Wednesday, February 17, 2021

ഈസാനബി(അ)യുടെ പുനരാഗമനം ഖുര്‍ആന് വിരുദ്ധം

 ഈസാനബി(അ)യെക്കുറിച്ച് ക്രൈസ്തവ മതവിഭാഗങ്ങളും, മുസ്‌ലിംകളിലെ തന്നെ അവാന്തരവിഭാഗങ്ങളും വെച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ വിവരണാതീതമാണ്. മുസ്‌ലിംകള്‍ ഈസാനബി(അ)യെ കുറിച്ചുള്ള സത്യസന്ധമായവിശ്വാസം വിശുദ്ധ ഖുര്‍ആനില്‍ നിന്നാണ് സ്വീകരിക്കേണ്ടത് എന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷം സത്യം ഗ്രഹിക്കുവാന്‍ വിശുദ്ധ ഖുര്‍ആന്‍ വിവരണങ്ങളെ ആശ്രയിക്കുന്നതിന് പകരം വെറും കെട്ടുകഥകളെ പിന്‍പറ്റി അന്ധവിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന അതീവ ദുഃഖകരമായ കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. മുസ്‌ലിം പണ്ഡിത നേതാക്കളാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഈസാനബി(അ)യുടെ തിരിച്ചുവരവിനെതിരെ ഖുര്‍ആന്‍നല്‍കുന്ന താക്കീതുകളാണ് ഈലേഖനത്തിലെ പ്രതിപാദ്യ വിഷയം. വിശുദ്ധ ഖുര്‍ആന്‍ എന്തു പറയുന്നു. മുസ്‌ലിം ഭൂരിപക്ഷം എന്ത് വിശ്വസിക്കുന്നു എന്ന് പരിശോധിക്കാം.

ഈസാനബി(അ) അവസാനകാലത്ത് രണ്ട് മലക്കുകളുടെ ചുമലില്‍ കൈവെച്ച് ഡമാസ്കസിലെ വെള്ള മിനാരത്തില്‍ ഇറങ്ങി സുബ്ഹ് നമസ്കരിച്ചശേഷം മുസ്‌ലിംകളോടൊപ്പം ദജ്ജാലിനെ പിന്തുടര്‍ന്ന് ബാബുലുദ്ദില്‍ വെച്ച് സ്വന്തം കൈകൊണ്ട് വെട്ടിക്കൊല്ലും. പിന്നീട് ക്രൈസ്തവരെ അഭിമുഖീകരിച്ച് താന്‍ ദൈവപുത്രനല്ല, തന്നെ ക്രൂശിക്കുകയോ, താന്‍ കുരിശില്‍ വെച്ച് ശാപമൃത്യു വരിക്കുകയോ, താന്‍ യാതൊരുത്തന്‍റെയും പാപത്തെ പരിഹരിക്കുന്ന പ്രായശ്ചിത്തമാവുകയോ ഉണ്ടായിട്ടില്ലെന്ന് തുറന്ന് പ്രഖ്യാപിച്ച് ക്രൈസ്തവ മതത്തിന്‍റെ അടിത്തറ തകര്‍ത്ത് ക്രൈസ്തവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി ഇസ്‌ലാമിനെ വിജയിപ്പിക്കും എന്നും മറ്റുമാണ്.

അബുല്‍അ‌അ്‌ലാ മൗദൂദി സാഹിബിന്‍റെ ‘ഖത്തമുന്നുബുവ്വത്തി’ലെ വിവരണമാണ് മുകളില്‍ ഉദ്ധരിച്ചത്. ഹദീസുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഈസാനബിയുടെതിരിച്ചുവരവ് സ്ഥാപിച്ചിരിക്കുന്നത് എന്നും മൗദൂദി സാഹിബ് ഖത്തമുന്നുബുത്തിന്‍ സമര്‍ത്ഥിക്കുന്നു. ഹദീസുകള്‍ ഖുര്‍ആനോടു യോജിക്കുന്ന വിധം വ്യാഖ്യാനിക്കേണ്ടതിനുപകരം വാച്യാര്‍ത്ഥം നല്‍കിയത് കൊണ്ടുണ്ടായ അബദ്ധമാണ് ഈ ദുരവസ്ഥയില്‍ സമുദായത്തെ എത്തിച്ചിരിക്കുന്നത്. ഈസാനബി(അ)യുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള ക്രൈസ്തവ വിശ്വാസം തെറ്റാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും മുസ്‌ലിംകളും ക്രൈസ്തവരോടൊപ്പം ചേര്‍ന്ന് ഈസാനബി തിരിച്ചു വരുമെന്നാണ് വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. വിശുദ്ധ ഖുര്‍ആന്‍ ഈ ക്രൈസ്തവ വിശ്വാസത്തെ എങ്ങനെ ഖണ്ഡിക്കുന്നു എന്ന് പരിശോധിക്കാം.

ക്രൈസ്തവ വിശ്വാസവും, മുസ്‌ലിംകളുടെ വിശ്വാസവും മൗദൂദി സാഹിബ് വിവരിച്ചത് പോലെ ഈസാനബി(അ) അവസാനകാലത്ത് ഭൂമിയില്‍ തിരിച്ച് വന്നു മാര്‍ഗ്ഗദര്‍ശനം നല്‍കി എല്ലാ ജനവിഭാഗങ്ങള്‍ക്കും മോക്ഷപ്രാപ്തി നല്‍കും എന്നും ക്രൈസ്തവരുടെ ത്രിയേകത്വ വിശ്വാസത്തിന്‍റെ പൊള്ളത്തരം

വ്യക്തമാക്കി, താന്‍ ദൈവമോ, ദൈവപുത്രനോ അല്ലെന്നും തന്നെ ആരാധിക്കരുതെന്നും, തന്നെ വിളിച്ച് പ്രാര്‍ത്ഥിക്കരുതെന്നും വ്യക്തമാക്കി

ക്രൈസ്തവ വിശ്വാസത്തി ന്‍റെ അടിത്തറ തന്നെ തകര്‍ക്കും (ഖത്തമുന്നുബുവ്വത്ത് പേ 47) എന്നും മറ്റുമാണ്.

ഇതിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ എന്ത്  പറയുന്നു എന്ന് പരിശോധിക്കാം.

അന്നഹ്ല്‍ 36-ാം വചനം. ഈ ലോകത്ത് അല്ലാഹുവിന്ന് പങ്കാളികളെ നിശ്ചയിച്ചിരുന്നവര്‍ തങ്ങളുടെ കല്‍പിത പങ്കാളികളെ (മഹ്ശറയില്‍ വെച്ച്) കാണുമ്പോള്‍ പറയും. നാഥാ നിന്നെ വെടിഞ്ഞു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന പങ്കാളികള്‍ ഇവരാകുന്നു. അതിന് ആ പങ്കാളികള്‍ അവരോട് തുറന്നു ഉത്തരം പറയും നിങ്ങള്‍ കള്ളം പറയു

ന്നവരാകുന്നു.

ഇതിന്‍റെ വ്യാഖ്യാനത്തെക്കുറിച്ച് 83 ല്‍ മൗദൂദി സാഹിബ് വിശദീകരിക്കുന്നു. ആരാധ്യര്‍ പറയും "നിങ്ങള്‍ അല്ലാഹുവിനെ വിട്ട് ഞങ്ങളോട് പ്രാര്‍ത്ഥിക്കണമെന്ന് ഒരിക്കലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. നിങ്ങളുടെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ഞങ്ങള്‍ സംതൃപ്തരുമായിരുന്നില്ല. എന്നല്ല നിങ്ങള്‍ ഞങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നുവെന്ന വസ്തുതതന്നെ ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ഞങ്ങളെ വിളി കേള്‍ക്കുന്നവരും, പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നവരും, വിഷമങ്ങള്‍ അകറ്റുന്നവരുമാക്കി കല്‍പിച്ചിരുന്നുവെങ്കില്‍ അത് കളവ്മാത്രമാണ്. (തഫ്ഹിം പേ. 519).

ഈ ആയത്തിലും വ്യാഖ്യാനത്തിലും സമര്‍ത്ഥിച്ചിരിക്കുന്ന എല്ലാ ആരാധ്യരും തങ്ങളെ ആരാധിച്ചിരുന്നതിനെ അറിഞ്ഞിട്ടേ ഇല്ലെന്ന് പറഞ്ഞ്

നിഷേധിക്കും എന്നാണ്. ഇതേആശയം സുറ യുനുസിലും വ്യക്തമാക്കുന്നു.

അവരുണ്ടാക്കിയ പങ്കാളികള്‍ പറയും. നിങ്ങള്‍ ഞങ്ങള്‍ക്ക് ഇബാദത്ത് ചെയ്തിരുന്നില്ല. നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ അല്ലാഹു മതി. (നിങ്ങള്‍ ഞങ്ങള്‍ക്ക് ഇബാദത്ത് ചെയ്തിരുന്നുവെങ്കില്‍തന്നെ) ആ ഇബാദത്തിനെക്കുറിച്ച് ഞങ്ങള്‍ തികച്ചും അശ്രദ്ധരായിരുന്നു. (തഫ്ഹിം. പേ. 260).

ഈ ആയത്തുകളുടെ വ്യാഖ്യാനകുറിപ്പില്‍ മൗദുദി സാഹിബ് വ്യാഖ്യാനിക്കുന്നത് കാണുക. "അതായത്, ഇഹലോകത്ത് ദേവന്മാരും ദേവി

കളും ആയി കരുതി പൂജിക്കപ്പെട്ടിട്ടുള്ള മലക്കുകള്‍, സാക്ഷാല്‍ ദൈവത്തിന് മാത്രം വകവെച്ച് കൊടുേക്കണ്ട ദൈവികാവകാശങ്ങള്‍ അവന്‍റെ പങ്കാളികള്‍ എന്ന നിലയില്‍ വകവെച്ച് കൊടുക്കപ്പെട്ടിട്ടുള്ള ഭൂതങ്ങള്‍, പ്രേതങ്ങള്‍, പൂര്‍വ്വപിതാക്കള്‍, നബിമാര്‍, ഔലിയാക്കള്‍, ശുഹദാക്കള്‍ മുതലായ എല്ലാവരും അവരുടെ ആരാധകരോട് അവിടെ തുറന്നു പറയും.

"നിങ്ങള്‍ ഞങ്ങളെ ആരാധിക്കുന്ന വിവരം തന്നെ ഞങ്ങള്‍ക്കറിയില്ലായിരുന്നു. (തഫ്ഹീം പേ. 262).

നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിച്ച ഖുര്‍ ആന്‍ വിവരണത്തില്

അമാനി മൗലവി സാഹിബ് ഈ ആയത്തുകളുടെ വ്യാഖ്യാനം കൊടുത്തത്

വായിക്കുക. "നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല. അഥവാ ഞങ്ങള്‍ അതിനു കല്‍പിക്കുകയോ, അനുവദിക്കുകയോ അതറിയുകയോ ചെ യ്തിട്ടില്ല. ഇതിന് അല്ലാഹു സാക്ഷിയാണ്

(അമാനി വ്യാഖ്യാനം പേ 1401).

സൂറ: മറിയം 81, 82 ആയത്തുകളഉടെ വ്യാഖ്യാനത്തില്‍ മൗദൂദി സാഹിബ് വിവരിക്കുന്നത് കൂടി വായിക്കുക. "ഞങ്ങളൊരിക്കലും ഇവരോട് ഞങ്ങളെ ആരാധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഈ വിഡ്ഢികള്‍ ഞങ്ങളെ ആരാധിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന വിവരം പോലും ഞങ്ങളറിഞ്ഞിരുന്നില്ല എന്ന് ബഹുദൈവാരാധ്യര്‍ പറയുമെന്നര്‍ത്ഥം (തഫ്ഹിം പേ 78. വ്യാഖ്യാനകുറിപ്പ് 50).

ബഹുദൈവാരാധ്യര്‍ ആരാധനയെ നിഷേധിക്കുക തന്നെ ചെയ്യും എന്ന് ഖുര്‍ആന്‍ ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് നാം കണ്ടു. വ്യാഖ്യാനങ്ങളില്‍ അബുല്‍അഅ്മൗദൂദി സാഹിബും, അമാനി മൗലവി സാഹി ബും 'ആരാധ്യര്‍ ആരാധിക്കുന്ന വിവരമേ അറിയില്ലെന്ന് പ്രഖ്യാപിക്കും' എന്നതും നാം വായിച്ചു. ഇനി നമുക്ക് പരിശോധിക്കാനുള്ളത് ഈസാനബി(അ) ഈ ആരാധ്യരില്‍ ഉള്‍പ്പെടാതിരിക്കുമോ ഇല്ലെ എന്നത് മാത്രമാണ്.

