Wednesday, March 9, 2011

ഏ. പി. ഉസ്താദും സമ്മതിക്കുന്നു ഈസാനബി മരിച്ചെന്ന്!


ജമാഅത്തെ ഇസ്‌ലാമിയെപ്പോലെത്തന്നെ സുന്നികളും, അറിയാതെയാണെങ്കിലും, ഈസാനബി(അ) മരിച്ചു പോയിരിക്കുന്നു എന്ന ഖുര്‍‌ആനിക സത്യം എഴുതിപ്പോയിട്ടുണ്ട്. സുന്നികളുടെ അനിഷേധ്യ നേതാവും അമരക്കാരനുമായ സാക്ഷാല്‍ ഏ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ 2007 ഫെബ്രുവരി 8-24 ലക്കം 'മാതൃഭൂമി'യില്‍ എഴുതിയ 'ആള്‍ദൈവങ്ങള്‍ ഇസ്‌ലാമിക വീക്ഷണത്തില്‍' എന്ന ലേഖനത്തില്‍ എഴുതുന്നു:

'വിഗ്രഹാരാധനയേയും ബഹുദൈവാരാധനയേയും രാജഭരണകൂടങ്ങളുടെ അപ്രമാദിത്തവാദത്തേയും ചോദ്യം ചെയ്ത ഈസാ (അ)നെ മരണശേഷം അനുയായികളില്‍ വലിയ വിഭാഗം ദൈവപുത്രനാക്കി' (മാതൃഭൂമി 2007 ഫിബ്രവരി 8-24)

ഏറ്റവും കൂടുതല്‍ അനുയായികളാല്‍ ആരാധിക്കപ്പെടുന്ന ആള്‍ദൈവമായ ഈസാനബി(അ)യുടെ ദൈവത്വം ഇല്ലാതാക്കാന്‍ അദ്ദേഹം മരിച്ചുപോയി എന്നു പറയലാണ്‌ ഏറ്റവും ശക്തവും ഫലപ്രദവുമായ വഴിയെന്ന്‌ ഉസ്താദവര്‍കള്‍ തിരിച്ചറിഞ്ഞിരിന്നു. ഏറ്റവും വലിയ ശിര്‍ക്കിനെതിരെയുള്ള ആഗോള പോരാട്ടത്തില്‍ മുസ്‌ലിംകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഏറ്റവും പ്രബലമായ വാദമുഖവുമിതാണ്‌. ഇതാണ്‌ റസൂല്‍ തിരുമേനി(സ)യുടെ മാര്‍ഗ്ഗം. റസൂല്‍ തിരുമേനി (സ) ക്രിസ്ത്യാനികളുമായി നടത്തിയ ഒരേയൊരു സംവാദം ഇസ്‌ലാമിക പ്രമാണങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടതാണ്‌. സൂറ. ആലുഇംറാനിലെ എണ്‍പതോളം സൂക്തങ്ങള്‍ അവതരിക്കാനുള്ള സാഹചര്യം ഈ സംഭാഷണങ്ങളാണ്‌. നജ്‌റാനില്‍ നിന്നു വന്ന ഒരു സംഘം ക്രിസ്തീയ മതനേതാക്കന്‍മാരോട്‌ റസൂല്‍ തിരുമേനി നടത്തിയ സാരഗര്‍ഭമായ സംഭാഷണത്തില്‍ ഏറ്റവും അധികം ഊന്നിപ്പറഞ്ഞത്‌ ഈസാനബി(അ)യുടെ നശ്വരതയെയും അദ്ദേഹത്തിന്‍റെ മരണത്തെയും സംബന്ധിച്ചാണ്. ആ സംഭാഷണത്തിലെ ഭാഗങ്ങള്‍ ഇവിടെ ക്ലിക്കിയാന്‍ വായിക്കാം.

Sunday, February 13, 2011

ഈസാനബിയുടെ മരണം: 'പ്രബോധനം' സാക്ഷ്യപ്പെടുത്തുന്നു


സത്യത്തിനുള്ള ഒരു സവിശേഷഗുണം അതു സ്വയം വെളിപ്പെടും എന്നുള്ളതാണ്. എത്രയൊക്കെ മൂടി വെക്കാന്‍ ശ്രമിച്ചാലും എല്ലാ മറകളും നീക്കി സത്യം പുറത്തുവരും. ഇത് സത്യത്തിന്‍റെ സഹജമായ ഒരു ഗുണവിശേഷമാണ്.

ഈസാനബി(അ) മരിച്ചു പോയിരിക്കുന്നു എന്ന ഖുര്‍‌ആനിക സത്യം സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി മൂടിവെക്കുന്ന 'ജമാ‌അത്തെ ഇസ്‌ലാമി'ക്കാര്‍ അവരുടെ മുഖപത്രമായ 'പ്രബോധനത്തില്‍' അറിഞ്ഞോ അറിയാതെയോ ഈ സത്യം പറഞ്ഞുപോയിട്ടുണ്ട്. 2001 ആഗസ്ത് 18 ലെ പ്രബോധനത്തില്‍ നജ്റാനിലെ കൃസ്ത്യാനികളുമായി നബി(സ) നടത്തിയ സം‌വാദം വിവരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രബോധനത്തിന് ഈ 'അബദ്ധം' പിണഞ്ഞത്. ഇനി പ്രബോധനത്തിലെ വരികള്‍:

സംഘത്തിലെ മൂന്നു പേരാണ് സംസരിച്ചത്.

അവര്‍ പറഞ്ഞു: 'മര്‍‌യമിന്‍റെ പുത്രന്‍ ഈസാ ദൈവമാണ്. കാരണം അദ്ദേഹം മരിച്ചവരെ ജീവിപ്പിക്കുമായിരുന്നു. അദ്ദേഹം അല്ലാഹുവിന്‍റെ പുത്രനാണ് കാരണം, അദ്ദേഹത്തിനു പിതാവുണ്ടായിരുന്നില്ല.  പിന്നെ പറഞ്ഞു. അദ്ദേഹം മൂന്നില്‍ മൂന്നാമനാ കുന്നു. 'ഞങ്ങള്‍ പറഞ്ഞു' 'ഞങ്ങള്‍ പ്രവര്‍ത്തിച്ചു' എന്നു ദൈവവചനമുണ്ടല്ലോ. ദൈവം ഏകനായിരുന്നുവെങ്കില്‍ 'ഞാന്‍ പറഞ്ഞു', ഞാന്‍ പ്രവര്‍ത്തിച്ചു' എന്നേ പറയൂ.

നബി(സ) അവരോട് ചോദിച്ചു: 'ഒരു പുത്രനും അവന്‍റെ പിതാവിനോട് സദൃശനാകാതിരിക്കില്ല എന്നു നിങ്ങള്‍ക്കറിയില്ലേ?'

അവര്‍ പറഞ്ഞു: 'അറിയാം.'

റസൂല്‍ തിരുമേനി(സ): 'നമ്മുടെ റബ്ബ് ഒരിക്കലും മരണമില്ലാത്ത നിത്യജീവനാണെന്നും ഈസാക്ക് നാശം സംഭവിച്ചു (അതാ അലൈഹില്‍ ഫനാ) എന്നും നിങ്ങള്‍ക്ക റിയില്ലേ?'

അവര്‍ പറഞ്ഞു: 'അറിയാം.'

നബി(സ): 'നമ്മുടെ റബ്ബ് എല്ലാ വസ്തുക്കളേയും സം‌രക്ഷിച്ചു കൊണ്ടും ആവശ്യമായ വിഭവങ്ങള്‍ നല്‍കിക്കൊണ്ടും പരി പാലിച്ച് നില നിര്‍ത്തുന്നവനാണെന്ന് നിങ്ങള്‍ക്കറിയില്ലേ?

അവര്‍ പറഞ്ഞു: 'അറിയാം.'

നബി(സ): 'ഇപ്പറഞ്ഞതെന്തെങ്കിലും ഈസാക്ക് കഴിയുമായിരുന്നോ?' 

അവര്‍: 'ഇല്ല.'

നബി(സ): 'നമ്മുടെ റബ്ബ് ഗര്‍ഭാശയങ്ങളില്‍ അവന്‍ ഇച്ഛിക്കുംപടി രൂപപ്പെടുത്തുന്നു. നമ്മുടെ റബ്ബ് തിന്നുന്നില്ല, കുടിക്കുന്നില്ല, മാറ്റത്തിനു വിധേയനാകുന്നില്ല. ശരിയല്ലേ?'

അവര്‍: 'ശരിയാണ്.'

നബി(സ): 'നിങ്ങള്‍ക്കറിയില്ലേ, ഈസായെ അദ്ദേഹത്തിന്‍റെ മാതാവ് മറ്റേതൊരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നതുപോലെ ഗര്‍ഭം ധരിക്കുകയും മറ്റേതൊരു സ്ത്രീയും പ്രസവിക്കുന്നതുപോലെ പ്രസവിക്കുകയും മറ്റേതൊരു സ്ത്രീയും കുഞ്ഞിന് അഹാരം കൊടുക്കുന്നതുപോലെ ആഹാരം കൊടുക്കുകയും പിന്നീട് അദ്ദേഹം സ്വയം ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും വളര്‍ച്ചയുടെ മാറ്റങ്ങള്‍ക്ക് വിധേയനാവുകയും ചെയ്തുവെന്ന്?'

അവര്‍: 'അറിയാം.'

നബി(സ): 'ഇങ്ങനെയുള്ള ഒരാളെങ്ങനെയാണ് നിങ്ങള്‍ വാദിക്കുന്ന തുപോലെ ദൈവമാകുക?'

സംഘം മറുപടി പറഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു സൂറ ആലുഇംറാനിലെ ആദ്യത്തെ 80 ഓളം ‍സൂക്തങ്ങള്‍ അവതരിപ്പിച്ചു. (തഫ്സീര്‍ മുനീര്‍ 2)-o വാള്യം. പേജ് 145, 146)

Tuesday, January 4, 2011

ഇസാനബിയെപ്പറ്റി C. N. അഹ്‌മദ് മൗലവി

കേരളത്തിലെ സമുന്നതരായ മുസ്‌ലിം പണ്ഡിതന്‍മാരിലൊ രാളായിരുന്നു മര്‍ഹും സി.എന്‍. അഹ്‌മദ് മൌലവി സാഹിബ്‌. ഭൂരിപക്ഷ മുസ്‌ലിം പണ്ഡിതന്‍മാരില്‍ നിന്നു വ്യത്യസ്തനായി ഈസാ നബി (അ) മരിച്ചുപോയി എന്ന്‌ ശക്തമായ തെളിവുകള്‍ നിരത്തി അദ്ദേഹം സ്ഥാപിക്കുന്നു.

ഹദീസുകള്‍ പരിശോധിച്ച്‌ ശരിയും തെറ്റും വേര്‍തിരിച്ചെടുക്കുവാന്‍, ഹദീസ്‌ പരിശോധനാ വിദഗ്ധന്‍മാര്‍ ചില അളവുകോലുകള്‍ നമ്മുടെ കയ്യില്‍ത്തന്നിട്ടുണ്ട്‌. ആ അളവുകോലുകള്‍കൊണ്ട്‌ അളന്നു നോക്കിയിട്ടു വേണം ഏത്‌ ഹദീസും നമുക്ക്‌ സ്വീകരിക്കുവാന്‍. ഇതെപ്പോഴും നമുക്കോര്‍മ്മയുണ്ടായിരിക്കണം. തിരുമേനിയുടെ പേരില്‍ ഹദീസുകള്‍ കെട്ടിയുണ്ടാക്കിയതില്‍ ഒരു വലിയ പങ്ക്‌ വഹിച്ചത്‌ ജൂതന്‍മാരും ക്രിസ്ത്യാനികളുമാണെന്ന്‌ മുമ്പ്‌ നാം ഉണര്‍ത്തിയിട്ടുണ്ട്‌. അത്‌ വായിച്ചശേഷം 1405 -)o നമ്പര്‍ ഹദീസൊന്നെടുത്ത്‌ വായിച്ചുനോക്കുക. എന്താണതില്‍ പറയു ന്നത്‌? "ഇസ്രാഈല്യരുടെ വാര്‍ത്തകള്‍ നിങ്ങള്‍ രിവായത്ത്‌ ചെയ്തുകൊ ള്ളുക; അതില്‍ ദോഷമൊന്നുമില്ല" എന്ന്‌ തിരുമേനി ശിഷ്യഗണ ങ്ങളെ ഉല്‍ബോധിപ്പിച്ചുവെന്ന്‌! കഥയെ ങ്ങിനെയുണ്ട്‌! ഇസ്രാഈല്യരുടെ കുത്തിത്തിരിപ്പുകള്‍, ഖുര്‍ആനോടും നബിയോടും അവര്‍ക്കുള്ള അസൂയ, ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഒളിഞ്ഞും അവര്‍ നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍, അവര്‍ വെച്ചുപുലര്‍ത്തിക്കൊ ണ്ടുപോന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാലും സൂചനകളാലും നിറയപ്പെട്ടതാണ്‌ ഖുര്‍ആന്‍. എന്നിട്ട്‌ ആ ഖുര്‍ആന്‍റെ സന്ദേശം ലോകത്ത്‌ പ്രചരിപ്പിക്കുവാന്‍ വന്ന ദൈവദൂതന്‍ ഉപദേശിക്കുന്നതോ, ഇസ്രാഈല്യരുടെ പക്കല്‍നിന്ന്‌ കിട്ടുന്ന ഏത്‌ വാര്‍ത്തയും സ്വീകരിക്കുകയും നിങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തുകൊള്ളുക എന്ന്‌! ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഇനി വല്ലതും വേണ്ടതുണ്ടോ?

വേഗം മനസ്സിലാക്കാന്‍ ഞാനൊരുദാഹരണം ചൂണ്ടിക്കാണിക്കാം. ഒരു മനുഷ്യന്‍ ചെയ്യുന്ന പാപത്തിന്ന്‌ മറ്റൊരു മനുഷ്യന്‍ ഉത്തരവാദിയാവുകയില്ലെന്നത്‌ ഖുര്‍ആന്‍റെ ഒരു പ്രഖ്യാപിത (6:164) സിദ്ധാന്തമാണ്‌. എന്നാല്‍ നമ്മുടെ ചില മതഗ്രന്ഥങ്ങളെടുത്തു നോക്കുക. ഈ സിദ്ധാന്തത്തിന്ന്‌ കടകവിരുദ്ധമായ്ക്കൊണ്ട്‌ വിധിയെഴുതിയിരിക്കുന്നത്‌ കാണാം. ആദം വിലക്കപ്പെട്ട പഴം തിന്നുക നിമിത്തം ആദമിന്‍റെ സന്താനങ്ങളെല്ലാം പാപികളായ്ക്കൊണ്ടാണ്‌ ജനിക്കുന്നത്‌; ഇനിയവരെ ശുചീകരിച്ചെടുത്തെങ്കിലേ ആ പാപ മാലിന്യങ്ങളില്‍ നിന്ന്‌ അവര്‍ മുക്തരാവുകയുള്ളൂ; അതിന്നാണ്‌ ഇന്നിന്ന കര്‍മ്മ ങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന്‌ ക്രിസ്ത്യാനികള്‍ പറയുന്നു. അതേ സിദ്ധാന്തമാണ്‌ നമ്മുടെ ചില മത ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിവെച്ചിരിക്കുന്നത്‌. ആദം പഴം പറിക്കാന്‍ കാലുകൊണ്ട്‌ നടന്നുപോയി; കണ്ണുകൊണ്ട്‌ നോക്കി; കൈക്കൊണ്ട്‌ പഠിച്ച്‌; വായകൊണ്ട്‌ തിന്നു, അതുകൊ ണ്ടാണ്‌ വുളുവില്‍ കൈകാലുകളും കണ്ണ്‌, വായും മൂക്കുമെല്ലാം ശുചീകരിക്കാന്‍ കല്‍പിച്ചിരിക്കുന്നത്‌. ഇതാണ്‌ നമ്മുടെ ചില മതഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നത്‌. ഇതിന്‍റെ ഗുരുനാഥ ന്‍മാര്‍ ക്രിസ്ത്യാനിക ള ല്ലാതെ മറ്റാരുമല്ലെന്നത്‌ തീര്‍ച്ചയാണല്ലോ. കാരണം, ഈ സിദ്ധാന്തം ഖുര്‍ആന്‍ തള്ളിക്കളഞ്ഞ ഒന്നാണ്‌. മാത്രമല്ല, മനുഷ്യന്‍ പാപിയായ്ക്കൊണ്ട്‌ ജനിക്കുക മൂലം അവനെ ശുദ്ധീകരിച്ചെ ടുക്കാനുള്ള നടപടികളെ ഖുര്‍ആന്‍ കളിയാക്കി വിടുക കൂടി (2:138) ചെയ്തിരിക്കുന്നു; ആ സ്ഥിതിക്ക്‌ ഈ സിദ്ധാന്തം ഇസ്‌ലാമിലേക്ക്‌ എങ്ങനെ നുഴഞ്ഞുകയറി? ക്രിസ്ത്യാനികള്‍ മുഖേന തന്നെ!

ഇതേപ്രകാരം ക്രിസ്ത്യാനികളില്‍ നിന്ന്‌ മുസ്‌ലിംകളുടെയിടയിലേക്ക്‌ നുഴഞ്ഞുകയറിയ ഒന്നുതന്നെ യാണ്‌ ഈസാനിയെക്കുറിച്ച്‌ ഇന്ന്‌ മുസ്‌ലിം ബഹുജനങ്ങളിലുള്ള ധാരണയും.

ഈസാനബി(അ) ഒരു നബി മാത്രമായിരുന്നു. മറ്റു നബിമാരെപ്പോലെത്തന്നെ അദ്ദേഹവും ജീവിച്ചു. മറ്റ്‌ നബിമാരെ ശത്രുക്കള്‍ അലട്ടിക്കൊണ്ടും മര്‍ദ്ദിച്ചുകൊണ്ടുമിരുന്ന പോലെത്തന്നെ അദ്ദേഹത്തേയും മര്‍ദ്ദിച്ചു. അവസാനം അദ്ദേഹത്തിന്‍റെ കഠിന ശത്രുക്കളായിരുന്ന ജൂതന്‍മാര്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ വട്ടം കൂട്ടി. അങ്ങനെ അദ്ദേഹം ക്രൂശിക്കപ്പെട്ടുവെന്നും മൂന്ന്‌ ദിവസം മരിച്ചു കിടന്നതിനുശേഷം ഉയിര്‍ത്തെഴുന്നേറ്റെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റശേഷം അദ്ദേഹം തന്‍റെ ശിഷ്യന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുകയും അവര്‍ക്കുപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും അവരോടൊപ്പം ആഹാരം കഴിക്കുകയും ചെയ്തുവെന്നും, താന്‍ യേശുക്രിസ്തു തന്നെയാണെന്ന്‌ പല നിലക്കും അവരെ ബോധ്യപ്പെടുത്തിയെന്നും മത്തായി, മാര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്നിവരെഴുതിയ സുവിശേഷങ്ങളില്‍ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. അങ്ങനെ ക്രൂശിക്കപ്പെട്ടശേഷം 40 ദിവസം കഴിഞ്ഞതില്‍പ്പിന്നെ അദ്ദേ ഹത്തെ മാലാഖന്‍മാര്‍ സ്വര്‍ഗ്ഗലോകത്തേക്ക്‌ കൊണ്ടുപോയെന്നും അദ്ദേഹമിപ്പോള്‍ ദൈവത്തോടൊപ്പം ഇരി ക്കുകയാണെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.

ഈ വിശ്വാസം അപ്പടി മുസ്‌ലിംകളിലേക്ക്‌ പകര്‍ന്നു. ഒരു വ്യത്യാസം മാത്രം. ഈസാനബിയെ ശത്രുക്കള്‍ക്ക്‌ കുരിശിലേറ്റിയിട്ടോ മറ്റു നിലക്കോ കൊല്ലാന്‍ കഴിഞ്ഞിട്ടില്ല എന്ന്‌ ഖുര്‍ആന്‍ സ്പഷ്ടമായ ഭാഷയില്‍ പ്രഖ്യാപിച്ചിരിക്കെ കാണ്ട്‌(4:157) അതപ്പടി സ്വീകരിക്കാന്‍ നിന്നില്ല. അതു മാത്രമങ്ങ്‌ വിട്ട്‌ ബാക്കിയുള്ളതെല്ലാം സ്വീകരിച്ചു. ഇനി ലോകാവസാനം യേശുക്രിസ്തു ഈ ലോകത്തിലേക്കുതന്നെ മടങ്ങി വരുമെന്നാണ്‌ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്‌. അങ്ങിനെ മടങ്ങിവന്നശേഷം ന്യായവും നീതിയുമെല്ലാം നടപ്പില്‍ വരുത്തുകയും അനീതിയേയും അക്രമത്തേയും അടിച്ചമര്‍ത്തുകയും ചെയ്യുമെന്നും. അതും മുസ്‌ലിംകള്‍ അതേപടി ഏറ്റുപാടി. ഇപ്പോള്‍ ക്രിസ്ത്യാനികളെപ്പോലെത്തന്നെ മുസ്‌ലിംകളും ഈസാനബി തിരിച്ചുവരുന്നത്‌ കാത്തുകൊണ്ടിരിക്കുകയാണ്‌. ചെറു കുട്ടികള്‍ക്ക്‌ പഠിപ്പിക്കുന്ന പ്രാഥമിക മതപാഠ പുസ്തകങ്ങളില്‍പ്പോലും ഈ സിദ്ധാന്തം അങ്ങ്‌ തിരുകിക്കയറ്റി വെച്ചാല്‍ പിന്നീട്‌ ആ വിശ്വാസത്തിന്നുണ്ടാകുന്ന ധാര്‍ഢ്യം പറയേണ്ടതുണ്ടോ!

വാസ്തവത്തില്‍ നാം വലിച്ചിഴച്ചിട്ടെന്തു പ്രയോജനം? ഖുര്‍ആന്‍റെ സിദ്ധാന്തങ്ങള്‍ മനസ്സിരുത്തിപ്പഠിക്കുന്ന പതിവ്‌ എത്രയോ നൂറ്റാണ്ടുകളായി മുസ്‌ലിംകളില്‍ നിന്ന്‌ വിട്ടുപോയി; മുസ്‌ലിം പണ്ഡിതന്‍മാരുടേയും പാമര ജനങ്ങളേയുമെല്ലാം പ്രമാണം ഓരോ കാലങ്ങളില്‍ എഴുതപ്പെട്ട മതപണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങളാണ്‌. ആ സ്ഥിതിക്ക്‌ നൂറ്റാണ്ടു കളും തലമുറകളുമായി ജീവിച്ച മുസ്‌ലിംകളോട്‌ ഇന്ന്‌ മറിച്ചു പറഞ്ഞാല്‍ ഫലമെന്തായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലൊ. പക്ഷെ ഇസ്‌ലാമിന്‍റെ പരിശുദ്ധവും പരമ സുന്ദരവുമായ രൂപം ലോകത്തിന്നു മുമ്പില്‍ വെക്കുമ്പോള്‍ നമുക്കത്‌ ചെയ്യാതിരിക്കാന്‍ നിവൃത്തിയില്ല. ഏറ്റവും ചുരുങ്ങിയത്‌ ഇസ്‌ലാമിന്‍റെ പേരില്‍ ചുമത്തിയ തെറ്റായ ഒരാരോപണം ചൂണ്ടിക്കാണിക്കുകയെങ്കിലും ചെയ്ത്‌ അല്ലാഹുവിന്‍റെ മുമ്പില്‍ നമ്മുടെ ബാധ്യത നിര്‍വ്വഹിക്കുവാനും നമ്മുടെ നിരപരാധിത്തം തെളിയിക്കുവാനും നാം ആഗ്രഹിക്കുന്നു.

ഈസാനബി ഇന്ന്‌ ജീവിച്ചിരിക്കുന്നുണ്ടോ? ഇനിയിങ്ങോട്ടു തിരിച്ചു വരുമോ? മുസ്‌ലിംകള്‍ക്കിടയില്‍ - വിശിഷ്യാ മുസ്‌ലിം ബുദ്ധിജീവികള്‍ക്കിടയില്‍ - ഇന്നൊരു ചിന്താവിഷയമാണിത്‌. അതിനുള്ള മറുപടിയാണ്‌ താഴെ കാണിക്കുന്നത്‌:

ഈസാനബിയെ ആകാശത്തേക്കുയര്‍ത്തിയിരിക്കയാണെന്നോ ലോകാവസാനം അദ്ദേഹമിങ്ങോട്ട്‌ തിരിച്ചുവരുമെന്നോ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. നേരെമറിച്ച്‌, ക്രിസ്ത്യാനികള്‍ വിശ്വസിക്കുംപോലെ, അദ്ദേഹത്തെ ആകാശത്തേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ പോവുകയോ ഒരു കാലത്ത്‌ അദ്ദേഹം ഇങ്ങോട്ട്‌ തിരിച്ചുവരുകയോ ചെയ്കയില്ല എന്നതിന്ന്‌ വ്യക്തവും ഖണ്ഡിതവുമായ തെളിവുകളാണ്‌ ഖുര്‍ആന്‍ നിരത്തി വെച്ചിരിക്കുന്നത്‌. നമുക്കതൊന്ന്‌ കണ്ണു തുറന്നു നോക്കാന്‍ സന്‍മനസ്സുണ്ടായാല്‍മാത്രം മതി.

ഈസാനബി അവസാനം തിരിച്ചുവരും, എന്നിട്ട്‌ പന്നിയെ കൊല്ലും, കുരിശ്‌ തല്ലിയുടക്കും ജിസ്‌യ ദുര്‍ബ്ബലപ്പെടുത്തും എന്നെല്ലാമാണല്ലോഹദീസുകള്‍ (1009) പറയുന്നത്‌. അതു ശരി തന്നെയാണോ? ശരിയായിരിക്കാന്‍ പാടുണ്ടോ? ഖുര്‍ആന്‍റെ സിദ്ധാന്തങ്ങളും പ്രസ്താവനകളുമായി അത്‌ യോജിക്കുന്നുണ്ടോ? ഒന്ന്‌ ചിന്തിച്ചു നോക്കുക. നിങ്ങള്‍ ഇതിനുമുമ്പ്‌ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും ശ്രദ്ധിക്കുക. ഖുര്‍ആന്‍ 5-)o അദ്ധ്യായം 116, 117 എന്നീ വാക്യങ്ങളൊന്നെടുത്ത്‌ മനസ്സിരുത്തി വായിച്ചുനോക്കുക. എന്താണതില്‍ പറയുന്നത്‌? നിങ്ങള്‍ വെച്ചുപുലര്‍ത്തിക്കൊ ണ്ടിരിക്കുന്ന സംശയങ്ങള്‍ക്ക്‌ സ്പഷ്ടവും ഖണ്ഡിതവുമായ മറുപടിതന്നെ.

പരലോകത്തുവെച്ച്‌ അല്ലാഹു ഈസാനബിയെ വിചാരണ ചെയ്യുന്ന രംഗവും അന്നേരം ഈസാനബി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്ന സ്റ്റെയിറ്റുമെന്‍റുമാണ്‌ ആ രണ്ടുവാക്യങ്ങളില്‍ എടുത്തുകാണിച്ചിരിക്കുന്നത്‌.

"ഓ മര്‍യമിന്‍റെ മകന്‍ ഈസാ! അല്ലാഹു വിനെവിട്ട്‌ എന്നെയും എന്‍റെ മാതാവിനേയും ദൈവങ്ങളാക്കിവെക്ക ണമെന്ന്‌ നീയാണോ ജനങ്ങളോടുപ ദേശിച്ചത്‌?"

എന്ന്‌ ഈസാനബിയോട്‌ അല്ലാഹു ചോദിക്കുന്നു. അതിന്ന്‌ മറു പടിയായ്ക്കൊണ്ട്‌ ഈസാനബി നല്‌കുന്ന സ്റ്റെയിറ്റ്മെന്‍റെന്താണ്‌?

"(അല്ലുഹുവേ!) നിനക്ക്‌ സ്തോത്രം! എനിക്ക്‌ പറയുവാനധികാരമില്ലാത്തത്‌ ഞാന്‍ പറയുകയില്ലല്ലോ. ഞാനതുപദേശിച്ചിട്ടുണ്ടെങ്കില്‍ നിനക്കത്‌ തികച്ചും അറിവുണ്ടായിരിക്കും. എന്‍റെ ഹൃദയത്തിലുള്ളത്‌ നിനക്കറി യാം; നിന്നിലുള്ളത്‌ ഞാനറിയുകയില്ല. നീ അദൃശ്യവാര്‍ത്തകളെല്ലാം അറിയുന്നവനത്രെ."

തുടര്‍ന്നുകൊണ്ടുള്ള വാക്യത്തില്‍, (117) നീയെന്നോട്‌ കല്‍പിച്ചതല്ലാതെ മറ്റൊന്നും ഞാനവരെ ഉപദേശിച്ചിട്ടില്ലെന്നും ഞാനവര്‍ക്കിടയില്‍ ഉണ്ടായിരുന്ന കാലമത്രയും അവരുടെ സ്ഥിതിഗതികള്‍ ഞാന്‍ മേല്‍നോട്ടം ചെയ്തുകൊണ്ടിരുന്നുവെന്നും പിന്നീട്‌ നീയെന്‍റെ ആയുസ്സ്‌ അവസാനിപ്പിച്ചപ്പോള്‍ അവരുടെ കാര്യങ്ങളെല്ലാം ഉറ്റുനോക്കിക്കൊണ്ടിരുന്നത്‌ നീ മാത്രമാണെന്നും എനിക്കതിനെക്കുറിച്ച്‌ അറിവോ ഉത്തരവാദമോ ഒന്നുമില്ലെന്നും ഈസാനബി അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍ സമാധാനം ബോധിപ്പിക്കുന്നു.

ഇപ്പോള്‍ ഒന്നു മനസ്സിരുത്തിച്ചിന്തിച്ചു നോക്കുക. പ്രചാരത്തിലുള്ള വിശ്വാസമെന്താണ്‌? ഖുര്‍ആന്‍ പറയു ന്നതെന്താണ്‌? അതു രണ്ടും തമ്മില്‍ യോജിക്കുന്നുണ്ടോ? അല്ലെങ്കില്‍ വല്ല വ്യാഖ്യാനവും നല്‍കി യോജിപ്പിക്കാന്‍ കഴിയുമോ? ഇല്ല, ഒരിക്കലുമില്ല. ഈസാനബി തിരിച്ചുവരും, എന്നിട്ട്‌ അദ്ദേഹം ആകാശത്തേക്കുയര്‍ന്നു പോയശേഷം ക്രിസ്ത്യാനികള്‍ നടപ്പില്‍വരുത്തിയ അനാചാരങ്ങളെയെല്ലാം അദ്ദേഹം നിര്‍ദ്ദയം തകര്‍ത്തുകളയും, കുരിശ്‌ തന്നെ തല്ലിയുടച്ചുകളയും, പന്നിയെ കൊല്ലും എന്നെല്ലാമാണ്‌ പ്രചാരത്തിലിരിക്കുന്ന ഹദീസില്‍ പറയുന്നത്‌. അപ്പോള്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്‍റെ വേര്‍പാടിന്നുശേഷം നടപ്പില്‍ വരുത്തിയ അനാചാരങ്ങളെല്ലാം അദ്ദേഹം തിരിച്ചുവരുമ്പോള്‍ കണ്ടു മനസ്സിലാക്കും, അതിലെല്ലാം അദ്ദേഹം അമര്‍ഷം പ്രകടിപ്പിക്കും, അവസാനം അതെല്ലാം അദ്ദേഹം നശിപ്പിച്ചുകളയും. ഇതാണു ഹദീസില്‍ പറയുന്നത്‌. ഖുര്‍ആന്‍ പറയുന്നതോ, നേരെ മറിച്ചും, അതായത്‌ അദ്ദേഹം ഈ ഭൂമിയില്‍ നിന്ന്‌ വിട്ടുപോയശേഷം ഇവിടെ ക്രിസ്ത്യാനികള്‍ നടപ്പില്‍ വരുത്തിയ അനാചാരങ്ങളൊന്നും അദ്ദേഹം അറിയുകയേയില്ല; അദ്ദേഹത്തെ ക്രിസ്ത്യാനികള്‍ ദൈവമാക്കിവെച്ച്‌ പൂജിച്ചതുപോലും അദ്ദേഹം അറിയുകയില്ല. അവസാനം പരലോകത്ത്‌ ഉയിര്‍ത്തെഴുന്നേറ്റ്‌ അല്ലാഹുവിന്ന്‌ മുമ്പില്‍ ഹാജരാവുമ്പോള്‍ മാത്രമാണ്‌ ക്രിസ്തീയ ലോകത്ത്‌ നടന്ന ഈ സംഭവങ്ങളെല്ലാം അദ്ദേഹത്തിന്‍റെ അറിവില്‍പ്പെടുക. ചുരുക്കത്തില്‍, ഖുര്‍ആന്‍റെ പ്രസ്താവനകള്‍ക്ക്‌ കടകവിരുദ്ധമായ്ക്കൊണ്ടാണ്‌ ഹദീസ്‌ നിലകൊള്ളുന്നത്‌.* അപ്പോള്‍ നാം ഖുര്‍ആന്‍ വിശ്വസിക്കേണമോ, അതല്ല ഹദീസ്‌ വിശ്വസിക്കേണമോ? നമ്മുടെ വിശ്വാസ പ്രമാണമനുസരിച്ച്‌ ഖുര്‍ആന്‍ തന്നെയാണ്‌ നാം വിശ്വസിക്കേണ്ടത്‌. അതിലൊരു നിമിഷവും സംശയിച്ചു നില്‍ക്കേണ്ടതില്ല.

ജൂതന്‍മാര്‍ ഈസായുടെ ജീവന്‍ അപകടപ്പെടുത്താന്‍ വട്ടം കൂട്ടിയപ്പോള്‍ അദ്ദേഹത്തെ മലക്കുകള്‍ ആകാശത്തേക്ക്‌ പൊക്കിയെടുത്തുകൊണ്ടു പോയ്ക്കളഞ്ഞു. അങ്ങനെ ജൂതന്‍മന്‍മാരെ പരാജയപ്പെടുത്തിക്കളഞ്ഞുവെന്നാണല്ലോ നാം വമ്പ്‌ പറയുന്നത്‌. അല്ലാഹു പറയുന്ന വമ്പ്‌ അങ്ങനെയല്ല. ജൂതന്‍മാര്‍ക്ക്‌ അദ്ദേഹത്തെ വധിക്കാനോ ക്രൂശിച്ച്‌കൊല്ലാനോ കഴിഞ്ഞില്ല. അവര്‍ക്കമളി പറ്റിയെന്നും മറ്റുമാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. അവസാനം അല്ലാഹു ഈസായെ രക്ഷിച്ചതെങ്ങിനെ യാണ്‌? അതു കണ്ടുപിടിക്കാന്‍ കെട്ടു കഥകളെയൊന്നും അഭയം പ്രാപിക്കേണ്ടതില്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായ ഭാഷയില്‍ അത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌:

"നിവാസയോഗ്യവും വെള്ള മൊഴുകുന്നതുമായ ഒരു കുന്നിന്‍മേല്‍ നാം അവര്‍ രണ്ടുപേര്‍ക്കും (ഈസാനബിക്കും മാതാവിന്നും) അഭയംനല്‍കി." (13:50).

അങ്ങനെയാണ്‌ ക്രൂരരായ ആ ജൂതന്‍മാരുടെ ആക്രമ ണങ്ങളില്‍ നിന്ന്‌ അല്ലാഹു ഈസാനബിയെ രക്ഷിച്ചത്‌. അദ്ദേഹത്തില്‍ നിന്ന്‌ ജൂതന്‍മാരുടെ ശ്രദ്ധ തിരിച്ചുവി ടാനും അദ്ദേഹത്തിന്‍റെ നിവാസകേ്ര ന്ദം ജൂതന്‍മാര്‍ മനസ്സിലാക്കാതിരിക്കാനും വേണ്ടി, അദ്ദേഹത്തെ മാലാഖന്‍മാര്‍ ആകാശത്തേക്കെടുത്തുകൊണ്ടുപോയി എന്ന്‌ ക്രിസ്തീയ നേതാക്കന്‍മാര്‍ അന്ന്‌ പ്രചരിപ്പിച്ചതായിരിക്കണം. പിന്നീട്‌ യാഥാര്‍ത്ഥ്യം പുറത്തു പറയാന്‍ കുറെകാലം കഴിഞ്ഞപ്പോള്‍ വിഷമം തോന്നുക നിമിത്തം ആ ക്രിസ്തീയ നേതാക്കള്‍ യാഥാര്‍ത്ഥ്യം തുറന്നുപറയാതെ മൌനം ദീക്ഷിച്ചതുമായിരിക്കാം. അങ്ങിനെയാവണം ആ ധാരണ ക്രിസ്ത്യാനികളില്‍ അടിയുറച്ചത്‌. മാര്‍ക്കോസ്‌ എഴുതിയ സുവിശേഷത്തില്‍ യേശുക്രിസ്തുവിന്‍റെ വാനാരോഹണത്തെക്കുറിച്ച്‌ പറയുന്നത്‌ കാണുക:

"ഇങ്ങനെ കര്‍ത്താവായ യേശു അവരോട്‌ അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു, ദൈവത്തിന്‍റെ വലത്തുഭാഗത്തിരുന്നു." (മാര്‍ക്കോസ്‌ 16:19).

"അനന്തരം അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിക്കയില്‍ അവന്‍ അവരെ വിട്ടുപിരിഞ്ഞു (സ്വര്‍ഗ്ഗാരോഹണം ചെയ്‌തു)." (ലൂക്കോസ്‌ 24:50,51)

ഇങ്ങനെ ബൈബിളില്‍ പലയിടങ്ങളിലും രേഖപ്പടുത്തിയിരിക്കുന്നത്‌ കാണാം. ബൈബിളിലുള്ള ഈ ധാരണ മുസ്‌ലിംകളില്‍ പതുക്കെ കടന്നുകൂടി. അതിന്ന്‌ അംഗീകരണം കിട്ടാന്‍ "കാല റസൂലുല്ലാഹി" എന്ന്‌ ഒരു തലെക്കട്ടും വെച്ചുകൊടുത്തു. ഇതാണുണ്ടായത്‌. പിന്നീടുള്ളത്‌ ഖുര്‍ആനിലുപയോഗിച്ച ഒരു വാക്കാണ്‌. "അല്ലാഹു ഈസാനബിയെ തന്‍റെയടുക്കലേക്ക്‌ഉയര്‍ത്തി" എന്ന വാക്ക്‌ (4:158). "അല്ലാഹു ഉയര്‍ത്തി", "അല്ലാഹു ഉയര്‍ത്തും?" എന്നെല്ലാം പറഞ്ഞാല്‍ ഒരാളെ ആകാശത്തേക്ക്‌ പൊക്കിയെടുത്തു കൊണ്ടുപോകുമെന്നല്ല അതിന്‍റെ അര്‍ത്ഥമെന്ന്‌ അറബിഭാഷയിലെ പ്രാഥമിക വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. "അല്ലാഹുവേ! നീ എന്‍റെ തെറ്റുകള്‍ പൊറുത്തു തരികയും എന്നോട്‌ കരുണ കാണിക്കുകയും എന്‍റെ പോരായ്മകള്‍ പരിഹരിച്ചുതരികയും എന്നെ ഉയര്‍ത്തിത്തരികയും ചെയ്യേണമേ!" എന്ന്‌ നാമെ ല്ലാവരും നമസ്കാരത്തിലെ രണ്ട്‌ സുജൂദുകള്‍ക്കിടയില്‍ സദാ പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. നമ്മെയെല്ലാവരേയും ആകാശത്തേക്ക്‌ പൊക്കിയെടുത്തു കൊണ്ടുപോയിത്തരണമെന്നാണോ അതിന്‍റെയര്‍ത്ഥം? ഇദ്‌രീസ്‌നബിയെ "ഉന്നതസ്ഥാനത്തേക്ക്‌ നാം ഉയര്‍ത്തിക്കൊണ്ടുപോയി" എന്ന്‌ ഖുര്‍ആന്‍(19;57) പറയുന്നു. ഈസാനബിയെപ്പോലെ അദ്ദേഹത്തേയും ആകാശത്തേക്കുയര്‍ത്തിക്കൊണ്ടുപോയി എന്നാണോ അതിന്‍റെ അര്‍ത്ഥം? ആണെന്നു ആരെങ്കിലും പറയുന്നുണ്ടോ? ആരും പറയുന്നില്ല. എങ്കിലും ഈസാനബിയെ ഉയര്‍ത്തി എന്ന്‌ പറഞ്ഞയിടത്ത്‌ മാത്രം ഇങ്ങനെ അര്‍ത്ഥം കല്‍പിക്കാന്‍ ന്യായമെന്ത്‌?

മറ്റൊരുതെളിവ്‌

ഖുര്‍ആന്‍ 4:157-159 നോക്കുക. യേശുക്രിസ്തുവിനെ തങ്ങള്‍ വധിച്ചു കളഞ്ഞുവെന്ന്‌ ജൂതന്‍മാര്‍ വമ്പുപറയുന്നുണ്ട്‌; വാസ്തവത്തില്‍ അവര്‍ക്ക്‌ അമളി പറ്റിയിരിക്കയാണ്‌. അദ്ദേഹത്തെ ക്രൂശിച്ച്‌ കൊല്ലാനോ മറ്റു നിലക്ക്‌ കൊല്ലാനോ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നല്ലാമാണ്‌ അവിടെ പറഞ്ഞിരിക്കുന്നത്‌. ആ സന്ദര്‍ഭത്തില്‍ അല്ലാഹു പറഞ്ഞ ഒരു വാക്ക്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ജൂതന്‍മാര്‍ ഈ ഗൂഢാലോചനകളെല്ലാം നടത്തി അദ്ദേഹത്തിന്‍റെ ജീവനെ അപകടപ്പെടുത്താന്‍ വട്ടം കൂട്ടിയത്‌ അവര്‍ക്കദ്ദേഹത്താടുള്ള വൈരവും അസൂയയും നിമിത്തം മാത്രമായിരുന്നുവെന്ന്‌ വെളിപ്പെടുത്തിക്കൊണ്ട്‌ 159-ല്‍ അതാ അല്ലാഹു പറയുന്നു. "അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിന്നു മുമ്പുതന്നെ, അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരില്‍ (ജൂത ന്‍മാരില്‍) ആരും തന്നെയുണ്ടായിരുന്നില്ല (തന്നിമിത്തം) പുനരുത്ഥാനദിവസം അവര്‍ക്കെതിരായി അദ്ദേഹം സാക്ഷി പറയും."

