മുന്‍നിര്‍ത്തി മസീഹായാലും.'
ഒരിക്കല്‍ കോടതിയില്‍ ആ മഹാത്മജന്‍, പിതാവും കുടിയാന്മാരുമായിട്ടുള്ള ഒരു തര്‍ക്കത്തില്‍ പിതാവിനെതിരെ സത്യം പറഞ്ഞ്, ന്യായ ത്തോടൊപ്പം നില്‍ക്കാന്‍ കാണിച്ച ആര്‍ജവം പ്രവാചകവൃത്താന്തങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ. പ്രത്യേകിച്ചും, ആവശ്യാനുസരണം കളവ് പറയേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘോഷിക്കുന്ന മതപണ്ഡിതന്മാരുള്ളപ്പോള്‍.
ആറാമത്തെ ചോദ്യം : അനുയായികള്‍
***********************************************
ഹിര്‍ഖല്‍: അദ്ദേഹത്തിന്‍റെ അനുചരന്മാര്‍ എങ്ങനെയുളളവരാണ്? അവര്‍ സമൂഹത്തിലെ സമ്പന്നരും, പ്രതാപികളുമാണോ? അതോ പാവങ്ങളും ദരിദ്രന്മാരുമോ?
അബൂസുഫ്‌യാന്‍: അധികവും താണ കിടയിലുള്ളവരും യുവാക്കളുമാ
ണ്.
പ്രതികരണം : പ്രവാചകന്‍റെ ആദ്യകാല അനുയായികള്‍ ഇത്തരക്കാര്‍ തന്നെയായിരിക്കും. അബൂക്കറിനേയും അബ്ദുര്‍റഹ്മാനിബ്നു ഔഫിനേയും പോലുള്ള വിരലിലെണ്ണാവുന്ന ചിലരെ മാറ്റി നിര്‍ത്തിയാല്‍, തിരുനിയുടെ അനുചരവൃന്ദത്തില്‍ ഏറെയും ദരിദ്രരായിരുന്നു. അതുപോലെതന്നെ ഹദ്റത്ത് അഹ്‌മദി (അ)ന്‍റെ അനുയായികളിലും ഭൂരിഭാഗം പേരും സമൂഹ ത്തിലെ സാധാരണക്കാരും നിസ്സാരന്മാരുമായി ഗണിക്കപ്പെടുന്ന ആളുകളായിരുന്നു. പക്ഷേ, സമൂഹദൃഷ്ടിയില്‍ നിസ്സാരന്മാരായ അവര്‍, നബി(സ)ന്‍റെ സ്വഹാബാക്കളെപ്പോലെ, ലോക ത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറുന്നുവെന്നതും എത്രമേല്‍ അത്ഭുതകരമല്ല!
ഏഴാമത്തെ ചോദ്യം:അനുയായികളുടെ എണ്ണം
*********************************************************
ഹിര്‍ഖല്‍: അവര്‍ എണ്ണത്തില്‍ കൂടുന്നുവോ അതോ കുറയുന്നവോ?
അബൂസുഫ്‌യാന്‍: കൂടുന്നു.
പ്രതികരണം: ഒരു പ്രവാചകന്‍ തന്‍റെ ലക്ഷ്യത്തില്‍ എത്തുവോളം അനുയായികള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
ഹദ്റത് മസീഹ് മൗഊദി(അ)ന്‍റെ കൈയ്യില്‍ ആദ്യം ബയ്അത്ത് ചെയ്തവര്‍ കേവലം 40 പേര്‍ മാത്രമായിരുന്നു. അത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ആ മഹാത്മന്‍റെ വിയോഗവേളയില്‍ അഞ്ച് ലക്ഷം പേര്‍ അഹ്‌മദികളായിട്ടുണ്ടായിരുന്നു. ഇന്ന് അത് 182 രാഷ്ട്രങ്ങളിലായി കോടികളില്‍ എത്തിയിരിക്കുന്നു.
