Monday, July 19, 2010

ഈസാനബി മരിച്ചിട്ടില്ലേ?

മുഹമ്മദു നബി(സ)ക്കു മുമ്പു വന്ന പ്രവാചന്മാര്‍ എല്ലാം കാലഗതി പ്രാപിച്ചു പോയിരിക്കുന്നു എന്നു വ്യക്തമാക്കുന്ന വിശുദ്ധ ഖുര്‍‌ആനിലെ വചനം കഴിഞ്ഞ പോസ്റ്റില്‍ വായനക്കര്‍ കണ്ടു. ഒരു മുസ്‌ലിമിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍‌ആനിലെ ഒരു സൂക്തം തന്നെ മതിയായ തെളിവാണ്. എന്നിരുന്നാലും, വിശുദ്ധ ഖുര്‍‌ആന്‍റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ സത്യപ്പെടുത്തും എന്നതുകൊണ്ട് സ്വാഭാവികമായും ഈ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേറെയും തെളിവുകള്‍ ഖുര്‍‌ആനില്‍ ഉണ്ടായിരിക്കേണ്ടതാണ്. നമുക്കു പരിശോധിക്കാം.

വിശുദ്ധ ഖുര്‍‌ആനിലെ അഞ്ചാമത്തെ അദ്ധ്യായമായ 'അല്‍‍മാഇദ'യിലെ 117, 118 വചനങ്ങള്‍ ഇപ്രകാരമാണ്:

'അല്ലാഹു പറയുന്ന അവസരം: അല്ലയോ മര്‍‌യമിന്‍റെ മകന്‍ ഈസാ, എന്നെയും എന്‍റെ മാതാവിനെയും അല്ലാഹുവിനെ കൂടാതെ രണ്ടു ദൈവങ്ങളായി സ്വീകരിക്കുക എന്നു നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയത്രേ പരിശുദ്ധന്‍. എനിക്കു പറയാന്‍ അവകാശമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനതു പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്നിലുള്ളത് നീ അറിയുന്നു. നിന്നിലുള്ളത് ഞാന്‍ അറിയുന്നില്ല. തീര്‍ച്ചയായും നീ പരോക്ഷ കാര്യങ്ങള്‍ നന്നായി അറിയുന്നവനാണ്.

'നീ എന്നോട് ആജ്ഞാപിച്ചതല്ലാതെ ഞാന്‍ അവരോട് മറ്റൊന്നും പറഞ്ഞിരുന്നില്ല. അതായത്, 'എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍' എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്' (5: 117, 118)

ഇവിടെ, ഈസാനബി(അ)യും അല്ലാഹുവും തമ്മില്‍ പരലോകത്തു വെച്ചു നടക്കുന്ന ഒരു സംഭാഷണ രൂപത്തില്‍ വിശുദ്ധ ഖുര്‍‌ആനിലൂടെ അല്ലാഹു ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. അല്ലാഹു ഈസാനബിയോട് ചോദിക്കുന്നു അദ്ദേഹത്തെയും മാതാവിനെയും ഇലാഹുകളാക്കി ആരാധിക്കാനുള്ള അദ്ധ്യാപനം അദ്ദേഹമാണോ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയത് എന്ന്. അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞശേഷം 'ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു' എന്നാണ് പറയുന്നത്. അതായത്, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന് തന്‍റെ അനുയായികളോട് ഉപദേശിച്ചപ്പോള്‍ അവര്‍ അപ്രകാരം പ്രവര്‍ത്തിച്ചിരുന്നു എന്നതിന്‍റെ ദൃക്സാക്ഷ്യമാണ് ഈസാനബി 'കുന്‍‌തു അലൈഹിം ശഹീദന്‍' എന്ന വചനത്തിലൂടെ പറയുന്നത്. ഈസാനബി അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം കാലം തന്നെയോ തന്‍റെ മാതാവിനെയോ അനുയായികള്‍ ആരാധിച്ചിരുന്നില്ല, അല്ലാഹുവിനെ മാത്രമാണ് അവര്‍ ആരാധിച്ചിരുന്നത് എന്നതിനുള്ള തന്‍റെ സാക്ഷ്യം അല്ലാഹുവിന്‍റെ മുന്‍പില്‍ ഈസാനബി വ്യക്തമാക്കുകയാണ് ഇവിടെ.

ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷ മുസ്‌ലിംകള്‍ ഈ സൂക്തങ്ങള്‍ക്ക് എങ്ങനെയാണ് അര്‍ഥം കൊടുക്കുന്നത് എന്നു പരിശോധിക്കാം. ഉദാഹരണത്തിന് മൗലാനാ മൗദൂദി കൊടുത്തിരിക്കുന്ന അര്‍ഥം നോക്കാം:

"അല്ലാഹു ചോദിക്കും, `ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്‍റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?` അപ്പോള്‍ അദ്ദേഹം മറുപടി പറയും: `നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്‍റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്‍റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്‍റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു."

ഇവിടെ ഈസാനബിയെ ജീവിപ്പിച്ചിരുത്താന്‍ വേണ്ടി മൗദൂദി സാഹിബ് കാണിക്കുന്ന തിരിമറി നോക്കുക. 'ഫലമ്മാ തവഫ്ഫയ്ത്തനീ' - (നീ എന്നെ മരിപ്പിച്ചപ്പോള്‍) എന്നതിന്‍റെ തര്‍ജ്ജമയായി അദ്ദേഹം കൊടുത്തിരിക്കുന്നത് 'നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍' എന്നാണ്. ഇത് വ്യാജമാണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യത്തിന്‍റെ ഒന്നും ആവശ്യം ഇല്ല. 'തവഫ്ഫ' എന്ന പദം മലയാളികള്‍ക്കു പോലും സുപരിചിതമാണ്. ഒരാള്‍ 'വഫാത്തായി' എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു എന്നല്ലാതെ അയാളെ തിരിച്ചു വിളിച്ചു എന്നാരെങ്കിലും മനസ്സിലാക്കാറുണ്ടോ? ഇത്രയും ലളിതമായ ഒരു വാക്കിന് സ്ഥാപിത താല്‍‌പ്പര്യം സം‌രക്ഷിക്കാന്‍ വേണ്ടി തെറ്റായ അര്‍ത്ഥം കൊടുത്തിരിക്കുകയാണിവിടെ. അല്ലാഹു ഒരാളെ 'തവഫ്ഫ' ചെയ്തു എന്ന് പറഞ്ഞാല്‍ അയാള്‍ മരിച്ചു എന്നല്ലാതെ മറ്റെന്തെങ്കിലും അര്‍ഥം അതിനില്ല എന്ന് അറബി ഭാഷ അറിയുന്നവര്‍ക്കെല്ലാം അറിയാം. മാത്രമല്ല ഈ ആയത്തിന്‍റെ അര്‍ഥം വ്യക്തമാക്കുന്ന ഒരു ഹദീസ് ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. പ്രസ്തുത ഹദീസ് ഇപ്രകാരമാണ്:

'പുനരുഥാന നാളില്‍ ഹൗദുല്‍ കൗസറിന്നടുത്തു നിന്നുകൊണ്ട് എന്‍റെ അനുയായികള്‍ക്ക് പരിശുദ്ധ ജലം വിതരണം ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു കൂട്ടം ആളുകളോടു കൂടി മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ നരകത്തിലേക്ക് ഉന്തിത്തള്ളിക്കൊണ്ടു പോകുന്നതുമായിരിക്കും. അപ്പോള്‍ അവരൊട് ഞാന്‍ 'ഉസൈഹാബി, ഉസൈഹാബി' (ഇവരെന്‍റെ അനുചരരാണ്) എന്നു വിളിച്ചു പറയുന്നതായിരിക്കും. അപ്പോള്‍ ഇപ്രകാരം ഉത്തരം നല്‍കപ്പെടും.

"അങ്ങയ്ക്കു ശേഷം ഇവര്‍ പുതുതായി എന്തെല്ലാം മാറ്റം വരുത്തി എന്ന് അങ്ങ് അറിയുന്നില്ല. താങ്കളുടെ വേര്‍പാടിനു ശേഷം ഇവര്‍ പിന്തിരിഞ്ഞു കളഞ്ഞവരാണ്." അപ്പോള്‍ അല്ലാഹുവിന്‍റെ വരിഷ്ട ദാസന്‍ ഈസബ്നുബര്‍‌യം പറഞ്ഞത് പോലെ ഞാന്‍ പറയും: "ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലം വരെ ഞാന്‍ അവര്‍ക്ക് സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനു ശേഷം അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയാണ്" (ബുഖാരി, കുത്താബുത്തഫ്സീര്‍)

ഇവിടെ ഈസാനബി പറഞ്ഞ അതേ വചനം തന്നെയാണ് നബി തിരുമേനി(സ)യും പറഞ്ഞത് എന്നു കാണാം. സംശയത്തിനിടയില്ലാത്ത വിധം 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്നര്‍ഥം 'നീ എന്നെ മരിപ്പിച്ചപ്പോള്‍' എന്നാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഒരു ദുര്‍‌വ്യാഖാനത്തിനും ഇവിടെ പഴുതില്ല.

ഇനി വാദത്തിനു വേണ്ടി 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്‍റെ അര്‍ഥം 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍' എന്നാണെന്നു സമ്മതിച്ചാല്‍ തന്നെ, മൗദൂദി സാഹിബ് ഉദ്ദേശിച്ചപോലെ ഈസാനബിയെ ജീവിപ്പിച്ചിരുത്താന്‍ അദ്ദേഹത്തു സാധ്യമല്ല. കാരണം, തിരിച്ചു വിളിക്കപ്പെട്ട (എവിടേക്ക്?) ഈസാനബി വീണ്ടും ഭൂമിയില്‍ വരുമെന്നാണല്ലോ വിശ്വാസം. അങ്ങനെ തിരിച്ചു ഭൂമിയില്‍ വരുന്ന ഈസാനബി ഭൂമിയില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള ക്രിസ്ത്യാനികളെ തീര്‍ച്ചയായും കാണാതിരിക്കില്ല. അപ്പോള്‍ ക്രിസ്ത്യാനികളുടെ തെറ്റായ വിശ്വാസത്തെക്കുറിച്ചു അറിയും. അതായത് അവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റ മാതാവിനെയും ആരാധിക്കുന്നത് അദ്ദേഹം കാണും. ഇതെല്ലാം കണ്ടതിനു ശേഷം അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ഈസാനബി ഞാന്‍ അവരിലുണ്ടായിരുന്നിടത്തോളം കാലം അവര്‍ എന്നെയും എന്‍റെ മാതാവിനെയും ആരാധിച്ചിട്ടല്ല എന്നതിനു ഞാന്‍ സാക്ഷിയാണ് എന്നെങ്ങനെ പറയും?

കാര്യം വ്യക്തമാണ്. ഇസ്രായേല്‍ സമുദായത്തിലേക്ക് വേണ്ടി മാത്രം നിയുക്തനായ ഈസാ നബി(അ) ദൗത്യം നിര്‍‌വ്വഹിച്ച ശേഷം മരിച്ചു പോയിരിക്കുന്നു. ഇനി അദ്ദേഹം തിരി‍ച്ചു ഭൂമിയില്‍ വരുന്ന പ്രശ്നമേ ഉദിക്കുന്നില്ല.