Wednesday, February 17, 2021

ഇസ്‌ലാമിക ഖിലാഫത്തിന്‍റെ പുനരുദയം

 വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട മഹത്തായ ദൈവിക പാരിതോഷികമാണ് ഖിലാഫത്ത് വ്യവസ്ഥിതി. ജനങ്ങള്‍ ആധികാരികമായി സന്മാര്‍ഗത്തിലൂടെ നയിക്കപ്പെടാനുള്ള ദൈവിക സംവിധാനമാണത്. അഥവാ അല്ലാഹുവില്‍നിന്നു മാര്‍ഗദര്‍ശനം സിദ്ധിച്ച ജനനായകരാണ് ഖലീഫമാര്‍. ഇസ്‌ലാമിക സാങ്കേതികഭാഷയില്‍ ആരുടെയെങ്കിലും പ്രാതിനിധ്യത്തില്‍ വരുന്ന ആള്‍ക്കാണ് ഖലീഫ എന്നു പറയുന്നത്. ഒരു പ്രവാചകന്‍റെ വിയോഗാനന്തരം ആ പ്രവാചകന്‍റെ ആത്മീയ പ്രാതിനിധ്യം ഏറ്റെടുത്തുകൊണ്ട് വിശ്വാസികളെ നയിക്കുന്ന ഖലീഫക്ക് ഖലീഫത്തുര്‍റസൂല്‍ (പ്രവാചകന്‍റെ പ്രതിനിധി) എന്നു പറയുന്നു. പ്രവാചകന്‍റെ ഗുണങ്ങളെ സ്വാംശീകരിച്ച് കൊണ്ട് അദ്ദേഹത്തിന്‍റെ പ്രതിരൂപമായി നിലകൊള്ളുന്ന ആളാകുന്നു യഥാര്‍ത്ഥത്തില്‍ ഖലീഫത്തുര്‍റസൂല്‍. ഇത്തരം ഖലീഫമാര്‍ എല്ലാ പ്രവാചകന്മാരുടെ കാലശേഷവുമുണ്ടായിട്ടുണ്ടെന്ന് തിരു ഹദീസുകളില്‍ നിന്നു മനസ്സിലാവുന്നു. ഈ ഖലീഫമാരെ തിരഞ്ഞെടുക്കുന്നത് പ്രത്യക്ഷത്തില്‍ സത്യവിശ്വാസികളാണെങ്കിലും അതിന്‍റെ പിന്നില്‍ വര്‍ത്തിക്കുന്നതും ഖിലാഫത്തിനെ നിലനിറുത്തുന്നതും അല്ലാഹു തന്നെയാണ്. കാരണം താനാണ് ഖലീഫയെ നിലനിറുത്തുന്നതെന്നത്രെ അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ പ്രവാചകന്മാരാല്‍ ഉല്‍ബുദ്ധരാക്കപ്പെട്ട സത്യവിശ്വാസികള്‍ സല്‍കര്‍മ്മികളും ഈമാനുള്ളവരുമായിരിക്കേണ്ടത് ഖിലാഫത്തിന്‍റെ നിലനില്പിന് അനിവാര്യമാകുന്നു. വിശ്വാസികള്‍ ഖിലാഫത്തിന്‍റെ മഹത്വത്തെയും പ്രാധാന്യത്തെയും വിലമതിക്കുന്നത്രയും കാലം ഈ പാരിതോഷികവും താനവരില്‍ സ്ഥിരപ്പെടുത്തുമെന്നതാണ് ഇതുവഴി അല്ലാഹു ഇച്ഛിക്കുന്നത്.

ഖിലാഫത്തിനെക്കുറിച്ച് ഖുര്‍ആനില്‍ ഹദ്റത്ത് മുഹമ്മദു നബി(സ)യുടെ അനുഗൃഹീത സമുദായത്തില്‍ ഖിലാഫത്തുണ്ടാകുമെന്ന സുവിശേഷം അല്ലാഹു നല്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അല്ലാഹു പറയുകയാണ്.

"നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങളില്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട്,

അവര്‍ക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയതുപോലെ തീര്‍ച്ചയായും അവരെയും ഭൂമിയില്‍ ഖലീഫമാരാക്കുകയും അവര്‍ക്കായി അവന്‍ തൃപ്തിപ്പെട്ട മതത്തെ അവര്‍ക്ക് പ്രബലപ്പെടുത്തി കൊടുക്കുകയും അവരുടെ ഭയത്തിനുശേഷം രക്ഷയും സമാധാനവും അവര്‍ക്ക് പകരം നല്കുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ എന്നെ മാത്രം ആരാധിക്കുന്നതാണ്. എന്നോട് മറ്റൊന്നിനെയും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും നിഷേധിക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍. (വി.ഖു. 24:56).

ഈ ഖുര്‍ആനിക വചനത്തില്‍ മുന്‍സമുദായങ്ങളില്‍ അല്ലാഹു ഖിലാഫത്തിനെ നല്കി അനുഗ്രഹിച്ചിരുന്നതുപോലെ മുസ്‌ലിം ഉമ്മത്തില്‍ ഈമാനുള്ളവരും സല്‍കര്‍മ്മികളുമായ യഥാര്‍ത്ഥ വിശ്വാസി

കളിലും ഖിലാഫത്ത് എന്ന അനുഗൃഹീതവ്യവസ്ഥയെ അവന്‍ നിലനിറുത്തിക്കൊടുക്കുന്നതാണെന്നും അതുമുഖേന അവര്‍ക്ക് സമാധാനവും നിര്‍ഭയാവസ്ഥയും നല്കുന്നതാണെന്നും വ്യക്തമായി വിവരിച്ചിരിക്കുന്നു. ബനു ഇസ്റാഈല്യരില്‍ മൂസാനബിക്ക്ശേഷം എപ്രകാരം ഖലീഫമാരെ നിശ്ചയിച്ചുവോ അതുപോലെ മുസ്‌ലിം സമുദായത്തിലും ഖലീഫമാരെ നിശ്ചയിക്കുമെന്നാണ് "അവര്‍ക്ക് മുമ്പേയുള്ളവരെ ഖലീഫമാരാക്കിയതുപോലെ" എന്നു പറഞ്ഞതിന്‍റെ സാരം. മേലുദ്ധരിച്ച ഖുര്‍ആനികവചനം ഇസ്‌ലാമില്‍ ഖിലാഫത്തുണ്ടാകുന്നതിനെ സംബന്ധിച്ചാണെന്ന് പൂര്‍വ്വകാല വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ വാഗ്ദാനത്തിന്‍റെ സാക്ഷാല്‍ക്കാരമെന്നോണം നബി(സ) തിരുമേനിയുടെ വിയോഗാനന്തരം തുടര്‍ച്ചയായി ഖലീഫമാര്‍ ഉണ്ടായി. അവരില്‍ ഹദ്റത്ത് അബൂക്കര്‍ സിദ്ദീഖ്(റ) ഹദ്റത്ത് ഉമറുബ്നുഖത്താബ്(റ) ഹദ്റത്ത് ഉഥ്മാനുബ്നു അഫ്ഫാന്‍ (റ) ഹദ്റത്ത് അലിയ്യുബ്നു അബീത്താലിബ് (റ) എന്നീ നാലു ഖലീഫമാര്‍, ഖുലാഫാഉര്‍റാശിദീന്‍ അഥവാ സന്മാര്‍ഗികളായ ഖലീഫമാര്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. എന്നുവെച്ചാല്‍ നബി(സ) തിരുമേനിയുടെ ആത്മീയ പ്രാതിനിധ്യ സ്വഭാവം ശരിക്കും തങ്ങളില്‍ പ്രതിഫലിപ്പിച്ചിരുന്ന ഖലീഫമാരായിരുന്നു അവര്‍. അല്ലാഹുവിന്‍റെ അനുഗ്രഹവും ആശിര്‍വാദവും ലഭിച്ചിരുന്ന  നുഗൃഹീത ഖിലാഫത്തായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ സന്മാര്‍ഗികളായ ആ ഖലീഫമാരുടെ കാലത്ത് മുസ്‌ലിംകളില്‍ നാനാവിധത്തിലുള്ള പുരോഗതികളും അഭിവൃദ്ധികളുമുണ്ടായി. ഹിജ്റാബ്ദം 41-ാം വര്‍ഷം ഹദ്റത്ത് അലിയുടെ കാലശേഷം ആ അനുഗൃഹീത ഖിലാഫത്ത് വ്യവസ്ഥ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുകയാണുണ്ടായത്. പിന്നീട് ഉമവിയ്യാ, അബ്ബാസിയ്യാ, ഉഥ്മാനിയ്യ എന്നീ വംശങ്ങളില്‍ മാറി മാറി രാജാധിപത്യരീതിയിലുള്ള പരമ്പരാഗത ഖിലാഫത്ത് തുടര്‍ന്നുവന്നു. ആത്മീയ സ്വഭാവം നാമമാത്രമായിരുന്നതിനാല്‍ ആ ഖിലാഫത്തുകള്‍ നബി(സ) തിരുമേനിയുടെ പ്രാതിനിധ്യമുള്ളതായിരുന്നില്ല. എങ്കിലും മുസ്‌ലിം ഖിലാഫത്ത് എന്ന പേരിലാണ് അവയും അറിയപ്പെട്ടിരുന്നത്. 1918 വരെ പരമ്പരാഗതവും നാമമാത്രവുമായ ആ ഖിലാഫത്ത് നിലനിന്നു. ഒന്നാം ലോകമഹായുദ്ധത്തോടെ അതവസാനിക്കുകയും ചെയ്തു.

ഇസ്‌ലാമിക ഖിലാഫഫത്തിന്‍റെ പുനരുദയം

തനിക്കുശേഷം ആദ്യം നുബുവ്വത്തിന്‍റെ രീതിയിലുള്ള യഥാര്‍ത്ഥ ഖിലാഫത്തുണ്ടാകുമെന്നും തുടര്‍ന്നത് നഷ്ടപ്പെടുമെങ്കിലും പില്‍ക്കാലത്ത് വീണ്ടും നുബുവ്വത്തിന്‍റെ രീതിയിലുള്ള ഖിലാഫത്തുണ്ടാകുന്നതാണെന്നും നബി(സ) തിരുമേനി വ്യക്തമായി പ്രവചിട്ടുണ്ട്. അബൂദര്‍ദാ(റ) നിവേദനം ചെയ്ത പ്രസ്തുത ഹദീസ് ഇപ്രകാരമാണ്.

"അല്ലാഹു ഇച്ഛിക്കുന്നിടത്തോളം നിങ്ങളില്‍ പ്രവാചകത്വം നിലനില്ക്കും. പിന്നെ അവന്‍ അതിനെഉയര്‍ത്തുകയും അവന്‍ ഇച്ഛിക്കുന്നിടത്തോളം പ്രവാചകത്വത്തിന്‍റെ മാര്‍ഗത്തിലുള്ള ഖിലാഫത്ത് നിലനില്ക്കുകയും ചെയ്യും. പിന്നെ അവന്‍ അതിനെ ഉയര്‍ത്തും. അനന്തരം അല്ലാഹു ഇച്ഛിക്കുന്നിടത്തോളം സ്വേച്ഛാധിപത്യം നിലനില്ക്കും. പിന്നെ അവന്‍ അതിനെ ഉയര്‍ത്തുകയും അവന്‍ ഇച്ഛിക്കുന്നിടത്തോളം ബലാല്‍ക്കാരപൂര്‍വമായ ഭരണം നിലനില്ക്കുകയും ചെയ്യും. പിന്നെ അല്ലാഹു അതിനും അന്ത്യം കുറിക്കും. പിന്നീട് പ്രവാചകത്വത്തിന്‍റെ മാര്‍ഗത്തിലുള്ള ഖിലാഫത്തായിരിക്കും ഉണ്ടായിരിക്കുന്നത്. അതിനുശേഷം നബി തിരുമേനി ഒന്നും പറഞ്ഞില്ല. (മിശ്ക്കാത്ത് - കിത്താബുര്‍രിഖാഖ്) വ്യക്തമായ ഈ പ്രവചനപ്രകാരം ആദ്യം 'ഖൈറെ ഉമ്മത്തില്‍' നബി(സ) തിരുമേനിയുടെ അനുഗൃഹീതമായ പ്രവാചകത്വം നിലനിന്നു. പിന്നീട് അല്ലാഹു അതിനെ ഉയര്‍ത്തിയപ്പോള്‍ അഥവാ നബിയുടെ വിയോഗം സംഭവിച്ചപ്പോള്‍ ഹദ്റത്ത് അബൂക്കര്‍(റ) ഹദ്റത്ത് ഉമര്‍(റ) ഹദ്റത്ത് ഉഥ്മാന്‍(റ) ഹദ്റത്ത് അലി(റ) തുടങ്ങിയവര്‍ മുഖേന പ്രവാചകത്വത്തിന്‍റെ മാര്‍ഗത്തിലുള്ള ഇസ്‌ലാമിക ഖിലാഫത്തിനെ അല്ലാഹു മുസ്‌ലിംകളില്‍ നിലനിറുത്തുകയുണ്ടായി. പിന്നീട് മുസ്‌ലിംകള്‍ക്കത് നഷ്ടമാവുകയും അവരില്‍ സ്വേച്ഛാധിപത്യത്തിന്‍റെയും ബലാല്‍ക്കാരത്തിന്‍റെയും സ്വഭാവത്തിലുള്ള ഭൗതിക ഭരണാധികാര

ങ്ങളുടെ കാലഘട്ടം അവശേഷിക്കുകയും ചെയ്തു. തുടര്‍ന്ന് നബി(സ) തിരുമേനിയുടെ ശ്രേഷ്ഠ സമുദായത്തില്‍ നിന്നു തിരുനിയെ പരിപൂര്‍ണ്ണമായും അനുധാവനം ചെയ്ത ഒരു മഹാത്മാവിനെ - ഹദ്റത്ത് അഹ്‌മദുല്‍ ഖാദിയാനി(അ)യെ നുബൂവ്വത്തിന്‍റെ മഖാം നല്കി അല്ലാഹു എഴുന്നേല്പിപ്പിച്ചു. ഇസ്‌ലാമിന്‍റെ പുനരുത്ഥാനാര്‍ത്ഥം വാഗ്ദാനം ചെയ്യപ്പെട്ട മഹ്ദീ മസീഹ് താനാണെന്ന് ദൈവിക അറിയിപ്പനുസരിച്ച് അദ്ദേഹം ലോകസമക്ഷം പ്രഖ്യാപിച്ചു. ആപുണ്യാത്മാവിന്‍റെ വിയോഗാനന്തരം 'മിന്‍ഹാജുന്നുബുവ്വത്ത് - നുബുവ്വത്തിന്‍റെ രീതിയിലുള്ള യഥാര്‍ത്ഥ ഇസ്‌ലാമിക ഖിലാഫത്ത് പുനസ്ഥാപിക്കപ്പെട്ടു. അങ്ങനെ മേല്‍ പ്രവചനങ്ങള്‍ അക്ഷരംപ്രതി പുലരുകയുണ്ടായി. വാഗ്ദത്ത മഹ്ദീമസീഹിന്‍റെ വേര്‍പാടിനെ തുടര്‍ന്ന് രണ്ടാം ഖുദ്റത്ത് (ദൈവത്തിന്‍റെ രണ്ടാമത്തെ ശക്തിപ്രകടനം) എന്ന നിലയില്‍ വെളിപ്പെട്ട ഖിലാഫത്തിന്‍റെ മഹനീയ അനുഗ്രഹങ്ങള്‍ ഇന്ന് അഹ്‌മദിയ്യാ ജമാഅത്തില്‍ നിലനിന്നുവരുന്നു. ഇപ്പോള്‍ 5-ാം ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് സാഹിബിന്‍റെ ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ ആഗോളാടിസ്ഥാനത്തില്‍ സംഘടിതമായി ഇസ്‌ലാമിക മിഷനറി പ്രവര്‍ത്തനം നടത്തുന്ന ഏക മുസ്‌ലിം ജമാഅത്ത് അഹ്‌മദിയ്യാ ജമാഅത്ത് മാത്രമാണ്. മുസ്‌ലിം കക്ഷികളില്‍ ഖിലാഫത്ത് എന്ന മഹനീയാനുഗ്രഹം ആരില്‍ നിലനില്ക്കുന്നുവോ അവരാണ് യഥാര്‍ത്ഥ ഇസ്‌ലാമിക ജമാഅത്തില്‍ നിലകൊള്ളുന്നവര്‍. കാരണം സത്യവിശ്വാസികളും സല്‍കര്‍മ്മികളുമായവരില്‍ മാത്രമെ ഖിലാഫത്തിനെ അല്ലാഹു നിലനിറുത്തുകയുള്ളു എന്നത് അവന്‍റെ വാഗ്ദാനമത്രെ.

ഒരു സംശയ നിവാരരണം

നുബൂവ്വത്തിന്‍റെ പിന്തുടര്‍ച്ചയില്‍ വരുന്ന ഖിലാഫത്തിന്‍റെ ആത്മീയ പ്രഭാവശക്തിയില്‍ വിശ്വാസമില്ലാത്ത ചിലര്‍ ഭൗതിക ഭരണാധികാരമാണ് ഖിലാഫത്തിന്ന് അനുപേക്ഷണീയമായ ഉപാധിയെന്ന് പ്രചരിപ്പിച്ചു വരുന്നുണ്ട്. ഈ വാദം തികച്ചും നിരര്‍ത്ഥകവും ഖുര്‍ആന്‍റെ പാഠങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റവുമാകുന്നു കാരണം:

ഒന്ന് - വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് ദൈവികാനുഗ്രഹമായി ലഭിക്കുന്ന ഒന്നാണ് ഖിലാഫത്തെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (24:56) ഖിലാഫത്തിനെക്കുറിച്ചുള്ള വാഗ്ദാന പൂര്‍ത്തീകരണം വിശ്വാസവും സല്‍കര്‍മ്മവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഭൗതിക ഭരണാധികാരത്തിന്‍റെ നിലനില്പിന് ഈമാനും സല്‍കര്‍മ്മവും അനിവാര്യനിബന്ധനയല്ല.

രണ്ട് - ഖിലാഫത്തിനെക്കുറിക്കുന്ന ഖുര്‍ആനിക വചനത്തില്‍ (24:56) ഇസ്‌ലാമിക ഖലീഫമാരുടെ സവിശേഷ ഗുണങ്ങളായി മനസ്സിലാവുന്നത് അവര്‍ ശിര്‍ക്കില്‍ നിന്നു പരിശുദ്ധരും തൗഹീദിന്‍റെ പ്രതിരൂപങ്ങളായി നിലകൊണ്ട് അപ്രകാരം ജനങ്ങളെ നയിക്കുന്നവുമാണെന്നാണ്. അവര്‍ മുഖേന ദീനിന്ന് പ്രബലത കൈവരുന്നതുമാണ്. മേല്‍പറഞ്ഞവിധത്തില്‍ ദീനിന്ന് പ്രബലത ലഭിക്കുന്നതിന്നും വിശ്വതലത്തില്‍ അതിന്‍റെ സംഘടിത പ്രചാരണത്തിന്നും ആഗോളാടിസ്ഥാനത്തിലുള്ള ഒരു ആത്മീയനേതൃത്വമാണ് അവശ്യം അനിവാര്യമായിട്ടുള്ളത്. ദീനിനെ പ്രബലപ്പെടുത്തുകയാണ് ഖിലാഫത്തിന്‍റെ പരമലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നത്. ശിര്‍ക്കിന്‍റെ നേരിയ അംശം പോലുമില്ലാത്തതും പരിപൂര്‍ണ്ണമായും തൗഹീദിലധിഷ്ഠിതവുമായ രീതിയില്‍ ദീനിനെ നയിക്കുവാന്‍ പ്രവാചകത്വത്തിന്‍റെ പ്രതിരൂപങ്ങളും ദൈവപ്രബുദ്ധരുമായ മഹാത്മാക്കള്‍ക്കേ സാദ്ധ്യമാകൂ. ഖിലാഫത്തിന്‍റെ ആത്യന്തികലക്ഷ്യം ഇതാണെന്നിരിക്കേ ഭൗതികഭരണാധികാരമുള്ള ആള്‍ക്കേ ഖലീഫ എന്ന് പറയാവൂ എന്ന വാദഗതിക്ക് പിന്നെ പ്രസക്തിയൊന്നുമില്ല.

മൂന്ന് - ദൈവത്തിന്‍റെ പ്രതിനിധികളാകുന്നു (ഖലീഫത്തുല്ലാഹ്) പ്രവാചകന്മാര്‍. അവരില്‍ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമെ ഭരണാധികാരമുണ്ടായിരുന്നുള്ളൂ. ഭൂരിഭാഗം പ്രവാചകന്മാരും ഭരണം സിദ്ധിച്ചിട്ടില്ലാത്തവരും ചിലര്‍ ഭരണകൂടത്തിന്‍ കീഴില്‍ ഉദ്യോഗം വഹിച്ചവരുമായിരുന്നു. അവര്‍ ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നില്ല. മറിച്ച് മര്‍ദ്ദക ഭരണകൂടത്തിന്‍റെ എതിര്‍പ്പുകളും പീഡനങ്ങളും അവര്‍ സഹിക്കുകയാണുണ്ടായത്. ഹിജ്റത്തിനുമുമ്പുള്ളകാലമത്രയും പ്രവാചകേ ശ്രഷ്ഠരായ നബി(സ) തിരുമേനിക്ക് പോലും ഭരണാധികാരം ലഭിച്ചിരുന്നില്ല. അതിനാല്‍ പ്രവാചകന്മാരുടെ പിന്തുടര്‍ച്ചയില്‍ വരുന്നവരും

പ്രവാചകന്മാരാല്‍ ദീപ്തമാക്കിയ ആത്മീയ തേജസ്സിനെ ഭൂമിയില്‍ നിലനിറുത്തേണ്ടവരും അവരുടെ പ്രതിനിധികളുമായ ഖലീഫമാര്‍ക്ക് ഭരണാധികാരമുണ്ടാകണമെന്ന വാദം അര്‍ത്ഥശൂന്യമാണ്. മാത്രമല്ല 'നിങ്ങള്‍ക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയതുപോലെ' എന്ന ഖുര്‍ആനിക വചനപ്രകാരം പൂര്‍വ്വ പ്രവാചകന്മാരുടെ പിന്തുടര്‍ച്ചയില്‍ വന്ന ഖലീഫമാര്‍ക്കധികവും ഭരണാധികാരമുണ്ടായിരുന്നില്ലെന്നും അതുപോലുള്ള ഖിലാഫത്തായിരിക്കും മുസ്‌ലിം സമുദായത്തിലുണ്ടാവുകയെന്നും വ്യക്തമാകുന്നു.

നാല്: - ഇസ്‌ലാമിക ഖിലാഫത്തിന്‍റെ ഉദ്ദേശ്യം മുഹമ്മദ് (സ) തിരുമേനിയുടെ പ്രാതിനിധ്യം വഹിക്കുന്ന സ്ഥാനമാകുന്നു. നബി തിരുമേനിയുടെ ദൗത്യത്തിന്‍റെ പരമോേദ്ദശ്യം മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയും അവരെ ദൈവസാമീപ്യം പ്രാപിക്കുമാറാകുന്ന അവസ്ഥയിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതത്രെ. അവിടത്തെ ദൗത്യോദ്ദേശ്യം രാജ്യഭരണം സ്ഥാപിക്കലായിരുന്നില്ല. എന്നാല്‍ മദീനാപ്രവാസകാലത്ത് ഒരു പാരിതോഷികമെന്ന നിലയില്‍ ഭരണം അദ്ദേഹത്തിന് ലഭിച്ചെന്ന് മാത്രം. നബി(സ) തിരുമേനിയുടെ ആവിര്‍ഭാവത്തിന്‍റെ പരമോന്നത ലക്ഷ്യം അദ്ധ്യാത്മികവും ധാര്‍മ്മികവുമായ ദൗത്യ പൂര്‍ത്തീകരണമാണെന്നറിഞ്ഞതിനാല്‍ അവിടത്തെ പ്രതിനിധികളായി എഴുന്നേല്പിക്കപ്പെടുന്ന ഖലീഫമാരുടെ ലക്ഷ്യവും മറ്റൊന്നാകാന്‍ നിര്‍വ്വാഹമില്ല.

ഖിലാഫത്തിന്‍റെ അനുഗ്രഹങ്ങള്‍

ഖിലാഫത്തിനെ കുറിക്കുന്ന ഖുര്‍ആനിക വചനത്തില്‍ അതുമൂലമുണ്ടാകുന്ന മഹനീയാനുഗ്രഹങ്ങളെപ്പറ്റിയും വിവരിക്കപ്പെട്ടിട്ടുണ്ട്. അവ സംക്ഷിപ്തമായി താഴെ പറയുന്നു.

വിശ്വാസികളും സല്‍കര്‍മ്മികളുമായവരോട് അല്ലാഹു ചെയ്ത വാഗ്ദാനമനുസരിച്ച് അവര്‍ക്ക് സാമൂഹികമായ നിലയില്‍ നല്കിയ ഒരു ദൈവിക പാരിതോഷികമാണ് ഖിലാഫത്ത്. അല്ലാഹുവിന്‍റെ പ്രതിഫലമെന്നോണം ലഭിക്കുന്ന ഏതൊന്നും സംശയലേശമെന്യേ മഹത്തായ അനുഗ്രഹങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നതിനാല്‍ ഖിലാഫത്തും അപ്രകാരമുള്ള ഒന്നത്രെ.

💢 ഖിലാഫത്ത് മുഖേന ദീനിന്ന് ശക്തിയും പ്രബലതയും പുരോഗതികളും കൈവരുന്നു.

💢 ഖലീഫമാര്‍ ശിര്‍ക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തരായവരും ആത്മസംസ്ക്കാരം സിദ്ധിച്ചവരുമായതിനാല്‍ അവരുടെ ആത്മീയ നേതൃത്വത്തില്‍ കീഴിലുള്ള വിശ്വാസികള്‍ക്ക് തൗഹീദിലധിഷ്ഠിതമായ ജീവിതം നയിക്കുവാനും അതുവഴി ദൈവിക തൃപ്തിക്കൊത്ത് പ്രവര്‍ത്തിക്കുവാനുമുള്ള സൗഭാഗ്യം വന്നുചേരുന്നു.


ചുരുക്കത്തില്‍, എല്ലാ അനുഗ്രഹങ്ങളും ഖിലാഫത്തിന്‍റെ തണലില്‍ അനുസരണ ബന്ധരായി കഴിയുന്നതിലാണടങ്ങിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ച പുരോഗതികള്‍ക്ക് നിദാനം ഖിലാഫത്താണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. മുസ്‌ലിംകളുടെ അധഃപതനത്തിനു പ്രാരംഭം കുറിച്ചത് ഈഅനുഗൃഹീത വ്യവസ്ഥ അവരില്‍നിന്നു നഷ്ടപ്പെട്ടതോടുകൂടിയാണ്. എന്നാല്‍ പ്രവചനപ്രകാരം ഇക്കാലത്ത് ഇസ്‌ലാമിന്‍റെ പുനഃരുത്ഥാനത്തിന്നായി ആവിര്‍ഭവിച്ച വാഗ്ദത്ത മഹ്ദീ മസീഹിന്‍റെ കാലശേഷം വീണ്ടും ഇസ്‌ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കപ്പെട്ടിരിക്കയാണ്. അങ്ങനെ ഖിലാഫത്തിന്‍റെ മുഴുവന്‍ അനുഗ്രഹങ്ങളും അനുഭവിക്കുവാനുള്ള സൗഭാഗ്യം അഹ്‌മദിയ്യാ ജമാഅത്തിന് അല്ലാഹു നല്കിയിരിക്കുന്നു. ഇസ്‌ലാമിക വിജയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ ദൈവിക സംവിധാനത്തെ തിരിച്ചറിയേണ്ടത് ഓരോ മനുഷ്യന്‍റേയും ബാധ്യതയാണ്.

No comments: