വിശുദ്ധ ഖുര്‍ആനില്‍ നബി(സ)യെക്കുറിച്ച് 'ഖാത്തമുന്നബിയ്യീന്‍' എന്ന് പറഞ്ഞിരിക്കേ
വിശുദ്ധ ഖുര്‍ആന്‍ വള്ളി പുള്ളി തെറ്റാതെ അംഗീകരിക്കുകയും ഖുര്‍ആനിക അധ്യാപനങ്ങള്‍
ജീവിതത്തില്‍ പകര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന അഹ്മദികള് എങ്ങനെയാണ് നബി(സ)
‘ഖാത്തമുന്നബിയ്യീന്‍’ അല്ല എന്ന് പറയുക? മറ്റേതൊരു
മുസ്ലിം കക്ഷികളെക്കാളും ആത്മാര്‍ത്ഥമായി നബി(സ) ഖാത്തമുന്നബീയ്യീന്ന് ആണെന്ന് അഹ്മദികള്
വിശ്വസിക്കുന്നു എന്നതാണ് പരമാര്‍ത്ഥം. പിന്നെ എന്താണ് ഈ ആകക്ഷേപത്തിന്റെ അടിസ്ഥാനം? അക്കാര്യം നമുക്കൊന്ന് പരിശോധിക്കാം.
"ഖാത്തമുന്നബിയ്യീന്‍" എന്ന പ്രയോഗത്തിന് നബി(സ) തിരുമേനിക്ക്
ശേഷം ഒരു വിധത്തിലുള്ള പ്രവാചകന്മാരും വരില്ല എന്ന തെറ്റായ അര്‍ഥമാണ് പൊതുവെ മുസ്ലിംകള്
നല്‍കിവരുന്നത്. എന്നാല്‍ ഇത് ഭാഷാപരമായി നോക്കിയാലും ഖുര്നിക അധ്യാപനത്തിന്റെ അടിസ്ഥാനത്തില്‍
നോക്കിയാലും അഖീദാ പരമായി നോക്കിയാലും അബദ്ധം ആണെന്ന് കാണാം.
പ്രവാചകത്വം നിലച്ചു പോയി എന്ന വാദം ഒരു പുതിയ വാദമല്ല എന്നാണ്
മനസ്സിലാകുന്നത്. ഏതൊരു പ്രവാചകന്റെയും അനുയായികള്‍ അവരവരുടെ പ്രവാചനു ശേഷം പിന്നെ
നബി ഇല്ല എന്ന വാദക്കാരായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഉദാഹരണമായി യൂസുഫ് നബി(അ)യുടെ
ചരിത്രം പറയുന്നത് നോക്കുക:
وَلَقَدْ جَاءكُمْ يُوسُفُ مِن قَبْلُ بِالْبَيِّنَاتِ فَمَا
زِلْتُمْ فِي شَكٍّ مِّمَّا جَاءكُم بِهِ حَتَّى إِذَا هَلَكَ قُلْتُمْ لَن
يَبْعَثَ اللَّهُ مِن بَعْدِهِ رَسُولًا كَذَلِكَ يُضِلُّ اللَّهُ مَنْ هُوَ
مُسْرِفٌ مُّرْتَابٌ
الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ
أَتَاهُمْ كَبُرَ مَقْتًا عِندَ اللَّهِ وَعِندَ الَّذِينَ آمَنُوا كَذَلِكَ
يَطْبَعُ اللَّهُ عَلَى كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ
"വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ
അടുത്ത് വരികയുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി
നിങ്ങള്‍ സംശയത്തിലായിക്കൊണ്ടേയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ 'ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല' എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ
അവരെ അല്ലാഹു വഴിതെറ്റിക്കുന്നു. അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്റെ അടുക്കലും
സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും
ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു." (40 : 35,36)
ഒരു പ്രവാചനു ശേഷം ഇനി ആരെയും അല്ലാഹു പ്രവാചകന് ആയി നിശ്ചയിക്കുകയില്ല
എന്ന് പറയുന്നവരെയാണ് അല്ലാഹു ഇവിടെ 'അവര്‍ അതിരു
കവിഞ്ഞു പ്രവര്‍ത്തിക്കുന്നവരും സംശയാലുക്കളും വഴി പിഴച്ചവരും ഒരു പ്രമാണവും കൂടാതെ
ദൈവ വചനങ്ങളുടെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരും ദൈവത്തിന്റെയും വിശ്വാസികളുടെയും
പക്കല്‍ കോപകരമായ കാര്യം ചെയ്യുന്നവരും തന്നിഷ്ടക്കാരും അഹങ്കാരികളും ഹൃദയത്തിന്മേല്
അല്ലാഹുവിനാല്‍ മുദ്ര വെക്കപ്പെട്ടവരുമാണെന്ന്'
വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇക്കാലത്തെ മുസ്ലിം സമുദായവും ഇതേ പാതയാണ്
പിന്തുടരുന്നത് എന്നത് എത്രദൗര്ഭാഗ്യകരമാണ്!
നബി(സ) തിരുമേനിക്ക് ശേഷം ഒരു വിധത്തിലുള്ള പ്രവാചകന്മാരും വരില്ല
വാദം അഖീദാ പരമായി തന്നെ തെറ്റാണ്. വിധത്തിലുള്ള
പ്രവാചകന്മാരും വരില്ല എന്ന് പറയുന്നവര്‍ തന്നെ അവസാനകാലത്ത് ഇസബ്നു മര്‍യം അവതരിക്കും
എന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ് എന്നതാണ് വിചിത്രം. നബി(സ) തിരുമേനിക്ക് ശേഷം
ഒരു വിധത്തിലുള്ള പ്രവാചകന്മാരും വരില്ലെങ്കില്‍ പിന്നെ വരാനുള്ള മസീഹ് നബിയായിരിക്കും
എന്ന് നബി(സ) ആവര്‍ത്തിച്ച് പറഞ്ഞത് എങ്ങനെ ശരിയാകും എന്ന ചോദ്യം ഒരു കീറാമുട്ടിയായി
അവശേഷിക്കുന്നു. വരുന്നത് രണ്ടായിരം കൊല്ലം മുമ്പ് വന്ന അതേ ഈസാനബിയാണ് എന്നാണ് ഇതിനു
ചിലര്‍ പറയുന്ന മുടന്തന്‍ന്യായം (ഈസാനബി(അ) മരിച്ചു പോയി എന്ന് തെളിയിക്കപ്പെട്ടതാണ്
എന്നത് വേറെ കാര്യം). വാദത്തിനു വേണ്ടി ഇത് അംഗീകരിച്ചാല്‍ തന്നെ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നപോലുള്ള
ഒരു ന്യായം മാത്രമാണ് ഇത്. അതുകൊണ്ടാണല്ലോ മൗദൂദി സാഹിബിനെപ്പോലുള്ളവര്‍ ഈസാനബി(അ)
വീണ്ടും വരുമ്പോള്‍ നബിയായിരിക്കില്ല, അദ്ദേഹത്തിന്റെ
നുബുവ്വത്ത് അല്ലാഹു റദ്ദ് ചെയ്തിരിക്കും എന്ന ഉട്ടോപ്യന്‍ വാദവുമായി രംഗപ്രവേശം ചെയ്തത്.
(ജമാഅത്തെ ഇസ്ലാമിക്കര് ഈസാനബിയെ ഈസക്കാക്ക എന്നാണത്രേ ഇപ്പോള്‍ വിളിക്കുന്നത്).
ഇനി ഭാഷാപരമായി 'ഖാത്തമുന്നബിയ്യീന്‍' എന്നതിന് എന്താണ് അര്‍ഥം എന്ന് നോക്കാം. വിശുദ്ധ ഖുര്‍ആനില്‍
സൂറത്തുല്‍ അഹ്സാബിലെ നാല്പത്തിഒന്നാമത്തെ ആയത്തിലാണ് ഖാത്തമുന്നബിയ്യീന്‍ എന്ന് നബി(സ)
തിരുമേനിയെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്.
مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَكِن
رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ
عَلِيمًا
"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല.
പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ഖാത്തമുന്നബീയ്യീനുമാകുന്നു.
അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." (33 : 41)
ഈ ആയത്തിലെ 'ഖാത്തം' എന്ന വാക്കിന് 'അന്ത്യന്‍.
എന്ന് അര്‍ഥം കൊടുത്തുകൊണ്ടാണ് ഖാത്തമുന്നബിയ്യീന്‍ എന്നതിന് 'അന്ത്യപ്രവാചകന്' എന്ന് അര്ത്ഥകല്പന
ചെയ്യുന്നത്. എന്നാല്‍ 'ഖാത്തം' എന്നതിന് മുദ്ര, പരിപൂര്‍ണ്ണത, ശ്രേഷ്ഠന് എന്നെല്ലാമാണ് അറബി ഭാഷയില്‍ അര്‍ത്ഥം. ഒരു സമൂഹപദത്തിന്റെ
വിശേഷണമായി 'ഖാത്തം' ഉപയോഗിച്ചാല്‍ അതിന് ആ സമൂഹത്തിലെ ശ്രേഷ്ഠന് എന്ന് മാത്രമാണ്
അര്‍ഥം. ഇത് തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങള്‍ അറബി സാഹിത്യങ്ങളില്‍ നിന്ന് ഉദ്ധരിക്കാന്‍
കഴിയും. ചില ഉദാഹരണങ്ങള്‍ നോക്കുക:
- ഖാത്തമുശ്ശുഅറാഅ്: കവികളില്‍ ശ്രേഷ്ഠന് - സുപ്രസിദ്ധ കവി അബൂ തമാമിനെക്കുറിച്ച് (വഫായാത്തുല്‍ അഅ്യാന്‍. V-1, P-122, Cairo)
- ഖാത്തമുല്‍ ഔലിയാഅ്: ഹദ്റത്ത അലി (റ) യെക്കുറിച്ച് റസൂല്‍ (സ) പറഞ്ഞത് - (തഫ്സീര്‍ സാഫീ, അല്‍ അഹ്സാബ്).
- ഖാത്തമുല്‍ ഔലിയാഅ്: ശൈഖ് ഇബ്നു അറബിയെക്കുറിച്ച് - (ഫുത്തൂഹാത്തുല്‍ മക്കിയ്യ, title page)
- ഖാത്തമുല്‍ കറാം: കര്‍പ്പൂരത്തെക്കുറിച്ച് (ശറഹ് ദീവാനുല്‍ മുതനബ്ബി, p. 304)
- ഖാത്തമുല്‍ അഇമ്മ: ഇമാം മുഹമ്മദ് അബ്ദ, ഈജിപ്ത്. (തഫ്സീല്‍ അല്‍ ഫാത്തിഹ, p. 148)
- ഖാത്തമുല്‍ മുജാഹിദീന്‍: അല്‍ സയ്യിദ് അഹ്മദ് സന്നൂസി. (അഖ്ബാര്‍ ജാമിഅത്തുല്‍ ഇസ്ലാമിയ്യ, Palestine, 27 Muharram, 1352 A.H.)
- ഖാത്തമുല്‍ ഉലമാ അല്‍ മുഹഖിഖീന്‍: അഹ്മദ് ബിന്‍ ഇദ്രീസിനെക്കുറിച്ച്: (അല്‍ അഖ്ദുന്നഫീസ്)
- ഖാത്തമുല്‍ മുഹഖിഖീന്‍: അബുല്‍ ഫസല്‍ ആലൂസിയെക്കുറിച്ച് (റൂഹുല്‍ മആനീ)
- ഖാത്തമുശ്ശുഅറാഅ്: അബൂ തയ്യബിനെക്കുറിച്ച് (മുഖദ്ദിമ ദീവാനുല്‍ മുതനബ്ബി, Egyptian, P-4)
- ഖാത്തമുല്‍ മുഹഖിഖീന്‍: ഇമാം സുയൂത്തിയെക്കുറിച്ച്. (Title page of തഫ്സീറുല്‍ ഇത്തിഖാന്)
- ഖാത്തമുല്‍ മുഹദ്ദിസീന്‍: ശാഹ് വലിയുല്ലാഹ് ദഹ്ലവിയെക്കുറിച്ച്. (ഇജാലാ നാഫിഅ, vol. 1)
- ഖാത്തമുല്‍ ഹിഫ്ഫാസ്: അല്‍ശൈഖ് ശംസുദ്ധീന്‍: അല്‍ തജ്രീദുല്‍ സരീഹ് മുഖദ്ദിമ, p. 4
- ഖാത്തമുല്‍ ഔലിയാഅ്: ഇമാം ശാഫിയെക്കുറിച്ച് - (അല്‍ തുഹ്ഫത്തുല്‍ സുന്നിയ്യ, p. 45)
- ഖാത്തമുശ്ശുഅറാഅ്: അബുല്‍ അഅ്ലാ അല്മഅര്റിയെക്കുറിച്ച് (മുഖദ്ദിമ ദീവാനുല്‍ മുതനബ്ബി, Egyptian, P-4, Footnote)
- ഖാത്തമുല്‍ ഔലിയാഅ്: ഉന്നതനായ ഒരു വലിയെക്കുറിച്ച് (തദ്ക്കിറത്തുല്‍ ഔലിയാ, p. 422)
- ഖാത്തമുല്‍ മുഹഖിഖീന്‍: ശൈഖുല്‍ അസ്ഹര്‍ സലീം അല്‍ ബശീര്‍ (അല്‍ ഹറാബ്, p. 372)
- ഖാത്തമുല്‍ ഔലിയാഅ്: വിലായത്തിന്റെ ഔന്നിത്യത്തിലെത്തിയ വലിയെക്കുറിച്ച് (ഫുത്തുഹും ഗൈബ്, p. 43)
- ഖാത്തമുശ്ശുഅറാഅ്: ശൈഖ് അലി ഹുസൈന്, ഇന്ത്യ (ഹയാത്തെ സഅദീ, p. 117)
- ഖാത്തമുല്‍ ഫുഖഹാഅ്: അല്‍ ശൈഖ് നജീബിനെക്കുറുച്ച് (അഖ്ബാര്‍ സിറാത്തല്‍ മുസ്തഖീം യാഫാ, 27 Rajab, 1354 A.H.)
- ഖാത്തമുല്‍ മുഫസ്സിരീന്‍: ശൈഖ് റശീദ് രിദായെക്കുറിച്ച്: (അല്‍ ജാമിഅത്തുല്‍ ഇസ്ലാമിയ്യ, 9 Jamadiy thaani, 1354 A.H.)
- ഖാത്തമുല്‍ ഫുഖഹാഅ്: ശൈഖ് അബുദുല്‍ ഹഖിനെക്കുറിച്ച്: (തഫ്സീറുല്‍ അഖീല്‍, title page)
- ഖാത്തമുശ്ശുഅറാഅ്: ഹബീബ് ശൈറാനി, ഇറാന് (ഹയാത്തെ സഅദീ , p. 87)
- ഖാത്തമുല്‍ മുഹഖിഖീന്‍: അശ്ശൈഖ് മുഹമ്മദ് നജീബിനെക്കുറിച്ച്: (അല്‍ ഇസ്ലാം Shi'baan, 1354 A.H.)
- ഖാത്തമുല്‍ വിലായത്ത്: (മുഖദ്ദിമ, ഇബ്നു ഖുല്‍ദൂന്‍, p. 271)
- ഖാത്തമുല്‍ മുഹദ്ദിഥീന്‍ വല്‍ മുഫസ്സിരീന്‍: ശാ അബ്ദുല്‍ അസീസിനെക്കുറിച്ച് . (ഹദിയ്യത്തുല്‍ ശിയാ, p. 4)
- ഖാത്തമുല്‍ മഖ്ലൂഖാത്തില് ജിസ്മാനിയ്യ: മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ച് (തഫ്സീര്‍ കബീര്‍, vol. 2, p. 22, published in Egypt)
- ഖാത്തമുല്‍ ഹുഫ്ഫാദ്: ശൈഖ് മുഹമ്മദ് അബ്ദുല്ലയെക്കുറിച്ച് (അല്‍ റസാഈല്‍ നാദിറ, p. 30)
- ഖാത്തമുല്‍ മുഹഖിഖീന്‍: അല്ലാമാ സഅദുദ്ധീന്‍ തഫ്തസാനിയെക്കുറിച്ച് (ശറഅ് ഹദീസ് അല്‍ അര്‍ബഈന്‍, p. 1)
- ഖാത്തമുല്‍ ഹുഫ്ഫാദ്: ഇബ്നു ഹജറുല്‍ അസ്ഖലാനിയെക്കുറിച്ച് (തബ്ഖാത്തുല് മദ്ലസീന്, title page)
- ഖാത്തമുല്‍ മുഫസ്സിരീന്‍: മൗലവി മുഹമ്മദ് ഖാസിമിനെക്കുറിച്ച് (Israare Quraani, title page)
- ഖാത്തമുല്‍ മുഹദ്ദിഥീന്‍: ഇമാം സുയൂത്തിയെക്കുറിച്ച്. (ഹദീയത്തുല് ശിആ, p. 210)
- ഖാത്തമുല്‍ ഹുഖം: (ഹുജ്ജത്തുല്‍ ഇസ്ലാം, p. 35)
- ഖാത്തമുല്‍ കാമിലീന്: നബി(സ)തിരുമേനിയെക്കുറിച്ച്. (ഹുജ്ജത്തുല്‍ ഇസ്ലാം, p. 35)
- ഖാത്തമുല്‍ മറാത്തബ്: ('ഇല്‍മുല്‍ കിത്തബ്, p. 140)
- ഖാത്തമുല്‍ കമാലാത്ത്: നബി(സ)തിരുമേനിയെക്കുറിച്ച്. ('ഇല്‍മുല്‍ കിത്തബ്, p. 140)
- ഖാത്തമുല്‍ അസ്ഫിയാ അല്അയിമ്മ: ഈസാനബിയെക്കുറിച്ച്. (ബാഖിയാത്തുല്‍ മുതഖദ്ദിമീന്‍, p. 184)
- ഖാത്തമുല്‍ ഔസിയാഅ്: ഹദ്റത്ത് അലി(റ)യെക്കുറിച്ച്. (മിനാര്‍ അല്‍ ഹുദാ, p. 106)
- ഖാത്തമുല്‍ മുഅല്ലിമീന്‍: നബി(സ)തിരുമേനിയെക്കുറിച്ച്. (Alsiraatul Sawee by Allama Muhammad Sabtain)
- ഖാത്തമുല്‍ മുഹദ്ദിഥീന്‍: അശ്ശൈഖുല്‍ സദൂഖിനെക്കുറിച്ച്: (Kitaab Man Laa Yahdarahul Faqeeh)
- ഖാത്തമുല്‍ മുഹദ്ദിഥീന്‍: മൗലവി അന്‍വര്‍ ശാ കശ്മീരിയെക്കുറിച്ച്: (റഈസുല്‍ അഹ്റാര്‍, p. 99)
ഒരു സമൂഹത്തിലെ ശ്രേഷ്ഠ വ്യക്തിത്വത്തെ എടുത്തു കാണിക്കാന്‍
അറബി ഭാഷയില്‍ സര്‍വ്വ സാധാരണയായി ഉപയൊഗിക്കുന്ന പ്രയോഗമാണ് 'ഖാത്തം' വിശേഷണമായി
ചേര്‍ത്തു കൊണ്ടുള്ള പ്രയോഗം. അതിനുള്ള ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
ഈ പ്രയോഗങ്ങളെല്ലാം തന്നെ അറബി ഭാഷാ സാഹിത്യങ്ങളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളവയാണ്.
നിഘണ്ടുവില്‍ ഒരു പദത്തിന് പല അര്‍ഥങ്ങളും കണ്ടേക്കാം. പല നിഘണ്ടു
അര്‍ഥങ്ങളും വ്യക്തി നിഷ്ഠങ്ങളായിരിക്കും. ആ പദങ്ങല് ഭാഷയില്‍ പ്രയോഗിച്ച ഉദാഹരണങ്ങളാണ്
ആ പദത്തിന്റെ അര്‍ഥം തീരുമാനിക്കുന്നത്. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന എല്ലാ ഉദാഹരണങ്ങളും
‘ഖാത്തം’ എന്ന പദം സമൂഹ പദത്തിന്റെ വിശേഷണമായി വന്നിട്ടുള്ള ഉദാഹരണങ്ങളാണ്. ഇതില്‍
ഒന്നു പോലും സമൂഹത്തിലെ അവസാനത്തെ ആള് എന്ന അര്‍ഥത്തിലല്ല പ്രയോഗിച്ചിരിക്കുന്നത്.
ഇതിനു വിരുദ്ധമായി, ഖാത്തം
എന്ന പദം സമൂഹ പദത്തോട് ചേര്‍ന്നു വരുന്ന സന്ദര്‍ഭത്തില്‍ അതിന് ‘അന്ത്യന്‍’ എന്ന അര്‍ഥം
ലഭിക്കുന്ന ഒരുദാഹരണം പോലും ലഭ്യമല്ല എന്നതാണ് വസ്തുത. കാരണം, ആ പ്രയോഗത്തിന്
അങ്ങനെ ഒരു അര്‍ഥം ഇല്ല എന്നത് തന്നെ.