Tuesday, September 21, 2010

ഈസാനബിയുടെ മരണം - ഹദീസുകള്‍

ഇനി ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകള്‍ പരിശോധിക്കാം.

സഹീഹ് ബുഖാരിയിലെ കിത്താബുത്തഫ്സീറില്‍ സൂറത്തുല്‍ മാഇദയുടെ വ്യഖാനമായി വന്ന ഒരു ഹദീസ് ഇപ്രകാരമാണ്.

ð ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: നബി (സ) ഒരു പ്രഭാഷണം നിര്‍‌വഹിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: 'പുനരുഥാന നാളില്‍ ഹൗദുല്‍ കൗസറിന്നടുത്തു നിന്നുകൊണ്ട് എന്‍റെ അനുയായികള്‍ക്ക് പരിശുദ്ധ ജലം വിതരണം ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു കൂട്ടം ആളുകളോടു കൂടി മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ നരകത്തിലേക്ക് ഉന്തിത്തള്ളിക്കൊണ്ടു പോകുന്നതുമായിരിക്കും. അപ്പോള്‍ അവരൊട് ഞാന്‍ 'ഉസൈഹാബി, ഉസൈഹാബി' (ഇവരെന്‍റെ അനുചരരാണ്, ഇവരെന്‍റെ അനുചരരാണ്) എന്നു വിളിച്ചു പറയുന്നതായിരിക്കും. അപ്പോള്‍ ഇപ്രകാരം ഉത്തരം നല്‍കപ്പെടും:

'അങ്ങയ്ക്കു ശേഷം ഇവര്‍ പുതുതായി എന്തെല്ലാം മാറ്റം വരുത്തി എന്ന് അങ്ങ് അറിയുന്നില്ല. താങ്കളുടെ വേര്‍പാടിനു ശേഷം ഇവര്‍ പിന്തിരിഞ്ഞു കളഞ്ഞവരാണ്.

'അപ്പോള്‍ അല്ലാഹുവിന്‍റെ വരിഷ്ട ദാസന്‍ ഈസബ്നുബര്‍‌യം പറഞ്ഞത് പോലെ ഞാന്‍ പറയും: "ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലം വരെ ഞാന്‍ അവര്‍ക്ക് സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനു ശേഷം അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയാണ്" (ബുഖാരി, കുത്താബുത്തഫ്സീര്‍ - സൂറത്തുല്‍ മാഇദ)

ഒരു വ്യാഖ്യാനത്തിന്‍റെ ആവശ്യമില്ലാത്ത വിധം വ്യക്തമായി നബി(സ) ഈസാനബിയുടെ മരണം ഇവിടെ വ്യക്തമാക്കിത്തന്നിരിക്കുകയാണ്.

ð ഹദ്റത്ത് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബിതിരുമേനി(സ) ദിവംഗദനായ സന്ദര്‍ഭത്തില്‍ ഹദ്റത്ത് ഉമര്‍(റ) അവിടെ കൂടിയിരുന്നവരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു. ഈയവസരത്തില്‍ ഹദ്റത്ത് അബൂബക്കര്(റ) അവിടേക്ക് വന്നു. അദ്ദേഹം ഉമര്‍(റ) നോട് ഇരിക്കാന്‍ പറഞ്ഞു. ഉമര്‍(റ) ഇരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും അവിടെ കൂടിയിരുന്നവര്‍ മുഴുവന്‍ അദ്ദേഹത്തെ വിട്ട് ഹദ്റത്ത് അബൂബക്കറി(റ)നു നേരെ ശ്രദ്ധ തിരിച്ചു. അദ്ദേഹം പറഞ്ഞു: "അല്ലയോ ജനങ്ങളേ, നിങ്ങളില്‍ അരെങ്കിലും മുഹമ്മദി(സ) നെ അരാധിച്ചിരുന്നുവെങ്കില്‍ അവര്‍ അറിഞ്ഞുകൊള്ളുക, മുഹമ്മദ്(സ) മരിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളില്‍ ആര് അല്ലാഹുവിനെ ആരാധിച്ചിരുന്നുവോ അവര്‍ ഉറച്ചു വിശ്വസിച്ചുകൊള്ളുക, അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ഒരിക്കലും മരിക്കാത്തവനാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: 'മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാരെല്ലാം മരിച്ചുപൊയിരിക്കുന്നു' (സഹീഹ് ബുഖാരി)

ð നജ്റാനില്‍ നിന്നു വന്ന ക്രിസ്തീയ സംഘത്തോട് നബി(സ) നടത്തിയ സം‌വാദം പ്രസിദ്ധമാണ്. സംഭാഷണ മദ്ധ്യേ റസൂല്‍(സ) ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ക്കറിയില്ലേ നമ്മുടെ ദൈവം ജീവിച്ചിരിക്കുനവനാണ് അവന്‍ ഒരിക്കലും മരിക്കില്ല. എന്നാല്‍ യേശുവാകട്ടെ മരിച്ചുപോയി. (അസ്ബാബുന്നുസൂല്‍)

നബി(സ) പറഞ്ഞു: 'മൂസായും(അ) ഈസായും(അ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് എന്നെ പിന്‍പറ്റാതെ മറ്റൊരു വഴിയില്ല.' (ഇബ്‌നു കസീര്‍ - തഫ്സീറു‌ല്‍ ഖുര്‍‌ആന്‍)

നബി(സ)യുടെ മിഅ്‌റാജിന്‍റെ സന്ദര്‍ഭത്തില്‍ ഓരോ ആകാശത്തിലും വെച്ച് പ്രവാചകന്മാരെ കണ്ടുമുട്ടിയതായും അവരുമായി സംഭാഷണം നടത്തിയതായും വിവരിക്കുന്നുണ്ട്. ഒന്നാമത്തെ ആകാശത്തില്‍ ആദം നബി(അ) യെയും രണ്ടാമത്തെ ആകാശത്തില്‍ ഇസാ, യഹ്‌യാ(അ) എന്നീ പ്രവാചകന്മാരെയും കണുകയുണ്ടായി. നബിമാരുടെ അത്മീയ പദവിക്കനുസരിച്ച്, അതിനു ശേഷമുള്ള ഏഴ് ആകാശങ്ങളിലും നബി(സ) പല പ്രവാചകന്മാരുമായും കണ്ടുമുട്ടി.