മഹ്ശറയില്‍ വെച്ച് ബഹുദൈവാരാധകരായക്രൈസ്തവരുടെ തെറ്റായ വിശ്വാസങ്ങളെയും, ആരാധനകളെയും അവരെ ബോധ്യപ്പെടുത്തുന്ന സന്ദര്‍ഭം ഇല്ലാതെ അവരെ അങ്ങനെ നരകശിക്ഷക്ക് വിധിക്കും. നിശ്ചയമായും ഈസാനബിയും ക്രൈസ്തവരുടെ മുഖത്ത് നോക്കി നിങ്ങള്‍ എന്നെ ആരാധിച്ചിരുന്നതോ, വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നതോ, ദൈവപുത്രനാക്കിയതോ ഒന്നും ഞാനറിഞ്ഞിട്ടേ ഇല്ലെന്നു പറയും എന്ന് വിശ്വസിക്കല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നപ്രകാരം തന്നെ സംഭവിക്കുമെങ്കില്‍ മൗദൂദി സാഹിബ് ഖത്തമുന്നുബവ്വത്തില്‍, ഈസാനബി(അ) ഇറങ്ങിവന്ന് ക്രൈസ്തവരെ അഭിമുഖീകരിച്ച് താന്‍ ദൈവപുത്രനല്ല, തന്നെ ആരും ക്രൂശിക്കുകയോ, താന്‍ യാതൊരുത്തന്‍റെയും പാപത്തെ പരിഹരിക്കുന്ന പ്രായശ്ചിത്തമാവുകയോ ഉണ്ടായിട്ടില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് സമര്‍ത്ഥിച്ചിട്ടുള്ളത് ശുദ്ധമായ അബദ്ധമാണെന്ന് സമ്മതിക്കേണ്ടി വരും. അതുമല്ലെങ്കില്‍ ഈസാനബി(അ) ആരാധനയെ കണ്ടറിഞ്ഞ് ബോദ്ധ്യപ്പെട്ടശേഷം മഹ്ശറയില്‍ വെച്ച് കള്ളം പറയും എന്ന് വിശ്വസിക്കേണ്ടി വരും. അതുമല്ലെങ്കില്‍ ഖുര്‍ആനിക ആയത്തില്‍ അല്ലാഹുവിന് തെറ്റുപറ്റി എന്ന വിശ്വസിക്കേണ്ടി വരും.

ചുരുക്കത്തില്‍, ഈസാനബി(അ) തിരിച്ചുവരും, ക്രൈസ്തവരെ നേര്‍മാര്‍ഗ്ഗത്തിലാക്കും, ഇസ്‌ലാമിനെ വിജയിപ്പിക്കും എന്നിത്യാദി വിശ്വാസങ്ങള്‍ എല്ലാം വിശുദ്ധ ഖുര്‍ആനിലെ അനേകം ആയത്തുകള്‍ക്ക് വിരുദ്ധമാണ് എന്ന സത്യം മുസ്‌ലിംകള്‍ മനസ്സിലാക്കി തിരുത്തുവാന്‍ തയ്യാറാകാത്തപക്ഷം ദൈവികശിക്ഷ തുടര്‍ന്നുകൊണ്ടേ ഇരിക്കും. വിശ്വാസവും, കര്‍മ്മങ്ങളും വിശുദ്ധ ഖുര്‍ആനിനോട് യോജിക്കുന്നവയാണെന്ന് ഉറപ്പുവരുേത്തണ്ടത് ഓരോ മുസ്‌ലിം മിന്‍റെ കടമയാണ്. ഖുര്‍ആനിക സത്യങ്ങള്‍ മാത്രം വിശ്വസിക്കാനും എതിരായവ ഉപേക്ഷിക്കുവാനും അല്ലാഹു തൗഫിഖ് നല്‍കട്ടെ. ആമീന്‍.

മരിച്ചുപോയ പ്രവാചകന്മാരെയും പുണ്യാത്മാക്കളേയും ജനങ്ങള്‍ ആരാധിച്ച വിവരം അവര്‍ അറിഞ്ഞിരുന്നില്ല എന്ന് പരലോകത്തെ വിചാരണവേളയില്‍ അവര്‍ പറയുമെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പറയുന്നു. എന്നിരിക്കെ ഈസാനബി(അ) രണ്ടാമതും ഭൂമിയില്‍ വന്ന് തന്നെ ആരാധിക്കുന്നത് കാണുകയും പിന്നീട് പരലോകത്ത് വെച്ച് ഞാനതൊന്നും അറിഞ്ഞിട്ടില്ല എന്ന് പറയുകയും ചെയ്യുന്നത് വൈരുദ്ധ്യമല്ലേ?

No comments: