Sunday, February 13, 2011

ഈസാനബിയുടെ മരണം: 'പ്രബോധനം' സാക്ഷ്യപ്പെടുത്തുന്നു


സത്യത്തിനുള്ള ഒരു സവിശേഷഗുണം അതു സ്വയം വെളിപ്പെടും എന്നുള്ളതാണ്. എത്രയൊക്കെ മൂടി വെക്കാന്‍ ശ്രമിച്ചാലും എല്ലാ മറകളും നീക്കി സത്യം പുറത്തുവരും. ഇത് സത്യത്തിന്‍റെ സഹജമായ ഒരു ഗുണവിശേഷമാണ്.

ഈസാനബി(അ) മരിച്ചു പോയിരിക്കുന്നു എന്ന ഖുര്‍‌ആനിക സത്യം സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി മൂടിവെക്കുന്ന 'ജമാ‌അത്തെ ഇസ്‌ലാമി'ക്കാര്‍ അവരുടെ മുഖപത്രമായ 'പ്രബോധനത്തില്‍' അറിഞ്ഞോ അറിയാതെയോ ഈ സത്യം പറഞ്ഞുപോയിട്ടുണ്ട്. 2001 ആഗസ്ത് 18 ലെ പ്രബോധനത്തില്‍ നജ്റാനിലെ കൃസ്ത്യാനികളുമായി നബി(സ) നടത്തിയ സം‌വാദം വിവരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രബോധനത്തിന് ഈ 'അബദ്ധം' പിണഞ്ഞത്. ഇനി പ്രബോധനത്തിലെ വരികള്‍:

സംഘത്തിലെ മൂന്നു പേരാണ് സംസരിച്ചത്.

അവര്‍ പറഞ്ഞു: 'മര്‍‌യമിന്‍റെ പുത്രന്‍ ഈസാ ദൈവമാണ്. കാരണം അദ്ദേഹം മരിച്ചവരെ ജീവിപ്പിക്കുമായിരുന്നു. അദ്ദേഹം അല്ലാഹുവിന്‍റെ പുത്രനാണ് കാരണം, അദ്ദേഹത്തിനു പിതാവുണ്ടായിരുന്നില്ല.  പിന്നെ പറഞ്ഞു. അദ്ദേഹം മൂന്നില്‍ മൂന്നാമനാ കുന്നു. 'ഞങ്ങള്‍ പറഞ്ഞു' 'ഞങ്ങള്‍ പ്രവര്‍ത്തിച്ചു' എന്നു ദൈവവചനമുണ്ടല്ലോ. ദൈവം ഏകനായിരുന്നുവെങ്കില്‍ 'ഞാന്‍ പറഞ്ഞു', ഞാന്‍ പ്രവര്‍ത്തിച്ചു' എന്നേ പറയൂ.

നബി(സ) അവരോട് ചോദിച്ചു: 'ഒരു പുത്രനും അവന്‍റെ പിതാവിനോട് സദൃശനാകാതിരിക്കില്ല എന്നു നിങ്ങള്‍ക്കറിയില്ലേ?'

അവര്‍ പറഞ്ഞു: 'അറിയാം.'

റസൂല്‍ തിരുമേനി(സ): 'നമ്മുടെ റബ്ബ് ഒരിക്കലും മരണമില്ലാത്ത നിത്യജീവനാണെന്നും ഈസാക്ക് നാശം സംഭവിച്ചു (അതാ അലൈഹില്‍ ഫനാ) എന്നും നിങ്ങള്‍ക്ക റിയില്ലേ?'

അവര്‍ പറഞ്ഞു: 'അറിയാം.'

നബി(സ): 'നമ്മുടെ റബ്ബ് എല്ലാ വസ്തുക്കളേയും സം‌രക്ഷിച്ചു കൊണ്ടും ആവശ്യമായ വിഭവങ്ങള്‍ നല്‍കിക്കൊണ്ടും പരി പാലിച്ച് നില നിര്‍ത്തുന്നവനാണെന്ന് നിങ്ങള്‍ക്കറിയില്ലേ?

അവര്‍ പറഞ്ഞു: 'അറിയാം.'

നബി(സ): 'ഇപ്പറഞ്ഞതെന്തെങ്കിലും ഈസാക്ക് കഴിയുമായിരുന്നോ?' 

അവര്‍: 'ഇല്ല.'

നബി(സ): 'നമ്മുടെ റബ്ബ് ഗര്‍ഭാശയങ്ങളില്‍ അവന്‍ ഇച്ഛിക്കുംപടി രൂപപ്പെടുത്തുന്നു. നമ്മുടെ റബ്ബ് തിന്നുന്നില്ല, കുടിക്കുന്നില്ല, മാറ്റത്തിനു വിധേയനാകുന്നില്ല. ശരിയല്ലേ?'

അവര്‍: 'ശരിയാണ്.'

നബി(സ): 'നിങ്ങള്‍ക്കറിയില്ലേ, ഈസായെ അദ്ദേഹത്തിന്‍റെ മാതാവ് മറ്റേതൊരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നതുപോലെ ഗര്‍ഭം ധരിക്കുകയും മറ്റേതൊരു സ്ത്രീയും പ്രസവിക്കുന്നതുപോലെ പ്രസവിക്കുകയും മറ്റേതൊരു സ്ത്രീയും കുഞ്ഞിന് അഹാരം കൊടുക്കുന്നതുപോലെ ആഹാരം കൊടുക്കുകയും പിന്നീട് അദ്ദേഹം സ്വയം ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും വളര്‍ച്ചയുടെ മാറ്റങ്ങള്‍ക്ക് വിധേയനാവുകയും ചെയ്തുവെന്ന്?'

അവര്‍: 'അറിയാം.'

നബി(സ): 'ഇങ്ങനെയുള്ള ഒരാളെങ്ങനെയാണ് നിങ്ങള്‍ വാദിക്കുന്ന തുപോലെ ദൈവമാകുക?'

സംഘം മറുപടി പറഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു സൂറ ആലുഇംറാനിലെ ആദ്യത്തെ 80 ഓളം ‍സൂക്തങ്ങള്‍ അവതരിപ്പിച്ചു. (തഫ്സീര്‍ മുനീര്‍ 2)-o വാള്യം. പേജ് 145, 146)