രണ്ടാമത്തെ ആകാശത്തില്‍ നബി(സ) ഈസാനബിയെ കണ്ടുവെന്നു പറഞ്ഞുവല്ലോ. ഈസാനബിക്ക് എന്തെങ്കിലും സവിശേഷത അവിടെ ഉള്ളതായി നബി(സ) പറഞ്ഞിട്ടില്ലാ. മരണപ്പേട്ടുപോയ മറ്റെല്ലാ പ്രവാചക്ന്മാരെയും പോലെത്തന്നെയാണ് മരിച്ചുപോയ യഹ്‌യാനബിയുടെ കൂടെ ഈസാനബിയും അവിടെ ഉണ്ടായിരുന്നത്.

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന ഹദീസുകള്‍ വ്യക്തമായ രീതിയില്‍ ഈസാനബി(അ) മരിച്ചുപോയിരിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. ഇതിനു വിരുദ്ധമായി ഭൂരിപക്ഷ മുസ്‌ലിംകള്‍ വിശ്വസിക്കുന്നതുപോലെ ഈസാനബി ആകാശത്തേക്ക് പോയിരിക്കുന്നു എന്നതിന് തെളിവായി ഖുര്‍‌ആനില്‍ നിന്നോ ഹദീസില്‍ നിന്നോ ഒരു തെളിവും ലഭിക്കുന്നില്ല. അപ്പോള്‍ നാം എവിടെ നില്‍ക്കണം? ഖുര്‍‌ആന്‍റെയും ഹദീസിന്‍റെയും കൂടെയോ അതോ ഭൂരിപക്ഷത്തിന്‍റെ കൂടെയോ?

(തുടരും)

  

Wednesday, September 15, 2010

ഈസാനബിയുടെ മരണം - കൂടുതല്‍ തെളിവുകള്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ ജനതയിലേക്ക് പ്രവാചനായി വന്ന ഇസാനബി(അ) മരിച്ചുപോയിരിക്കുന്നു എന്നതിലേക്ക് വിശുദ്ധ ഖുര്‍‌ആനില്‍ നിന്നുതന്നെ ഇനിയും ഒരുപാടു തെളിവുകള്‍ ഉദ്ധരിക്കാന്‍ കഴിയും. അതില്‍ ചിലത് ഇവിടെ നല്‍കുന്നു.

ð "നബിയേ, നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (21:35)

ð "ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീനോടെ എഴുന്നേല്പ്പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും" (19:34)

മേല്‍ ഉദ്ധരിച്ച ഖുര്‍‌ആന്‍ ആയത്തില്‍ മനുഷ്യ ജീവിതത്തിലെ സുപ്രധാനമായ മൂന്ന് അവസ്ഥാന്തരങ്ങളെക്കുറിച്ചാണ് ഈസാനബി പറഞ്ഞിരിക്കുന്നത്. ജനനം, മരണം, പുനരുഥാനം. ഇതിനിടയില്‍ മറ്റാര്‍ക്കും ലഭിക്കാതെ തനിക്കു മാത്രം ലഭ്യമായ അത്യപൂര്‍‌വ്വമായ ആ ആകാശാരോഹണത്തെക്കുറിച്ചോ, ആകാശവാസത്തെക്കുറിച്ചോ ഈസാനബി ഒന്നും പറയുന്നില്ല.

ð "അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്. അവര്‍ മരിച്ചവരാണ്; ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പടുക എന്നവര്‍ അറിയുന്നുമില്ല" (16:21,22)

മരിച്ചുപോയ മഹാത്മാക്കള്‍ പ്രാര്ത്ഥന കേള്‍ക്കില്ല എന്നതിലേക്ക് തെളിവായി ഉല്പതിഷ്ണു പണ്ട്ഡിതന്മാര്‍ ഖുര്‍‌ആനില്‍ നിന്ന് എപ്പോഴും ഉദ്ധരിക്കാറുള്ള വചനങ്ങളാണിത്. പക്ഷേ, അവര്‍ ഓര്‍ക്കാറില്ല ഭൂമിയില്‍ ഏറ്റവും കൂടൂതല്‍ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന വ്യക്തി ഈസാനബി(അ) ആണ് എന്ന കാര്യം. അങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന ഈസാനബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഈ ഖുര്‍‌ആനിക വചനത്ത്നിറെ അര്ത്ഥമെന്താണ്?

ഒരിക്കല്‍ മക്കയിലെ അവിശ്വാസികള്‍ നബി(സ)യുടെ സത്യ സാക്ഷ്യത്തിലേക്കായി ആകാശത്ത് കയറിപ്പോയി ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരാന്‍ പറയുകയുണ്ടായി. ഈ സംഭവം വിശുദ്ധ ഖുര്‍‌ആന്‍ ഇപ്രകാരം വിവരിരിക്കുന്നു:

ð "അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല."(17:94)

ഇതിനു മറുപടിയായി ഇങ്ങനെ പറയാന്‍ അല്ലാഹു നബിയോട് കല്പിക്കുന്നു:

"പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?"

ഇവിടെ ആകാശത്ത് കയറിപ്പോകുന്നതിനു തടസ്സമായി നബിയോട് പറയാന്‍ അല്ലാഹു കല്പിക്കുന്നത് നബി(സ) മനുഷ്യനായ ഒരു ദൂതന്‍ ആണ് എന്നതാണ്. അപ്പോള്‍ പിന്നെ മനുഷനായ ദൂതന്‍ മാത്രമായ ഈസാനബി(അ)യുടെ കാര്യം വരുമ്പോള്‍ അല്ലാഹുവന്‍റെ ഈ നിയമം മാറുന്നതെങ്ങനെ?

വിശുദ്ധ ഖുര്‍‌ആനില്‍ നിന്ന് ഉധരിച്ച ഈ തെളിവുകള്‍ തന്നെ ഈസാ നബി(അ) മരിച്ചു പോയിരിക്കുന്നു എന്നതിലേക്ക് മതിയായതാണ്.

ഇനി ഈസാനബി മരിച്ചു പോയിരിക്കുന്നു എന്നതിലേക്ക് ഹദീസുകളില്‍ എന്തു തെളിവാണ് ഉള്ളത് എന്നു പരിശോധിക്കാം.
(തുടരും)

Monday, July 19, 2010

ഈസാനബി മരിച്ചിട്ടില്ലേ?

മുഹമ്മദു നബി(സ)ക്കു മുമ്പു വന്ന പ്രവാചന്മാര്‍ എല്ലാം കാലഗതി പ്രാപിച്ചു പോയിരിക്കുന്നു എന്നു വ്യക്തമാക്കുന്ന വിശുദ്ധ ഖുര്‍‌ആനിലെ വചനം കഴിഞ്ഞ പോസ്റ്റില്‍ വായനക്കര്‍ കണ്ടു. ഒരു മുസ്‌ലിമിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍‌ആനിലെ ഒരു സൂക്തം തന്നെ മതിയായ തെളിവാണ്. എന്നിരുന്നാലും, വിശുദ്ധ ഖുര്‍‌ആന്‍റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ സത്യപ്പെടുത്തും എന്നതുകൊണ്ട് സ്വാഭാവികമായും ഈ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേറെയും തെളിവുകള്‍ ഖുര്‍‌ആനില്‍ ഉണ്ടായിരിക്കേണ്ടതാണ്. നമുക്കു പരിശോധിക്കാം.

വിശുദ്ധ ഖുര്‍‌ആനിലെ അഞ്ചാമത്തെ അദ്ധ്യായമായ 'അല്‍‍മാഇദ'യിലെ 117, 118 വചനങ്ങള്‍ ഇപ്രകാരമാണ്:

'അല്ലാഹു പറയുന്ന അവസരം: അല്ലയോ മര്‍‌യമിന്‍റെ മകന്‍ ഈസാ, എന്നെയും എന്‍റെ മാതാവിനെയും അല്ലാഹുവിനെ കൂടാതെ രണ്ടു ദൈവങ്ങളായി സ്വീകരിക്കുക എന്നു നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയത്രേ പരിശുദ്ധന്‍. എനിക്കു പറയാന്‍ അവകാശമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനതു പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്നിലുള്ളത് നീ അറിയുന്നു. നിന്നിലുള്ളത് ഞാന്‍ അറിയുന്നില്ല. തീര്‍ച്ചയായും നീ പരോക്ഷ കാര്യങ്ങള്‍ നന്നായി അറിയുന്നവനാണ്.

'നീ എന്നോട് ആജ്ഞാപിച്ചതല്ലാതെ ഞാന്‍ അവരോട് മറ്റൊന്നും പറഞ്ഞിരുന്നില്ല. അതായത്, 'എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍' എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്' (5: 117, 118)

ഇവിടെ, ഈസാനബി(അ)യും അല്ലാഹുവും തമ്മില്‍ പരലോകത്തു വെച്ചു നടക്കുന്ന ഒരു സംഭാഷണ രൂപത്തില്‍ വിശുദ്ധ ഖുര്‍‌ആനിലൂടെ അല്ലാഹു ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. അല്ലാഹു ഈസാനബിയോട് ചോദിക്കുന്നു അദ്ദേഹത്തെയും മാതാവിനെയും ഇലാഹുകളാക്കി ആരാധിക്കാനുള്ള അദ്ധ്യാപനം അദ്ദേഹമാണോ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയത് എന്ന്. അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞശേഷം 'ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു' എന്നാണ് പറയുന്നത്. അതായത്, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന് തന്‍റെ അനുയായികളോട് ഉപദേശിച്ചപ്പോള്‍ അവര്‍ അപ്രകാരം പ്രവര്‍ത്തിച്ചിരുന്നു എന്നതിന്‍റെ ദൃക്സാക്ഷ്യമാണ് ഈസാനബി 'കുന്‍‌തു അലൈഹിം ശഹീദന്‍' എന്ന വചനത്തിലൂടെ പറയുന്നത്. ഈസാനബി അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം കാലം തന്നെയോ തന്‍റെ മാതാവിനെയോ അനുയായികള്‍ ആരാധിച്ചിരുന്നില്ല, അല്ലാഹുവിനെ മാത്രമാണ് അവര്‍ ആരാധിച്ചിരുന്നത് എന്നതിനുള്ള തന്‍റെ സാക്ഷ്യം അല്ലാഹുവിന്‍റെ മുന്‍പില്‍ ഈസാനബി വ്യക്തമാക്കുകയാണ് ഇവിടെ.

ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷ മുസ്‌ലിംകള്‍ ഈ സൂക്തങ്ങള്‍ക്ക് എങ്ങനെയാണ് അര്‍ഥം കൊടുക്കുന്നത് എന്നു പരിശോധിക്കാം. ഉദാഹരണത്തിന് മൗലാനാ മൗദൂദി കൊടുത്തിരിക്കുന്ന അര്‍ഥം നോക്കാം:

"അല്ലാഹു ചോദിക്കും, `ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്‍റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?` അപ്പോള്‍ അദ്ദേഹം മറുപടി പറയും: `നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്‍റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്‍റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്‍റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു."

ഇവിടെ ഈസാനബിയെ ജീവിപ്പിച്ചിരുത്താന്‍ വേണ്ടി മൗദൂദി സാഹിബ് കാണിക്കുന്ന തിരിമറി നോക്കുക. 'ഫലമ്മാ തവഫ്ഫയ്ത്തനീ' - (നീ എന്നെ മരിപ്പിച്ചപ്പോള്‍) എന്നതിന്‍റെ തര്‍ജ്ജമയായി അദ്ദേഹം കൊടുത്തിരിക്കുന്നത് 'നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍' എന്നാണ്. ഇത് വ്യാജമാണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യത്തിന്‍റെ ഒന്നും ആവശ്യം ഇല്ല. 'തവഫ്ഫ' എന്ന പദം മലയാളികള്‍ക്കു പോലും സുപരിചിതമാണ്. ഒരാള്‍ 'വഫാത്തായി' എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു എന്നല്ലാതെ അയാളെ തിരിച്ചു വിളിച്ചു എന്നാരെങ്കിലും മനസ്സിലാക്കാറുണ്ടോ? ഇത്രയും ലളിതമായ ഒരു വാക്കിന് സ്ഥാപിത താല്‍‌പ്പര്യം സം‌രക്ഷിക്കാന്‍ വേണ്ടി തെറ്റായ അര്‍ത്ഥം കൊടുത്തിരിക്കുകയാണിവിടെ. അല്ലാഹു ഒരാളെ 'തവഫ്ഫ' ചെയ്തു എന്ന് പറഞ്ഞാല്‍ അയാള്‍ മരിച്ചു എന്നല്ലാതെ മറ്റെന്തെങ്കിലും അര്‍ഥം അതിനില്ല എന്ന് അറബി ഭാഷ അറിയുന്നവര്‍ക്കെല്ലാം അറിയാം. മാത്രമല്ല ഈ ആയത്തിന്‍റെ അര്‍ഥം വ്യക്തമാക്കുന്ന ഒരു ഹദീസ് ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. പ്രസ്തുത ഹദീസ് ഇപ്രകാരമാണ്:

'പുനരുഥാന നാളില്‍ ഹൗദുല്‍ കൗസറിന്നടുത്തു നിന്നുകൊണ്ട് എന്‍റെ അനുയായികള്‍ക്ക് പരിശുദ്ധ ജലം വിതരണം ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു കൂട്ടം ആളുകളോടു കൂടി മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ നരകത്തിലേക്ക് ഉന്തിത്തള്ളിക്കൊണ്ടു പോകുന്നതുമായിരിക്കും. അപ്പോള്‍ അവരൊട് ഞാന്‍ 'ഉസൈഹാബി, ഉസൈഹാബി' (ഇവരെന്‍റെ അനുചരരാണ്) എന്നു വിളിച്ചു പറയുന്നതായിരിക്കും. അപ്പോള്‍ ഇപ്രകാരം ഉത്തരം നല്‍കപ്പെടും.

"അങ്ങയ്ക്കു ശേഷം ഇവര്‍ പുതുതായി എന്തെല്ലാം മാറ്റം വരുത്തി എന്ന് അങ്ങ് അറിയുന്നില്ല. താങ്കളുടെ വേര്‍പാടിനു ശേഷം ഇവര്‍ പിന്തിരിഞ്ഞു കളഞ്ഞവരാണ്." അപ്പോള്‍ അല്ലാഹുവിന്‍റെ വരിഷ്ട ദാസന്‍ ഈസബ്നുബര്‍‌യം പറഞ്ഞത് പോലെ ഞാന്‍ പറയും: "ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലം വരെ ഞാന്‍ അവര്‍ക്ക് സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനു ശേഷം അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയാണ്" (ബുഖാരി, കുത്താബുത്തഫ്സീര്‍)

ഇവിടെ ഈസാനബി പറഞ്ഞ അതേ വചനം തന്നെയാണ് നബി തിരുമേനി(സ)യും പറഞ്ഞത് എന്നു കാണാം. സംശയത്തിനിടയില്ലാത്ത വിധം 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്നര്‍ഥം 'നീ എന്നെ മരിപ്പിച്ചപ്പോള്‍' എന്നാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഒരു ദുര്‍‌വ്യാഖാനത്തിനും ഇവിടെ പഴുതില്ല.

ഇനി വാദത്തിനു വേണ്ടി 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്‍റെ അര്‍ഥം 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍' എന്നാണെന്നു സമ്മതിച്ചാല്‍ തന്നെ, മൗദൂദി സാഹിബ് ഉദ്ദേശിച്ചപോലെ ഈസാനബിയെ ജീവിപ്പിച്ചിരുത്താന്‍ അദ്ദേഹത്തു സാധ്യമല്ല. കാരണം, തിരിച്ചു വിളിക്കപ്പെട്ട (എവിടേക്ക്?) ഈസാനബി വീണ്ടും ഭൂമിയില്‍ വരുമെന്നാണല്ലോ വിശ്വാസം. അങ്ങനെ തിരിച്ചു ഭൂമിയില്‍ വരുന്ന ഈസാനബി ഭൂമിയില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള ക്രിസ്ത്യാനികളെ തീര്‍ച്ചയായും കാണാതിരിക്കില്ല. അപ്പോള്‍ ക്രിസ്ത്യാനികളുടെ തെറ്റായ വിശ്വാസത്തെക്കുറിച്ചു അറിയും. അതായത് അവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റ മാതാവിനെയും ആരാധിക്കുന്നത് അദ്ദേഹം കാണും. ഇതെല്ലാം കണ്ടതിനു ശേഷം അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ഈസാനബി ഞാന്‍ അവരിലുണ്ടായിരുന്നിടത്തോളം കാലം അവര്‍ എന്നെയും എന്‍റെ മാതാവിനെയും ആരാധിച്ചിട്ടല്ല എന്നതിനു ഞാന്‍ സാക്ഷിയാണ് എന്നെങ്ങനെ പറയും?

കാര്യം വ്യക്തമാണ്. ഇസ്രായേല്‍ സമുദായത്തിലേക്ക് വേണ്ടി മാത്രം നിയുക്തനായ ഈസാ നബി(അ) ദൗത്യം നിര്‍‌വ്വഹിച്ച ശേഷം മരിച്ചു പോയിരിക്കുന്നു. ഇനി അദ്ദേഹം തിരി‍ച്ചു ഭൂമിയില്‍ വരുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

Tuesday, June 29, 2010

ഈസാനബിയുടെ ആകാശവാസം

അഹ്‌മദിയ്യാ പ്രസ്ഥാന സ്ഥാപകര്‍ ഹദ്റത്ത് അഹ്‌മദ്(അ)ന്‍റെ അടിസ്ഥാന പരമായ വാദം താന്‍ മുഹമ്മദി ഉമ്മത്തിലേക്കായി നിയോഗിതനായ മസീഹ് ആണെന്നാണ്. രണ്ടായിരം വര്‍ഷങ്ങല്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തിലേക്കു വന്ന മസീഹ് എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചു പോയിരിക്കുന്നു എന്നും, വരുമെന്നു നബി(സ) സുവിശേഷം അറിയിച്ച മസീഹ് നബിതിരുമേനി(സ)യുടെ ഉമ്മത്തില്‍ നിന്നു തന്നെ യാണ് വരേണ്ടത്, അത് താന്‍ ആണ് എന്നും അദ്ദേഹം വാദിച്ചു. ഇതര മുസ്‌ലിം സംഘടനകളെല്ലാം വിശ്വസിക്കുന്നത് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തിലേക്കു നിയോഗിതനായ ഈസാ മസീഹ് (അ) ഇപ്പോഴും ആകാശത്ത് ജീവിച്ചിരിപ്പുണ്ട് എന്നും അവസാന കാലം അദ്ദേഹം തന്നെ മുസ്‌ലിം സമുദായത്തിന്‍റെ പരിഷ്ക്കാരകനായ മസീഹായി ഇറങ്ങിവരും എന്നുമാണ്. ഈ വാദം (ഈസാനബി ജീവിച്ചിരിപ്പുണ്ട് എന്ന വാദം) ശരിയാണെങ്കില്‍ ഹദ്റത്ത് അഹ്‌മദിന്‍റെ വാദത്തിന്‍റെ അടിത്തറ തന്നെ തകരുന്നതാണ്. അദ്ദേഹത്തിന്‍റെ മറ്റൊരു വാദത്തിനും പിന്നെ പ്രസക്തിയില്ലാതാകും.

പ്രഥമദൃഷ്ട്യാ തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ഈസാനബിയുടെ ആകാശ വാസവും വീണ്ടുമുള്ള ഇറക്കവും. ഒന്നാമതായി, ഈസാനബിയെ വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത് ബനീ ഇസ്രായേല്യര്‍ക്ക് വേണ്ടി മാത്രം നിയോഗിതനായ ഒരു പ്രവാചകനായാണ്. ഇസ്രായേല്‍ സമുദായത്തിനു വേണ്ടി മാത്രം നിയോഗിതനായ ഒരു പ്രവാചകന്‍ മുഹമ്മദി ഉമ്മത്തിലേക്ക് വീണ്ടും നിയോഗിതനാവുക എന്നത് വിരോധാഭാസമാണ്. മാത്രമല്ല, രണ്ടായിരം വര്‍ഷത്തിലധികം ഒരു നബിയെ ആകാശത്തില്‍ ജീവനോടെ ഇരുത്തി വീണ്ടും അദ്ദേഹത്തെ ഭൂമിയിലേക്കിറക്കാന്‍ മാത്രം എന്തു സവിശേഷതയാണ് ഈസാനബിക്കുള്ളത്? റഹ്‌മത്തുല്‍‌ലില്‍ അലമീന്‍ ആയ മുഹമ്മദ് നബി(സ) പോലും ഒരു പുരുഷായുസു പൂര്‍ത്തിയാക്കി എല്ലാ മനുഷ്യരെയും പോലെ മരണത്തെ പുല്‍കി. നബി തിരുമേനി(സ)യെക്കാള്‍ എന്തെങ്കിലും കാര്യത്തില്‍ ഈസാനബിക്ക് സവിശേഷതയുള്ളതായി ഏതെങ്കിലും മുസ്‌ലിം സമ്മതിക്കും എന്നു വിശ്വസിക്കാനാവില്ല. ഏതെങ്കിലും നബിക്ക് അസാധാരണമായ നിലയല്‍ ദീര്‍ഘായുസ്സ് നല്‍കി സം‌രക്ഷിച്ച് അദ്ദേഹത്തെ വീണ്ടും ഭൂമിയില്‍ നിയോഗിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് ഏറ്റവും യോഗ്യന്‍ പ്രപഞ്ചത്തിനാകമാനം അനുഗ്രഹമായി വന്ന മുഹമ്മദ് നബി(സ) തിരുമേനിയാണ്.

ഈസാനബിയുടെയുടെ അമരത്വത്തിനും ആകാശവാസത്തിനും വിശുദ്ധ ഖര്‍‌ആനുമായി വല്ല ബന്ധവുമുണ്ടോ? ഇക്കാര്യം വിശകലന വിധേയമാക്കേണ്ടിയിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഒരു മനുഷ്യന്‍ മരിച്ചു എന്ന് തെളിയിക്കേണ്ടി വരുന്നതിലെ അപഹാസ്യത തല്‍ക്കാലം മറന്ന് ഈസാനബിയുടെ മരണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍‌ആന്‍ എന്തു പറയുന്നു എന്നു ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.

വിശുദ്ധ ഖുര്‍‌ആനിലെ മൂന്നാമത്തെ അദ്ധ്യായത്തിലെ 145 -)o വാക്യം ഇപ്രകാരമാണ്:

"മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങല്‍ പുറകോട്ട് തിരിഞ്ഞു കളയുമോ? ആരെങ്കിലും പുറകോട്ടു തിരിയുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്." (3:145)

ഇവിടെ അല്ലാഹു ഒരു പൊതു തത്ത്വം ഉദാഹരിച്ചു കാട്ടിക്കൊണ്ട്, അതായത്, മുഹമ്മദ് നബി(സ)ക്ക് മുന്‍പ് വന്ന എല്ലാ പ്രവാചകരും മരിച്ചു പോയിരിക്കുന്നു, അതുപോലെ മുഹമ്മദ് നബി(സ)യും മരിക്കും, അപ്പോള്‍ നിങ്ങള്‍ അല്ലഹുവിന്‍റെ ദീനില്‍ നിന്നു പിന്തിരിഞ്ഞു കളയുമോ എന്നാണ് ചോദിക്കുന്നത്.

മുമ്പുവന്ന പ്രവാചകന്മാരുടെ അന്ത്യം എങ്ങനെയായിരുന്നു എന്നും സംശയത്തിനിടയില്ലാത്ത രീതിയില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഒന്നുകില്‍ സ്വാഭാവിക മരണം, അല്ലെങ്കില്‍ കൊല്ലപ്പെടുക.

മുഹമ്മദ്നബി(സ)ക്ക് മുമ്പ് വന്ന ദൂതന്മാര്‍ എന്നതില്‍ ഈസാനബിയും പെടില്ലേ? മുഹമ്മദു നബി(സ)ക്ക് തൊട്ട്മുമ്പ് വന്ന പ്രവാചകാനായ ഈസാനബി എങ്ങനെ ഈ ഗണത്തില്‍ ഇന്ന് ഒഴിവാകും? തീര്‍ച്ചയായും ഈസാനബി എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചുപോയി എന്നു തന്നെയാണ് വിശുദ്ധ ഖുര്‍‌ആനിലെ ഈ സൂക്തം വ്യക്തമായും മനസ്സിലാക്കിത്തരുന്നത്.

നബി(സ)യുടെ സഹാബികള്‍ ഈ ആയത്തിനെ എങ്ങനെയായിരുന്നു മനസ്സിലാക്കിയത് എന്ന് വ്യക്തമാക്കുന്ന സുപ്രസിദ്ധമായ ഒരു സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. നബി(സ)യുടെ ഫഫാത്തുമായി ബന്ധപ്പെട്ടതാണ് അത്. നബി(സ) ദിവംഗതനായ സന്ദര്‍ഭത്തില്‍, ആ വാര്‍ത്ത വിശ്വസിക്കാനാവാതെ ഉമര്‍(റ), ഊരിപ്പിടിച്ച വാളുമായി നിലയുറപ്പിക്കുകയും ആരെങ്കിലും മുഹമ്മദ് നബി(സ) മരിച്ചുപോയിരിക്കുന്നു എന്നു പറയുകയാണെങ്കില്‍ അയാളുടെ തല ഞാന്‍ കൊയ്യും എന്നു പറയുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) അവിടെ ഉണ്ടായിരുന്നില്ല. മറ്റുസഹാബിമാര്‍ക്കര്‍ക്കും ഉമറിനെ പറഞ്ഞു മനസ്സിലാക്കനുള്ള ധൈര്യം ഇല്ലായിരുന്നു. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന പ്രകൃതകായിരുന്നു ഉമറി(റ)ന്‍റെത്.

അല്പ സമയത്തിനു ശേഷം അബൂബക്കര്‍(റ) സ്ഥലത്തെത്തുകയും അദ്ദേഹം നബി(സ) തിരുമേനിയുടെ ശരീരത്തിനടുത്ത് പോയി അദ്ദേഹത്തിന്‍റെ വിയോഗം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം ഉമറി(റ)നെയും അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് "മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങല്‍ പുറകോട്ട് തിരിഞ്ഞു കളയുമോ? ആരെങ്കിലും പുറകോട്ടു തിരിയുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്." എന്ന ഖുര്‍‌ആന്‍ ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഒരു ലഘു പ്രഭാഷണം നിര്‍‌വ്വഹിക്കുകയുണ്ടായി. ഈ ആയത്ത് കേട്ട മാത്രയില്‍ തന്നെ ഉമര്‍(റ)ന്‌ കാര്യം വ്യക്തമാകുകയും അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് വാള്‍ ഊര്‍ന്ന് വീഴുകയും ചെയ്തു.

ഈ ചരിത്ര സംഭവം സംശയലേശമന്യേ വ്യക്തമാക്കുന്നത് നബിതിരുമേനി(സ) ക്കു മുമ്പുള്ള എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്ന കാര്യത്തില്‍ അവിടെ അപ്പോള്‍ കൂടിയിരുന്ന സഹാബാക്കളെല്ലാം ഏകോപിച്ചിരുന്നു എന്നാണ്. അല്ലായിരുന്നുവെങ്കില്‍ ആരെങ്കിലും ഈസാനബിയുടെ കാര്യം അവിടെ ഉന്നയിക്കുമായിരുന്നു. കാരണം, മുന്‍‌കഴിഞ്ഞ പ്രവാചക്ന്മാരെല്ലാം മരിച്ചു പോയിരിക്കുന്നു, അതുപോലെ നബിയും(സ) മരിച്ചു എന്നാണല്ലോ ആ സൂക്തം ഉദ്ധരിച്ചുകൊണ്ട് അബൂബക്കര്‍(റ) സ്ഥാപിച്ചത്. ഈസാനബി(അ) ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസം സഹാബാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഉമറോ(റ) അല്ലെങ്കില്‍ ഏതെങ്കിലും സഹാബിയോ അക്കാര്യം ഉന്നയിച്ച് ഈ ആയത്ത് ഈസാനബിക്ക് ബാധകമല്ലല്ലോ എങ്കില്‍ എന്തുകൊണ്ട് നബി(സ)ക്കും ബാധകമാകാതിരുന്നുകൂടാ എന്ന ന്യായം ഉന്നയിക്കുമായിരുന്നു. ആരും തന്നെ അങ്ങനെ ഒരു കര്യം അപ്പോഴോ പിന്നീടെപ്പോഴെങ്കിലുമോ ഉന്നയിച്ചതായി കാണുന്നില്ല. ഇതില്‍ നിന്നു മനസ്സിലാകുന്നത്, നബി(സ) യുടെ വിയോഗത്തിനു ശേഷം സഹാബാക്കള്‍ക്കിടയില്‍ ആദ്യമായുണ്ടായ 'ഇജ്മാഅ്‌' (ഏകോപിച്ച അഭിപ്രായം) ഈസാ നബി(അ) ഉള്‍പ്പെടെ, മുഹമ്മദ് നബി(സ)ക്ക് മുമ്പു വന്ന എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്നാകാര്യത്തിലാണ് എന്നാണ്.

Monday, June 28, 2010

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: ഒരു ലഘു പരിചയം

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെപ്പോലെ മുസ്‌ലിം ജനവിഭാഗത്തിനിടയില്‍ ഇത്രയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗം വേറെ ഉണ്ടാകും എന്നു തോന്നുന്നില്ല. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായ ഒട്ടേറെ ആരോപണങ്ങള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ജമാ‌അത്തിനെതിരില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പാവം അനുയായികളാകട്ടെ തങ്ങളുടെ നേതാക്കള്‍ പറഞ്ഞത് സത്യമാണെന്നു കരുതി യാതൊരു വിശകലനത്തിനും മുതിരാതെ ഈ ആരോപണങ്ങള്‍ അപ്പടി വിശ്വസിക്കുന്നു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെതിരില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ചില വ്യാജാരോപണങ്ങള്‍ നോക്കുക:

 അഹ്‌മദികളുടെ മതം വേറെയാണ്.

തികച്ചും തെറ്റ്. ഇസ്‌ലാമല്ലാതെ അഹ്‌മദികള്‍ക്ക് വേറെ ഒരു മതവുമില്ല. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് എന്നാണ് ജമാഅത്തിന്‍റെ പേര്.

 അഹ്‌മദികളുടെ കലിമ വേറെയാണ്.

ഗുരുതരമായ തെറ്റ്. "ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ്" എന്നല്ലാതെ വേറെ ഒരു കലിമ അഹ്‌മദികള്‍ക്കില്ല.

 ഹദ്റത്ത് മുഹമ്മദ് നബി (സ) യെ അഹ്‌മദികള്‍ പിന്‍പറ്റുന്നില്ല.

തികച്ചും വ്യാജമായ ഒരാരൊപണം. മുകളില്‍ പറഞ്ഞത്പോലെ "ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ്" എന്ന കലിമയില്‍ അടിയുറച്ച് വിശ്വസിക്കുകയും മുസ്‌ലിംകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന അഹ‌മദികള്‍ മുഹമ്മദ് നബി (സ) യില്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? മുഹമ്മദ് നബി (സ) തിരുമേനി 'ഖാത്തമുന്നബിയ്യീന്‍' ആണെന്നും ആ പുണ്യ പുമാന് തുല്യമായി ഭൂമുഖത്ത് ഒരാളും ജനിച്ചിട്ടില്ലെന്നും ഇനി ജനിക്കുകയില്ലെന്നും അദ്ദേഹത്തെ പിന്‍പറ്റാത്ത ആര്‍ക്കും മോക്ഷം പ്രാപിക്കുക സാധ്യമല്ലെന്നുമാണ് അഹ്‌മദികള്‍ അടിയുറച്ചു വിശ്വസിക്കുന്നത്.

അഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ സ്ഥപകര്‍ ഹദ്റത്ത് അഹ്‌മദ് (അ) റസൂല്‍ തിരുമേനിയെക്കുറിച്ചു പറഞ്ഞ ഏതാനും ഉദ്ധരണികള്‍ താഴെ:

"ഞാന്‍ എന്‍റെ നേതാവും യജമാനനും പ്രവാചക ശ്രേഷ്ഠനും മനുഷ്യകുലോത്തമനുമായ ഹദ്റത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയുടെ കാല്പ്പാടുകള്‍ പിന്തുടര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ അനുഗ്രഹങ്ങളൊന്നും എനിക്ക് കൈവരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ നേടിയതത്രയും അവിടത്തെ പിന്തുടര്‍ച്ച മൂലം നേടിയതത്രേ. ആ നബി ശ്രേഷ്ഠനെ പിന്‍പറ്റാതെ ദൈവപ്രാപ്തി കൈവരിക്കുകയും ദിവ്യജ്ഞാനത്തിന്‍റെ അംശം സമ്പാദിക്കുകയും ചെയ്യുവാന്‍ യാതൊരാള്‍ക്കും സാധിക്കുകയില്ലെന്ന് സത്യവും സമ്പൂര്‍ണ്ണവുമായ ജ്ഞാനം മുഖേനെ ഞാന്‍ മനസ്സിലാക്കുന്നു. നബി(സ) തിരുമേനിയെ ആത്മാര്‍ഥമായും പരിപൂര്‍ണ്ണമായും വഴിപ്പെട്ടതിനു ശേഷം മറ്റെന്തിനേക്കാളും മുന്‍പേ ഹൃദയത്തില്‍ ഉടലെടുക്കുന്നതെന്താണെന്നു കൂടി ഞാന്‍ ഇവിടെ വിവരിച്ചുകൊള്ളുന്നു. ഓര്‍ത്തുകൊള്ളുക! അത് പരിശുദ്ധ ഹൃദയമാകുന്നു. എന്നുവെച്ചാല്‍, ഹൃദയത്തില്‍ നിന്ന് ഭൗതികാസക്തി പാടേ നിഷ്ക്രമിക്കുകയും ഹൃദയം ശാശ്വതവും അനശ്വരവുമായ അനുഭൂതിയെ തേടിക്കൊണ്ടിരിക്കുന്ന അവസ്ഥയെ കൈവരിക്കുകയുമാണത്. അതിനു ശേഷം ആ ഹൃദയശുദ്ധി മുഖേന നിര്‍മ്മലവും പരിപൂര്‍ണ്ണവുമായ ദൈവപ്രേമം സംസിദ്ധമാകുന്നു. ഈ എല്ലാം അനുഗ്രഹങ്ങളും തിരുനബിയോടുള്ള പിന്തുടര്‍ച്ച മുഖേന പൈതൃകമെന്നോണം ലഭിക്കുന്നതാകുന്നു." (റൂഹാനി ഖസായിന്‍, വാള്യം 22, ഭാ. 64, 65 - ഹഖീഖത്തുല്‍ വഹ്‌യ്)

"ഭൂമിയിലുള്ളവര്‍ കരുതുന്നുണ്ടാകും, ഒടുവില്‍ ഈ ലോകത്ത് പരക്കുന്നത് കൃസ്തുമതമായിരിക്കും എന്ന്. അല്ലെങ്കില്‍, അവസാനം നിലനില്‍ക്കുന്നത് ബുദ്ധമതമായിരിക്കും എന്ന്. എന്നാല്‍ അവരെല്ലാം തെറ്റായ ധാരണയിലാണ്. ആകാശത്തില്‍ തീരുമാനിക്കപ്പെടുന്നത് വരെ ഭൂമിയില്‍ ഒന്നും സംഭവിക്കയില്ലെന്ന് ഓര്‍ത്തുകൊള്ളുക. ജനഹൃദയങ്ങളെ അവസാനം കീഴ്പ്പെടുത്തുന്നത് ഇസ്‌ലാം മതമായിരിക്കുമെന്ന് സ്വര്‍ഗ്ഗത്തിന്‍റെ നാഥന്‍ എന്നെ അറീയിച്ചിരിക്കുന്നു." (റൂഹാനി ഖസായിന്‍, വാള്യം 21, ഭാ. 427, ബറാഹീനെ അഹ്‌മദിയ്യ - വാള്യം - 5)

"തൗഹീദ് ഒരു പ്രകാശമാകുന്നു. ആന്തരീയമോ ഭാഹ്യമോ ആയ ലോകത്തിലെ എല്ലാ ദുര്‍ദൈവങ്ങളുടെയും നിരാകരണത്തിനു ശേഷം മാത്രം ഹൃദയത്തില്‍ ഉടലെടുക്കുന്ന ഒന്നാകുന്നു അത്. മനുഷ്യ സത്തയുടെ ഓരോ അണുവിലും അത് വ്യാപിക്കുമാറാകുന്നു. ദൈവത്തിന്‍റെയും അവന്‍റെ തിരു ദൂതരുടെയും സഹായമില്ലാതെ സ്വശക്തികൊണ്ട് മാത്രം അതെങ്ങനെ സം‌പ്രാപ്യമാകും? തന്‍റെ അഹന്തയ്ക്ക് അറുതിവരുത്തുകയും പൈശാചികമായ അഹങ്കാരത്തെ കൈയൊഴിക്കുകയും ചെയ്യുക എന്നതു മാത്രമാണ് മനുഷ്യന്‍റെ കര്‍ത്തവ്യം. അറിവില്‍ വളര്‍ന്നവനാണെങ്കിലും അറിവില്ലാത്തവനായി സ്വയം കരുതുകയും പ്രാര്‍ഥനയില്‍ നിരതനായിരിക്കുകയും വേണ്ടതാണ്. അപ്പോഴാണ് തൗഹീദിന്‍റെ പ്രകാശം ദൈവത്തില്‍ നിന്ന് അവനില്‍ ഇറങ്ങുക. അതോടെ അയാള്‍ക്ക് പുതിയൊരു ജീവിതം പ്രദാനം ചെയ്യപ്പെടുന്നു." (റൂഹാനി ഖസായിന്‍, വാള്യം 22, ഭാ. 148 ഹഖീഖത്തുല്‍ വഹ്‌യ്)

"ഓ ഭൂവാസികളേ! അല്ലയോ കിഴക്കും പടിഞ്ഞാറും നിവസിക്കുന്ന മനുഷ്യാത്മാക്കളേ, സത്യമതം ഇന്ന് ലോകത്ത് ഇസ്‌ലാം മാത്രമാണെന്നും വിശുദ്ധ ഖുര്‍‌ആനില്‍ പറയപ്പെട്ട ദൈവം മാത്രമാണ് സത്യദൈവമെന്നും അത്മീയമായി ജീവിക്കുന്ന പ്രവചകന്‍, എന്നുവെച്ചാല്‍, മഹത്വത്തിന്‍റെയും പരിശുദ്ധിയുറ്റെയും സിംഹാസനത്തില്‍ എന്നെന്നും ഇരിക്കുന്ന പ്രവാചകന്‍ ഹദ്റത്ത് മുഹമ്മദ മുസ്തഫാ(സ) തിരുമേനിയാണെന്നുമുള്ള വസ്തുത സ്വീകരിക്കുവാന്‍ ഞാന്‍ നിങ്ങളെ ഹൃദയപൂര്‍‌വ്വം ക്ഷണിച്ചുകൊള്ളുന്നു." (റൂഹാനി ഖസായിന്‍, വാള്യം 15 ഭാ. 141, തിരിയാഖുല്‍ ഖുലൂബ്, ഭാ.13)

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: ഒരു ലഘു പരിചയം

1889 - ല്‍ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (അ) ആണ് ഈ ദൈവിക ജമാഅത്ത് അല്ലാഹുവിന്‍റെ അറിയിപ്പനുസരിച്ച് സ്ഥപിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗാനന്തരം തിരഞ്ഞെടുക്കപ്പെടുന്ന ഖലിഫമാര്‍ ഈ ജമാഅത്തിനെ നയിക്കുന്നു. ഇപ്പോള്‍ അഞ്ചാമത്തെ ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദിന്‍റെ നേതൃത്വത്തില്‍ 195 ലേറെ രാഷ്ട്രങ്ങളില്‍ ജമാ‌അത്ത് ഇസ്‌ലാമിക മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ആഗോളാടിസ്ഥാനത്തില്‍ ഒരു ഖലീഫയുടെ കീഴില്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏക ഇസ്‌ലാമിക പ്രസ്ഥാനം അഹ്‌മദിയ്യാ ജമാഅത്ത് മാത്രമാണ്.

ഹദ്റത്ത് മുഹമ്മദ് നബി(സ) തിരുമേനിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ അവസാന കാലത്ത് ആഗതരാകും എന്നു മുസ്‌ലിംകള്‍ പ്രതീക്ഷിക്കുന്ന ഇമാംമഹ്‌ദിയും വാഗ്ദത്തമസീഹും താന്‍ ആണെന്ന് ഹദ്റത്ത് അഹ്‌മദ് (അ) വാദിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റായീല്‍ സമുദായത്തിനുവേണ്ടി മാത്രം നിയോഗിതനായ മസീഹ് ഇസാ(അ) എല്ലാ പ്രവാച കരെയും പോലെ മരിച്ചുപോയി എന്നും, മുസ്‌ലിം ഉമ്മത്തില്‍ വരുമെന്ന് നബിതിരുമേനി വാഗ്ദത്തം ചെയ്ത മസീഹ് ഈ ഉമ്മത്തില്‍ നിന്നു തന്നെയാണ് വരേണ്ടത് എന്നും അത് താനാണെന്ന് അല്ലാഹു തന്നെ അറിയിച്ചിരിക്കുന്നു എന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യങ്ങള്‍ വിശുദ്ധ ഖുര്‍‌ആന്‍റെയും നബിതിരുമേനി(സ) യുടെ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം പ്രമാണ സഹിതം തെളിയിച്ചു.

അഹ്‌മദി മുസ്‌ലിംകളും ഇതര മുസ്‌ലിംകളും തമ്മിലുള്ള വ്യത്യാസം ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ: നബിതിരുമേനിയുടെ പ്രവചനപ്രകാരം വരാനുണ്ടെന്നു മുസ്‌ലിം സമുദായം പ്രതീക്ഷിക്കുന്ന വാഗ്ദത്ത പരിഷ്ക്കര്‍ത്താവ് വന്നു എന്നു അഹ്‌മദികള്‍ വിശ്വസിക്കുമ്പോള്‍ വന്നിട്ടില്ല, വരും എന്ന് മറ്റു മുസ്‌ലിംകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

അനുബന്ധമായി വരുന്ന മറ്റു വിഷയങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ ചര്‍ച്ചചെയ്യാം.