Wednesday, February 17, 2021

മുസ്‌ലിംകള്‍ക്ക് രക്ഷാമാര്‍ഗ്ഗം ഇതൊന്നുമാത്രം

നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരോടു അവരെ അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ ഖലീഫമാര്‍ ആക്കിയത്പോലെ തീര്‍ച്ചയായും ഭൂമിയില്‍ ഖലീഫമാരാക്കുകയും. അവര്‍ക്കായിട്ടു താന്‍ തൃപ്തിപ്പെട്ട മതത്തെ അവര്‍ക്കു ബലപ്പെടുത്തിക്കൊടുക്കുകയും, അവരുടെ ഭയത്തിനുശേഷം അവരെ സമാധാനത്തിലാക്കുകയും ചെയ്യുമെന്നു അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.” (24:56)

മുസ്‌ലിംകള്‍ക്ക് ഖലീഫയും ഖിലാഫത്തും ഉണ്ടാകുമെന്ന് അല്ലാഹു നല്‍കിയ വാഗ്ദാനം കഴിഞ്ഞ ആയിരത്തി മുന്നൂറു വര്‍ഷക്കാലം വാഗ്ദാനപാലകനായ അല്ലാഹു പാലിക്കുകയുണ്ടായി. സുദീര്‍ഘമായ ആ ഖിലാഫത്തിനു കീഴിലായിരുന്നു മുസ്‌ലിംകള്‍ അനുഗൃഹീതപൂര്‍ണ്ണവും അത്യുജ്ജ്വലവുമായ ചരിത്രങ്ങള്‍ സൃഷ്ടിച്ചത്. കൃത്യമായി പറഞ്ഞാല്‍ 95 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിജ്‌റ വര്‍ഷം 1344-ല്‍ തുര്‍ക്കി ഖിലാഫത്തിന്‍റെ പതനത്തോടെ ഖിലാഫത്ത് തിരോഭവിച്ചതായി മുസ്‌ലിംകള്‍ കണക്കാക്കി. ഖിലാഫത്ത് നേതൃത്വം മുസ്‌ലിംകള്‍ക്ക് ഏറ്റവും ആവശ്യമായ കാലഘട്ടത്തില്‍ എന്തുകൊണ്ട് അത് അസ്തമിച്ചുപോയി? അല്ലാഹു വാഗ്ദാനം ചെയ്യുകയും നൂറ്റാണ്ടുകളോളം നിലനില്‍ക്കുകയും വെള്ളിയാഴ്ച ജുമുഅകളില്‍ അനുസ്മരിക്കുകയും ചെയ്തിരുന്ന മുസ്‌ലിംകളുടെ എല്ലാമെല്ലാമായിരുന്ന അനുഗൃഹീത സ്ഥാപനമായിരുന്നല്ലോ ഖിലാഫത്ത്?! ഏറ്റവും മൗലികവും അതീവ പ്രാധാന്യമുള്ളതുമായ പ്രശ്നത്തെ മുസ്‌ലിം ഉലമാക്കന്മാര്‍ അടുത്ത കാലത്തായി അഭിമുഖീകരിക്കാറില്ല. അവര്‍ അവരുണ്ടാക്കിയ കൊച്ചുകൊച്ചു സംഘടനകളിലേക്ക് ആളെ കൂട്ടുന്ന തിരക്കിലാണ്. ഉലമാക്കള്‍ നയിക്കുന്ന ഇത്തരം അനേകം സംഘടനകളില്‍ ഓരോന്നിന്‍റേയും ഏറ്റവും വലിയ പ്രതിയോഗി മറ്റാരുമല്ല; മറ്റൊരുമുസ്‌ലിം സംഘടന തന്നെ!! ലജ്ജാകരമായ വസ്തുതയോര്‍ക്കുമ്പോള്‍ 'എന്‍റെ ഉമ്മത്ത് 72 കക്ഷികളായി പിരിയുമെന്നും അതിലൊന്നൊഴികെ മറ്റെല്ലാം നരകത്തിലായിരിക്കുമെന്നും’ ഉള്ള റസൂല്‍ തിരുമേനി()യുടെ വചനമാണ് നമ്മെ ആശ്വസിപ്പിക്കുന്നത്. മുസ്‌ലിം ഉമ്മത്തിന്‍റെ ഐക്യത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോള ഖിലാഫത്തിന് പകരം പരസ്പര വിദ്വേഷം പ്രചരിപ്പിക്കുകയും ശൈഥില്യം പരത്തുകയും ചെയ്യുന്ന മുസ്‌ലിം കക്ഷികള്‍ മതി എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന കക്ഷിപ്രതികക്ഷികളെപ്പറ്റി നരകത്തില്‍ പതിക്കുമെന്ന് തിരുമേനി () പറഞ്ഞത് എത്ര വാസ്തവം!

ഖിലാഫത്ത് ഇല്ലാത്ത മുസ്‌ലിം ഉമ്മത്തിന്‍റെ നേതൃശൂന്യമായ ഇന്നത്തെ അവസ്ഥയെ സംബന്ധിച്ചും മുസ്‌ലിം ഖിലാഫത്തിന് നേരിടുന്ന ഗതി വ്യതിയാനങ്ങളെ സംബന്ധിച്ചും അതിന്നുണ്ടാകുന്ന ഭാവപ്പകര്‍ച്ചയെ സംബന്ധിച്ചും ഭാവിയിലെ ഖിലാഫത്തിന്‍റെ പുനരുജ്ജീവനത്തെക്കുറിച്ചും അത്ഭുതകരമായ കണിശതയോടെ ഏതാനും വചനങ്ങളില്‍ റസൂല്‍ തിരുമേനി () സംക്ഷേപിച്ചത് നമ്മുടെ ഉലമാക്കന്മാര്‍ വഗണിക്കുകയും അവരുടെ സ്ഥാപിതതാല്‍പര്യത്തില്‍ പണിത സംഘടനകളുടെ വക്താക്കളായി അവര്‍ മാറുകയും ചെയ്തിരിക്കയാണ്. സുപ്രധാനമായ ഹദീ ഥ്, വിശ്വപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവി തന്‍റെ 'പ്രബോധകന്‍റെസംസ്കാരം' എന്ന പുസ്തകത്തില്‍ ഉദ്ദരിച്ച് വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്:

അല്ലാഹു ഉദ്ദേശിക്കുന്നിടത്തോളം നിങ്ങളില്‍ പ്രവാചകത്വം അവശേഷിക്കും പിന്നീട് അവര്‍ ഉദ്ദേശിക്കുമ്പോള്‍ പ്രവാചകത്വത്തെ ഉയര്‍ത്തുകയും തുടര്‍ന്ന് പ്രവാചകത്വ മാതൃകയില്‍ (മിന്‍ഹാജിന്നുബൂവ്വഃ) ഖിലാഫത്ത് നിലവില്‍ വരികയും ചെയ്യും. അല്ലാഹു ഉദ്ദേശിക്കും കാലം വരേയും അത് നിങ്ങള്‍ക്കിടയില്‍ അവശേഷിക്കുകയും പിന്നീടവന്‍ ഉദ്ദേശിക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് ഉയര്‍ത്തിക്കളയുകയും ചെയ്യും. തുടര്‍ന്ന് പരുക്കന്‍ രാജാധിപത്യവും നിലവില്‍ വരും. അല്ലാഹു ഉദ്ദേശിക്കും കാലംവരേ അത് അവശേഷിക്കും. പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതും നീക്കും. തുടര്‍ന്ന് തദടിസ്ഥാനത്തില്‍ സേച്ഛാധിപത്യ മര്‍ദ്ദകഭരണകൂടം നിലവില്‍ വരും അല്ലാഹു നിങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത് വരെ അത് നിലനില്‍ക്കും. പിന്നീട് വീണ്ടും പ്രവാചകത്വത്തിന്‍റെമാതൃകയിലുള്ള (മിന്‍ഹാജിന്നുബൂവ്വഃ) ഖിലാഫത്ത് വരും. ഇത് പറഞ്ഞശേഷം തിരുമേനി മൗനം ദീക്ഷിച്ചു. (മിശ്കാത്ത്).

യൂസുഫുല്‍ ഖര്‍ളാവി തുടരുന്നു: തിരുമേനി ഹദീസില്‍ പ്രവചിച്ച ഖിലാഫത്തുര്‍റാഷിദയും, പരുക്കന്‍ ഭരണവും സേഛാധിപത്യവും പുലരുകയുണ്ടായി. തിരുമേനി വാഗ്ദാനം ചെയ്ത പ്രവാചകത്വ മാതൃകയിലുള്ള (മിന്‍ഹാജിന്നുബൂവ്വഃ) ഖിലാഫത്തേ ഇനി പുലരാന്‍ ബാക്കിയുള്ളൂ. ദൈവേച്ഛയാല്‍ അതും പുലരാതിരിക്കില്ല തീര്‍ച്ച.പ്രബോധകന്‍റെ സംസ്കാരം, യൂസുഫുല്‍ ഖര്‍ളാവി. പേ.99).

നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന മുസ്‌ലിം ഖിലാഫത്തിന്‍റെ ഇടമുറിയാത്ത ചരിത്രം ഹദീസിന്‍റെ അടിസ്ഥാനത്തിലാണെന്ന യാഥാര്‍ത്ഥ്യം നമ്മെ അത്ഭുതപ്പെടുത്തുന്നു. അവസാനം നുബൂവ്വത്തിന്‍റ വഴിയിലുള്ള ഖിലാഫത്താണ് വരിക എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ഖിലാഫത്തിന്‍റെ മറ്റെല്ലാ രൂപവും തുടര്‍ച്ചയായി പുലരുകയും അക്കാര്യം മാത്രം പുലരാതിരിക്കുന്നതുമെങ്ങനെ? ഇക്കാലത്ത് മുഹമ്മദ് നബി() യുടെ പ്രതിപുരുഷനും 'മഹ്ദി', 'മസീഹ്' എന്നീ അഭിധാനങ്ങള്‍ നല്‍കപ്പെട്ടവരും നുബൂവ്വത്ത്കൊണ്ട് അനുഗൃഹീതനുമായ ഹദ്റത്ത് അഹ്‌മദ് () സ്ഥാപിച്ച അഹ്‌മദിയ്യാ ഖിലാഫത്തിനെ സംബന്ധിച്ചാണ് 'നുബൂവ്വത്തിന്‍റെ മാര്‍ഗ്ഗത്തിലുള്ള ഖിലാഫത്ത്' എന്ന് റസൂല്‍ തിരുമേനി() പ്രവചിച്ചത്. റസൂല്‍ തിരുമേനി () യുടെ ആ പ്രവചനവും പുലര്‍ന്നുകഴിഞ്ഞു.

നുബൂവ്വത്തിന്‍റെ മാതൃകയിലുള്ള ഖിലാഫത്ത് പുലര്‍ന്നുകഴിഞ്ഞിട്ടും അതിനെ അവിശ്വസിച്ചുകൊണ്ട് മുസ്‌ലിം പണ്ഡിതന്മാരും സമൂഹവും എന്തിനെയാണ് പ്രതീക്ഷിച്ചിരിക്കുന്നത്? മുഹമ്മദീ നുബൂവ്വത്തിന്‍റെ രണ്ടാം പ്രഭാവത്തിലൂടെ മുസ്‌ലിം ഉമ്മത്തിനെ സംസ്കരിച്ച് ഏകോപിപ്പിച്ച് ഇസ്‌ലാമിനെ അജയ്യശക്തിയായി മാറ്റാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. മുസ്‌ലിംകള്‍ അഹ്‌മദിയ്യാ ഖിലാഫത്തില്‍ ബൈയ്അത്ത്’ ചെയ്ത് പ്രവേശിക്കുകയല്ലാതെ അവര്‍ക്ക് മറ്റൊരു രക്ഷാമാര്‍ഗ്ഗവുമില്ല. അല്ലാഹു പറയുന്നു:

ഒരു ജനത അവരുടെ ഹൃദയത്തിലുള്ളതിന് അവര്‍ സ്വയം മാറ്റം വരുത്തുന്നത് വരെ അവരുടെ സ്ഥിതിക്ക് അല്ലാഹുവും ഒരു മാറ്റം വരുത്തുന്നതല്ല.” (13:12).

No comments: