രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബനൂഇസ്രായീല്യര്ക്കായി മാത്രം വന്ന ഈസാനബി(അ) മരിച്ചു പോയിരിക്കുന്നുവെങ്കില്‍ പിന്നെ ഹദീസുകളില്‍ വന്ന ഈസബ്നുമര്യമിന്റെ ഇറക്കത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ അര്‍ഥം എന്തായിരിക്കും? ഇക്കാര്യം മനസ്സിലാകാന്‍ അവസാന കാലത്ത് മുസ്ലിംകള്‍ക്കുണ്ടാകാന്‍ പോകുന്ന ആപത്തുകളെക്കുറിച്ച് നബി(സ) തിരുമേനി ചെയ്ത പ്രവചനങ്ങള്‍ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
മിശ്ക്കാത്തില്‍ വന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം.
"ഒരു ജോഡി ചെരിപ്പ് അന്യോന്യം സദൃശമായിരിക്കുന്നതു പോലെ ഇസ്രായേല്യരില്‍ സംഭവിച്ചതെല്ലാം എന്റെ ഉമ്മത്തിലും സംഭവിക്കും. ഇങ്ങേയറ്റം അവരില്‍ വല്ലവനും തന്റെ മാതാവിനെ പരസ്യമായി പരിഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും എന്റെ ഉമ്മത്തിലും അപ്രകാരം ചെയ്യുന്നവനുണ്ടായിരിക്കും. ഇസ്രായേല്യര്‍ 72 കക്ഷികളായി പിരിഞ്ഞു. എന്റെ ജനമാകട്ടെ 73 കക്ഷികളായി പിരിയും. അവരില്‍ ഒരു കൂട്ടരൊഴികെ മറ്റെല്ലാവരും നരകത്തിലായിരിക്കും." (മിശ്ക്കത്ത്)
ഈ ഹദീസില്‍ നിന്ന് മനസ്സിലാകുന്നത് മുസ്ലിം സമുദായം അധഃപതിച്ച് യഹൂദി നസാറക്കളെപ്പോലെ ആകുന്ന ഒരു കാലം മുസ്ലിംകള്ക്ക് വരും എന്നാണ്. അവര്‍ ചെയ്ത എല്ലാ കുചെയ്തികളും അന്ധ വിശ്വാസങ്ങളും മുസ്ലിംകളിലും ഉണ്ടാകും എന്നുള്ള വ്യക്തമായ സന്ദേശമാണ് ഈ ഹദീസില്‍ ഉള്ളത്. ഈ ഹദീസിനോട് തദാത്മ്യമുള്ള നിരവധി ഹദീസുകള്‍ കാണാം. സഹീഹ് ബുഖാരിയില്‍ വന്ന മറ്റൊരു ഹദീദ് നോക്കുക:
അബൂ സഈദില്‍ ഖുദ്രി (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങള്‍ നിങ്ങള്‍ക്ക് മുമ്പേയുള്ളവരുടെ നടപടികള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരും. ഇങ്ങേയറ്റം അവര്‍ ഒരു ഉടുമ്പിന്റെ പൊത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അതില്‍ നിങ്ങളും കടന്നു ചെല്ലും.'
'അല്ലയോ ദൂതരേ ആ മുമ്പേയുള്ളവര്‍ എന്നത് യഹൂദികളും നസാറക്കളും ആണോ?' എന്നു ചോദിക്കപ്പെട്ടപ്പോള്‍, 'അല്ലാതെ ആര്?' എന്ന് നബി (സ) ചോദിച്ചു.
ഈ സാദൃശ്യം മനസ്സിലാകണമെങ്കില്‍ ഈസാനബി(അ) ആഗതനായ കാലത്തെ യഹൂദികളുടെ വിശ്വാസം എന്തായിരുന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഇസാനബി(അ)യെ നിഷേധിക്കാന്‍ യഹൂദികള്‍ ഉന്നയിച്ച തടസ്സ വാദങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, മസീഹ് വരുന്നതിനു മുമ്പ് ആകാശത്ത് നിന്ന് ഏലിയാവ് വരണം എന്നുള്ളതായിരുന്നു. ഏലിയാ പ്രവാചകന് (ഇൽയാസ് നബി) ആകാശത്ത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അദ്ദേഹം വന്നതിനു ശേഷമാണ് മസീഹ് വരിക എന്നായിരുന്നു യഹൂദികളുടെ വിശ്വാസം. അക്കാര്യം ബൈബിളില്‍ പ്രതിപാദിക്കുന്നുമുണ്ട്.
ഏലിയാ പ്രവാചകന് ആകാശത്തേക്ക് എടുക്കപ്പെട്ടു എന്ന് വിശ്വസിക്കാന്‍ കാരണമായ ജൂത ഗ്രന്ഥത്തിലെ (ബൈബിള്‍) വാക്യം കാണുക:
“അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി” – (II. രാജാക്കന്മാർ 2: 11)
ആകാശത്തേക്ക് എടുക്കപ്പെട്ട ഏലിയാ പ്രവാചകന് വീണ്ടും വരും എന്ന് വിശ്വസിക്കാന്‍ കാരണമായ ബൈബിള്‍ വാക്യം ശ്രദ്ധിക്കുക:
“യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും” (മലാഖി 4: 5)
ഈസാനബി താന്‍ മസീഹാണെന്നു വാദിച്ചപ്പോള്‍ ജൂതന്മാര് അതംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്, ബൈബിളില്‍ പറഞ്ഞ പോലെ ഏലിയാ പ്രവാചകന് ആകാശത്തു നിന്ന് വന്ന ശേഷമേ മസീഹ് വരുകയുള്ളൂ. ഏലിയാ ഇതുവരെ ആകാശത്തു നിന്ന് വന്നിട്ടില്ല അതുകൊണ്ട് താങ്കളുടെ വാദം ശരിയല്ല എന്നു പറഞ്ഞായിരുന്നു.
എന്നാല്‍ ഈസാനബി ബൈബിളിലെ പ്രവചനത്തെ വിശദീകരിച്ചു കൊണ്ട് പറഞ്ഞത്, ആകാശത്തു നിന്നു വരുവാനുള്ള ഏലിയാ പ്രവാചകന്റെ നിയോഗം മറ്റൊരു വ്യക്തിയില്‍ അഥവാ യോഹന്നാൻ സ്നാപകനില്‍ പൂര്‍ത്തിയായിരിക്കുന്നു എന്നാണ്. ഇസാനബിയുടെ വാക്യം ഇങ്ങനെ ബൈബിളില്‍ കാണാം:
“നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവു അവൻ [യോഹന്നാൻ] തന്നേ” (മത്തായി 11: 14)
ഈസാ നബി വീണ്ടും അവര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി കൊടുക്കുന്ന വചനം ശ്രദ്ധിക്കുക:
“എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. ‘അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു’ എന്നു ഉത്തരം പറഞ്ഞു” – (മത്തായി 17: 12)
ഇനി ഇക്കാലത്തെ മുസ്ലിംകളുടെ വിശ്വാസം നോക്കുക. അവസാന കാലത്ത് ഈസബ്നുമര്‍യം ആഗതനാകും എന്ന ഒരു പ്രവചനം ഹദീസില്‍ കണ്ട മാത്രയില്‍ അത് ഇസ്രായീല്കാര്ക്ക് വന്ന അതേ ഈസാനബി തന്നെയാണെന്ന് ധരിച്ചു വെച്ചു മുസ്ലിംകള്. “ഇങ്ങേയറ്റം അവര്‍ ഒരു ഉടുമ്പിന്റെ പൊത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അതില്‍ നിങ്ങളും കടന്നു ചെല്ലും” എന്ന് ശക്തമായി മുന്നറിയിപ്പു നല്‍കിയിട്ടും മുസ്ലിം സമുദായം അത് ചെവിക്കൊള്ളാതെ യഹൂദര്‍ സ്വികരിച്ച അതേ പാത തന്നെ പിന് പറ്റുന്നത് എത്ര പരിതാപകരം! യഹൂദികള്‍ക്ക് പിണഞ്ഞ അബദ്ധം തന്റെ സമുദായത്തിനു വരാതിരിക്കാന്‍ എല്ലാ വിധ മുന്നറിയിപ്പുകളും അല്ലാഹുവിന്റെ ദൂതര്‍(സ) നല്‍കിയിട്ടും, ഏതുപോലെ യഹൂദികള്‍ അബദ്ധത്തില്‍ ചെന്നു പേട്ടോ അതുപോലെ മുസ്ലിംകളും പെടുന്ന ഒരവസ്ഥാ വിശേഷമാണ് ഇവിടെ കാണുന്നത്.
യഹൂദരുടെ ഗ്രന്ഥത്തില്‍ വ്യക്തമായ നിലയില്‍ തന്നെ ഏലിയാ പ്രവാചകന് ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടു എന്നു പറഞ്ഞിരിക്കുന്നു. എന്നിട്ടു പോലും ഈസാനബി വന്ന് അതിനെ വിശദീകരിച്ചു കൊണ്ട് ആകാശത്ത് നിന്ന് ആരും വരില്ല വരാനുള്ള ഏലിയാവിനെക്കുറിച്ചുള്ള പ്രവചന യോഹന്നാനില്‍ പുലര്‍ന്നിരിക്കുന്നു എന്നു പറയുകയാണ് ചെയ്യുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാലത്തെ മുസ്ലിംകളുടെ അവസ്ഥ യഹൂദികളെക്കാള്‍ അധഃപതിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. കാരണം ഈസാനബി യെ ആകാശത്തേക്ക് ഉയര്‍ത്തിയെന്നോ ജീവിച്ചിരിക്കുന്നുണ്ടെന്നോ തെളിയിക്കാന്‍ കഴിയുന്ന ഒരു തെളിവും ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ ഉദ്ധരിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നു മാത്രമല്ല ഈസാനബി മരിച്ചു പോയിരിക്കുന്നു എന്ന് വ്യക്തമായി തെളിയിക്കുന്ന ആയത്തുകള്‍ ഖുര്‍ആനില്‍ കണാവുന്നതുമാണ്. അവ മുന്‍പോസ്റ്റുകളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്.
മുസ്ലിം സമുദായത്തിന് ഭാവിയില്‍ വരാന്‍ പോകുന്ന ആപത്തുകളെക്കുറിച്ച് നബി(സ) മുന്നറിയിപ്പ് നല്‍കിയത് എന്തിനായിരുന്നു? ആ ആപത്തുകളിലും അബദ്ധങ്ങളിലും ചെന്നു ചാടാനായിരുന്നോ? അതോ അത്തരം അപകടങ്ങളില്‍ നിന്നെല്ലാ രക്ഷപ്പെട്ട് സത്യത്തിന്റെ പാത സ്വീകരിക്കാനായിരുന്നോ. ചിന്തിക്കുക.