എട്ടാമത്തെ ചോദ്യം: മതനിരാസം
******************************************
ഹിര്‍ഖല്‍ : അദ്ദേഹത്തിന്‍റെ അനുയായികള്‍ മതത്തോടുള്ള അവജ്ഞ നിമിത്തം തങ്ങളുടെ ആദ്യവിശ്വാസത്തിലേക്ക് മടങ്ങിക്കളയാറുണ്ടോ?
അബൂസുഫ്‌യാന്‍: ഇല്ല.
പ്രതികരണം: പ്രവാചകശിഷ്യന്മാര്‍ പൊതുവേ സ്ഥിരചിത്തരാണ്. മറ്റെന്തെങ്കിലും കാരണത്താല്‍ അവര്‍ വ്യതിചലിച്ചേക്കാമെങ്കിലും മതത്തോടുള്ള വെറുപ്പ് കാരണമായി അതുപേക്ഷിക്കാന്‍ തയ്യാറാകുന്നതല്ല. അഹ്‌മദികളിലും ഈയൊരവസ്ഥ കാണാന്‍ സാധ്യമല്ല. ഏതെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലല്ലാതെ, വിശ്വാസത്തിന്‍റെ പേരില്‍ ആരും അഹ്‌മദിയ്യത്ത് ഉപേക്ഷിക്കുന്നില്ല. നബി(സ)ന്‍റെ വഹ്‌യ് എഴുത്തുകാരന്‍ ഇസ്ലാം മതം ഉപേക്ഷിച്ചിട്ടുണ്ടായിരുന്നു. അഹങ്കാരത്തിന്‍റെയും അനുസരണക്കേടിന്‍റേയും പര്യായമായി, അത്തരത്തില്‍പ്പെട്ട ആരെങ്കിലും ജമാഅത്തില്‍ നിന്ന് പുറത്തുപോകുന്നുവെന്നല്ലാതെ വിശ്വാസത്തിന്‍റെ പേരില്‍ആരും ഹദ്റത്ത് അഹ്‌മദി (അ)നെ ഉപേക്ഷിക്കുന്നില്ല. മറ്റൊരു സംഗതി, ജമാഅത്തില്‍ നിന്ന് വിട്ടുപോകുന്നവര്‍, ജമാഅത്തിപരമായ ഇസ്ലാമിക ചട്ടക്കൂടുകള്‍ ക്കുള്ളില്‍ കഴിയാന്‍ വിമ്മിട്ടമുള്ളവരും ലോകത്തിന്‍റെ സുഖലോലുപതകളെ സ്വീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭൗതികരും മാത്രമാണ്. അതല്ലെങ്കില്‍ വ്യക്തമായ സ്വഭാവ ദൂഷ്യത്തിന് പുറത്താക്കപ്പെടുന്നവരാണ്. സീറൂഫില്‍ അര്‍ളി ഫ കയ്ഫ കാന ആഖി ത്തുല്‍ മുകദ്ദിബീന്‍ (16:36) നിങ്ങള്‍ ഭൂമിയില്‍ ചുറ്റി സഞ്ചരിച്ച് നോക്കൂ, കളവാക്കിയവരുടെ പര്യാവസാനം എങ്ങനെയായിരുന്നുവെന്ന്!
ഒമ്പതാമത്തെ ചോദ്യം:കരാര്‍ പാലനം
**********************************************
ഹിര്‍ഖല്‍ : അദ്ദഹം കരാര്‍ നിബന്ധനകള്‍ എപ്പോഴെങ്കിലും ലംഘിക്കുകയുണ്ടായോ?
അബൂസുഫ്‌യാന്‍: ഇതുവരെ ഇല്ലെന്ന് പറയാം...
പ്രതികരണം: പ്രവാചകന്മാര്‍ അങ്ങനെയാണ്, അവര്‍ വഞ്ചന കാണിക്കുകയില്ല.
ഹദ്റത് അഹ്‌മദി(അ)ന്‍റെ ജീവിതവും തുറന്ന പുസ്തകം കണക്കെ ലോകത്തിന് മുന്നിലുണ്ട്. വഞ്ചനയും ചതിയും ആ മഹാത്മന്‍ ചെയ്തിട്ടിെല്ലന്നതിന് ആ സംശുദ്ധ ജീവിതം സാക്ഷ്യം നല്‍കുന്നു. 'ബറാഹീനെ അഹ്‌മദിയ്യാ'യെ ക്കുറിച്ച്, 50 വാള്യം എഴുതുമെന്ന് പ്രഖ്യാപിച്ച് പൈസ സ്വരു കൂട്ടിയെന്നും അത് പൂര്‍ത്തിയാക്കിയിെല്ലന്നും ആക്ഷേപമുന്നയിക്കുന്നവരുണ്ട്. എന്നാല്‍ അദ്ദേഹം താന്‍ 50 വാള്യങ്ങളുള്ള ഗ്രന്ഥം പ്രസിദ്ധീകരിക്കുമെന്ന യാതൊരു വാഗ്ദാനവും ആദ്യവാള്യത്തില്‍ നല്‍കിയിരുന്നില്ല. മറിച്ച്, വിശുദ്ധ ഖുര്‍ആന്‍റേയും നബി(സ) തിരുമേനിയുടേയും സത്യത്തിലേക്ക് 300 പ്രബലങ്ങളായ തെളിവുകള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു ബൃഹത് ഗ്രന്ഥം ഖണ്ഡശഃ പ്രസിദ്ധീകരിക്കുമെന്ന് മാത്രമേ വെളിപ്പെടുത്തിയിരുന്നുള്ളൂ. ആദ്യ നാല് ഭാഗത്തിനുശേഷം, വേംഗിതപ്രകാരം, ബാക്കിഭാഗങ്ങള്‍ ഒഴിവാക്കുകയും 1905-ല്‍ 5-ാം ഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്തു. 'ബറാഹീനെ അഹ്‌മദിയ്യാ' പ്രസിദ്ധം ചെയ്യുന്നതിന് തന്‍റെ വിളംബരപ്രകാരം സഹായമായും മുന്‍കൂറായും പൈസ നല്‍കിയവരെ സംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ വിളംരപ്പെടുത്തി:
"ഞാന്‍ അവരുടെ പണം എടുത്തു പറ്റിക്കളഞ്ഞു എന്ന് വിചാരിക്കുന്നവര്‍ ദയവുണ്ടായി എന്നെ അക്കാര്യം അറിയിക്കട്ടെ. ആ സംഖ്യക്ക് അവര്‍ക്ക് കിട്ടിയ പുസ്തകങ്ങള്‍ മടക്കിവാങ്ങിയിട്ട് സംഖ്യ തിരികെ കൊടുക്കുന്നതിന് ഞാന്‍ ഏര്‍പ്പാട് ചെയ്യുന്നതാണ്. അത്തരക്കാര്‍ എന്നെ ആക്ഷേപിക്കുകയോ, അധിക്ഷേപിക്കുകയോ ചെയ്യുന്നുവെങ്കില്‍, അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാനവര്‍ക്ക് ക്ഷമിച്ചുകൊടുക്കുന്നു. എന്നോട് ചെയ്ത തെറ്റിന് നാളെ ന്യായവിസ്താരനാളില്‍ അവര്‍ പിടിക്കപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല." (തബ്ലീഗെ രിസാല)
ഈ പ്രസ്താവന ആ മഹാത്മജന്‍, പലവുരു ആവര്‍ത്തിച്ചു. പൈസ ആവശ്യപ്പെട്ടവര്‍ക്ക് അത് തിരികെ കൊടുക്കുകയും ചെയ്തു. ചുരുക്കത്തില്‍, ഹിര്‍ഖല്‍ മുന്നോട്ട് വെച്ച കരാര്‍ പാലനത്തിന്‍റെ മാനദണ്ഡവും വെള്ളിവെളിച്ചം കണക്കെ ഹദ്റത് അഹ്‌മദി (അ)ന്‍റെ ജീവിതത്തില്‍ പുലര്‍ന്നു കാണുന്നു.
പത്താമത്തെ ചോദ്യം: യുദ്ധം
************************************
ഹിര്‍ഖലിന്‍റെ അടുത്ത ചോദ്യം യുദ്ധത്തെക്കുറിച്ചായിരുന്നു. നബി(സ), ഇമാം മഹ്ദി 'യളഉല്‍ ഹര്‍ബു' (വാളുകൊണ്ടുള്ള യുദ്ധം നിര്‍ത്തല്‍ ചെയ്യും) എന്ന് ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. അതേസമയം തെളിവുകളുടേയും സത്യസാക്ഷ്യങ്ങളുടേയും രംഗത്ത് നാവുകൊണ്ടും തൂലിക കൊണ്ടുമുള്ള ജിഹാദില്‍ ഹദ്റത്അഹ്‌മദി (അ)ന്‍റെ പടനായകത്വം ഇന്നും അനിഷേധ്യമാണ്. ആ മഹാത്മന്‍റെ ബദ്ധവൈരിയായിത്തീര്‍ന്ന് അഹ്ലെ ഹദീസ് നേതാവ് മൗലവി മുഹമ്മദ് ഹുസയിന്‍ ബട്ടാലവി പറയുന്നത് ഇവിടെ ശ്രദ്ധാര്‍ഹമാണ്: "ധനം കൊണ്ടും ദേഹം കൊണ്ടും തൂലികകൊണ്ടും പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും ഈ ഗ്രന്ഥകര്‍ത്താവിനെപ്പോലെ (ബറാഹീനെഅഹ്‌മദിയ്യയുടെ കര്‍ത്താവായ ഹദ്റത് അഹ്‌മദ് (അ) - ലേഖ) ഇസ്ലാമിനുവേണ്ടി സേവനം ചെയ്തിട്ടുള്ള വര്‍ പൂര്‍വിക മുസ്ലിംകളില്‍പ്പോലും വളരെ വിരളമായേ കാണപ്പെടുകയുളളൂ...." (ഇശാഅത്തുസ്സുന്ന:)
സുപ്രസിദ്ധ പണ്ഡിതനും, മുഫസ്സിറും, ഒന്നാമത്തെ ഇന്ത്യാ വിദ്യാഭ്യാസവകുപ്പ് മന്ത്രിയുമായിരുന്ന മൗലാനാ അുല്‍ കലാം ആസാദ് എഴുതുന്നു:
"അദ്ദേഹം ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്കെതിരില്‍ വിജയശ്രീലാളിതനായ ഒരു സേനാപതിയുടെ ഭാഗമാണ് പൂര്‍ത്തിയാക്കിക്കൊണ്ടിരുന്നത്...... മിര്‍സാ സാഹിിന്‍റെ സാഹിത്യം, ക്രിസ്ത്യാനികള്‍ക്കും ആര്യസമാജികള്‍ക്കുമെതിരില്‍ പുറത്തുവന്ന ആ സാഹിത്യം, പൊതുജനസമ്മതി നേടിക്കഴിഞ്ഞിട്ടുള്ളതാണ്... മിര്‍സാ സാഹിബിന്‍റെ ഈ പ്രതിരോധമാകട്ടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ തണലില്‍ കഴിഞ്ഞുകൊണ്ട് സാമ്രാജ്യ ശക്തിയുടെ ജീവന്‍ തന്നെയായി മാറിയ ക്രിസ്തുമതത്തിന്‍റെ ആദ്യകാല പ്രഭാവത്തെ കാറ്റില്‍ പറത്തുകയും അങ്ങനെ ആയിരക്കണക്കില്‍ ലക്ഷക്കണക്കില്‍ മുസ്ലിംകള്‍ അതിന്‍റെ കൂടുതല്‍ ഭയാനകവും ആസൂത്രിതവുമായ ആക്രമണത്തിന്‍റ സ്വാധീനത്തില്‍ നിന്നു രക്ഷപ്രാപിക്കുമാറാകയും ചെയ്തു. അതോടൊപ്പം ക്രിസ്തുമതത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യം വെറും പുകയായി മങ്ങിമറിഞ്ഞു തുടങ്ങി. ചുരുക്കത്തില്‍, മിര്‍സാ സാഹിിന്‍റെ ഈ സേവനം വരുന്ന തലമുറകള്‍ക്ക് കനപ്പെട്ട സംഭാവനയായിത്തന്നെയിരിക്കും. എന്തെന്നാല്‍, തൂലിക മുഖേനയുള്ള ജിഹാദ് നടത്തുന്നവരുടെ ആദ്യത്തെ നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചുകൊണ്ട് അദ്ദേഹം ഇസ്ലാമിന്‍റെ ഭാഗത്ത് പ്രതിരോധ ധര്‍മ്മം നിര്‍വഹിക്കുകയും മുസല്‍മാന്‍ മാരുടെ സിരകളില്‍ ജീവരക്തമോടുന്നേടത്തോളം കാലം, ഇസ്ലാം മതസംരക്ഷണത്തിനുള്ള അഭിനിവേശം സമുദായലക്ഷണമായി പരിലസിക്കുന്നടേത്തോളം കാലം നിലനില്‍ക്കുമാറുള്ള ഒരു സാഹിത്യസ്മാരകം ഒരുക്കിവെയ്ക്കുകയും ചെയ്തിരിക്കുന്നു.... എല്ലാ മതങ്ങള്‍ക്കും എതിരില്‍ ഇസ്ലാമിനെ വിജയിപ്പിച്ചുകാണിക്കാനുള്ള അനാദൃശമായ കഴിവും അേദ്ദഹത്തിനു സ്വായത്തമായിരുന്നു."
പതിനൊന്നാമത്തെ ചോദ്യം: ഉപദേശങ്ങള്‍
****************************************************
ഹിര്‍ഖല്‍: എന്താണ് അദ്ദേഹത്തിന്‍റെ പാഠങ്ങള്‍?
അബൂസുഫ്‌യാന്‍: ഏകദൈവത്തെ ആരാധിക്കുക. അവനില്‍ ആരെയും പങ്കുചേര്‍ക്കരുത്. വിഗ്രഹങ്ങളെ വര്‍ജിക്കുക. സത്യം മാത്രമേ പറയാവൂ. എല്ലാ ദുഷ്കൃത്യങ്ങളും ദുരാചാരങ്ങളും ഉപേക്ഷിക്കുക. അന്യോന്യം നന്മ ചെയ്യുക, പ്രതിജ്ഞകള്‍ പാലിക്കുക, കരാറുകള്‍ പൂര്‍ത്തിയാക്കുക.
പ്രതികരണം:ഇതുതന്നെയാണ് സദ്ധര്‍മമാര്‍ഗം. ഒരു പ്രവാചകന്‍ എന്നുള്ള അദ്ദേഹത്തിന്‍റെ വാദം സത്യമാണെന്ന് എനിക്ക് തോന്നുന്നു...
ഹദ്റത്ത് അഹ്‌മദ് (അ) ലോകത്തിന് മുന്നില്‍ വെച്ച ഉപദേശനിര്‍ദ്ദേശങ്ങള്‍ നബി(സ)ന്‍റെ തിരുവചനങ്ങള്‍ക്കെതിരല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. തന്‍റെ അനുയായി വൃന്ദത്തോട് പറഞ്ഞ ബയ്അത്തിന്‍റെ പത്ത് കല്‍പനകള്‍ ഹദ്റത്ത് അഹ്‌മദി (അ)ന്‍റെ സദ്ധര്‍മമാര്‍ഗത്തെ പ്രഘോഷിക്കുന്നു. ആ പത്ത് നിര്‍ദ്ദേശങ്ങളും വിശുദ്ധ ഖുര്‍ആന്‍റെയും തിരുനബി സുന്നത്തിന്‍റെയും രത്നചുരുക്കങ്ങളാണ്.
ചുരുക്കത്തില്‍, ഹദ്റത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയുടെ നുബുവ്വത്തിന്‍റെ സത്യസാക്ഷ്യം മനസ്സിലാക്കാന്‍ ഹിര്‍ഖല്‍ മുന്നോട്ട്
വെച്ച മാനദണ്ഡങ്ങള്‍ പ്രവാചകപ്രഭുവിന്‍റെ ഭക്തദാസനിലും പുലര്‍ന്നു കാണുന്നു. ആ മഹാത്മന്‍ പറയുന്നു:
"മന്‍ ഫര്‍റഖ ബയ് നീ വ ബയ്നല്‍ മുസ്തഫ മാ അറഫനീ വമാ റആ"
എനിക്കും മുത്ത് മുസ്തഫാ തിരുമേനിക്കുമിടയില്‍ വ്യത്യാസം കല്‍പ്പിക്കുന്നവന്‍, ഞാനും തിരുമേനിയും വെവ്വേറെയാണെന്ന് ധരിക്കുന്നവന്‍ എന്നെ അറിഞ്ഞിട്ടില്ല, എന്നെ കണ്ടിട്ടുമില്ല, കാരണം:
“ദിഗര്‍ ഉസ്താദ് റാനാമെ നിദാനം
കെ ഖ്വാനിദം ദര്‍ ദബിസ്താനെ മുഹമ്മദ്”
എനിക്ക് മറ്റൊരു ഉസ്താദിനേയും അറിയില്ല. ഞാന്‍ മുഹമ്മദി(സ)ന്‍റെ മദ്റസയില്‍ നിന്നാണ് ജ്ഞാ നം സമ്പാദിച്ചത്! (ആയിനയേ കമാലാത്തെ ഇസ്ലാം)
“ശാഗിര്‍ദ് നെ ജോ പായാ
ഉസ്താദ്കി ദൗലത്ഹെ
അഹ്‌മദ് കൊ മുഹമ്മദ്സെ തു
കൈസെ ജൂദാ സമ്ജ്ജെ!”
ശിഷ്യന്‍ നേടിയതെല്ലാം ഗുരുവിന്‍റെ സമ്പത്താണ്.
അഹ്‌മദിനെ മുഹമ്മദില്‍ നിന്ന്
നിങ്ങളെങ്ങനെയാണ് വേറെയായി കരുതുന്നത്?
അവലംമാക്കിയ കൃതികള്‍
1. ബുഖാരി
2. തിരുനബി ചരിത്രം
3. ഹയാത്തെ ത്വയ്യിബ
4. ഹദ്റത്ത് അഹ്‌മദ് (അ) ഭാഗം: 1
5. ബദര്‍ 1995 ഡിസം: 21-28
6. ഖാദിയാനിസത്തിന്‍റെ വേരുകള്‍
7. അല്‍ഫസ്ല്‍ 1915 മാര്‍ച്ച് 23
8. ആയിനയേ കമാലാത്തെ ഇസ്ലാം
9. തദ്കിറത്തുശ്ശഹാദത്തൈന്‍
10. കലാമെ മഹ്മൂദ്
11. കിത്താുല്‍ ബരിയ്യ
12. ഖാദിയാനിസം
No comments:
Post a Comment