ഈസാനബി ആകാശത്തേക്ക്‌ പോയിട്ട്‌ തിരിച്ചുവരാന്‍ എത്ര ആയിരം അല്ലെങ്കില്‍ എത്ര ലക്ഷം കൊല്ലം പിടിക്കുമെന്ന്‌ ആരും പറയുന്നില്ല. മാത്രമല്ല അത്‌ നിര്‍ണ്ണയിക്കാന്‍ കഴിയുകയില്ലെന്ന്‌ അവര്‍ സമ്മതിക്കുകകൂടി ചെയ്യുന്നു. അപ്പോള്‍ ഇനിയും ഈസാനബി അഞ്ചോ പത്തോ ലക്ഷം കൊല്ലം അവിടെയിരുന്നേക്കാം. അത്രയും കാലം ഈ ലോകത്ത്‌ ജീവിക്കുന്ന എല്ലാ 'അഹ്‌ലുകിതാബും' എല്ലാ ജൂതന്‍മാരും ഈസാനബിയില്‍ വിശ്വസിച്ചവരായിരിക്കും എന്നാണ്‌ ചിലര്‍ ഈ ഖുര്‍ആന്‍ വാക്യത്തിന്നു വ്യാഖ്യാനം നല്‍കുന്നത്‌. ഈസാ നബി ആകാശത്ത്‌ ജീവിക്കുന്നുണ്ടെന്ന്‌ ഉറപ്പിച്ചു വെച്ചശേഷം ഈ ഖുര്‍ആന്‍ വാക്യത്തിന്ന്‌ അങ്ങനെ വ്യാഖ്യാനം നല്‍കി രക്ഷപ്പെടുകയല്ലാതെ അവര്‍ക്ക്‌ മാര്‍ഗ്ഗമില്ലല്ലൊ. പക്ഷെ ആ വ്യാഖ്യാനം തെറ്റാണെന്നതിന്ന്‌ ഒന്നാമത്തെ ദൃഷ്ടാന്തം, സന്ദര്‍ഭം തന്നെയാണ്‌. "പുനരുത്ഥാന ദിവസം ആ വേദക്കാര്‍ക്കെതിരില്‍ (ദൈവസന്നിധിയില്‍) ഈസാനബി സാക്ഷി പറയും" എന്ന്‌ പറയുന്നുണ്ടല്ലോ. അദ്ദേഹത്തെ ക്രൂശിച്ച്‌ കൊല്ലാന്‍ വട്ടം കൂട്ടിയവര്‍ക്കെതിരില്‍ ദൈവസന്നിധിയില്‍ അദ്ദേഹം സാക്ഷി പറയുമെന്നാണ്‌ ആ വാക്കിന്‍റെ അര്‍ത്ഥം. അത്‌ വളരെ സ്പഷ്ടമാണ്‌. അല്ലാതെ അദ്ദേഹം വാനലോകത്തേക്ക്‌ പോയശേഷം ഈ ഭൂമുഖത്ത്‌ ജനിച്ച്‌ മരിച്ചുപോയ വേദക്കാര്‍ക്ക്‌ അല്ലെങ്കില്‍ ജൂതന്‍മാര്‍ക്ക്‌ എതിരില്‍ ദൈവസന്നിധിയില്‍ സാക്ഷി പറയുമെന്നല്ല അര്‍ത്ഥം. അത്തരക്കാര്‍ക്കെതിരില്‍ സാക്ഷി പറയാന്‍ ഒരു ന്യായവും കാരണവുമില്ലല്ലൊ. അപ്പോള്‍ ഖുര്‍ആന്‍റെ ദൃഷ്ടിയില്‍ ഈസാനബിയുടെ നിലപാടെന്തെന്ന്‌ സംശയാതീതമായ നിലക്ക്‌ നമുക്ക്‌ വ്യക്തമാണ്‌. ഇനി അതില്‍ ഒരു സംശയത്തിന്നും ഇടമില്ല. (സഹീഹുല്‍ ബുഖാരി മലയാളം പരിഭാഷയുടെ ആമുഖത്തില്‍ നിന്ന്‌)

വായിക്കുക: ദജ്ജാല്‍


******************************************************************************
*'ഏതൊരുവന്‍റെ കൈയ്യില്‍ എന്‍റെ ജീവിനിരിക്കുന്നുവോ അവനാണെ സത്യം നിശ്ചയമായും വിധികര്‍ത്താവും നീതിമാനുമായി ഇബ്നുമറിയം ഇറങ്ങും. അദ്ദേഹം കുരിശു മുറിക്കുകയും പന്നിയെ കൊല്ലുകയും ജിസ്‌യ ഇല്ലാതാക്കുകയും ചെയ്യും' (ബുഖാരി) 'നിങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഇമാമായി ഇബ്നു മറിയം നിങ്ങളില്‍ ഇറ ങ്ങുമ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരി ക്കും' (ബുഖാരി) എന്നിങ്ങനെയുള്ള ബുഖാരിയിലെ ശക്തിമത്തായ ഹദീസിനെ സംബന്ധിച്ചാണ്‌ 'ഖുര്‍ആന്‍റെ പ്രസ്താവന കള്‍ക്ക്‌ കടകവിരുദ്ധം' എന്ന്‌ ലേഖകന്‍ പറയുന്നത്‌. ലേഖകന്‌ ഇക്കാര്യത്തിലുണ്ടായ ഒരു ധാരണപിശക്‌ കൊണ്ടാണ്‌ ഏറ്റവും പ്രമാണികമായ സഹീഹുല്‍ ബുഖാരിയില്‍ വന്ന പ്രസ്തുത ഹദീസുകളെ കുറിച്ച്‌ ഇങ്ങനെ ഒരു പരാമര്‍ശം നടത്താന്‍ ധൃഷ്ടനായത്‌. 'ഇബ്നു മറിയം' എന്ന അഭിധാനമുളള പില്‍ക്കാലത്ത്‌ മുസ്‌ലിം ഉമ്മത്തില്‍ അവതീര്‍ണനാകുന്ന മഹാത്മാവ്‌ രണ്ടായിരം വര്‍ഷം മുമ്പ്‌ ബനീഇസ്രായേല്‍ സമു ദായത്തില്‍ വന്ന ‘ഈസബ്‌നു മര്‍‌യം’ എന്ന പേരുള്ള പ്രവാചകന്‍ തന്നെയായിരിക്കുമെന്നാണ്‌ ലേഖകന്‍ ധരിച്ചിട്ടുള്ളത്‌. ഇത്‌ ഈ ഹദീസിന്‍റെ വാചക ഘടനകക്കും താല്‍പര്യത്തിനുമെതിരാണ്‌. 'ഇബ്നു മറിയം' എന്നത്‌ ഒരു ആത്മീയ പദവി കൂടിയാണെന്ന്‌ ഖുര്‍ആനില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാം. ഹദീസുകളില്‍ വരാനിരിക്കുന്ന മസീഹിനെപറ്റി പറഞ്ഞ സന്ദര്‍ഭങ്ങളിലൊന്നും തന്നെ 'ഈസ' എന്ന്‌ സംജ്ഞാനാമം പ്രയോഗി ക്കാതെ 'ഇബ്നു മറിയം' എന്നു മാത്രമാണ്‌പ്രയോഗിച്ചിരിക്കുന്നത്‌. പ്രസ്തുത ഹദീസില്‍ വന്ന 'ഇമാമുക്കും മിന്‍ക്കും’ (നിങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഇമാമായികൊണ്ട്‌) എന്നപദം യാതൊരു സംശയത്തിനും ഇട നല്‍കാത്തവിധം വരാനിരിക്കുന്ന ഇമാം, ബനീ ഇസ്രായിലിലുള്ള വ്യക്തിയല്ല മറിച്ച്‌ മുസ്‌ലിം ഉമ്മത്തില്‍ നിന്നു തന്നെയുള്ള വ്യക്തിയാണെന്ന്‌ സ്പഷ്ടമാണ്‌. 'മിന്‍കും' (നിങ്ങളില്‍ നിന്ന്‌) എന്ന പദം പ്രയോഗിച്ചുകൊണ്ട്‌ ആകാശത്തിരിക്കുന്ന ബനീ ഇസ്രായീല്‍ക്കാരനായ ഈസാനബി വീണ്ടും വരുമെന്ന കൃസ്തീയ സങ്കല്‍പത്തിന്‍റെ അടിവേരാണ്‌ റസൂല്‍ തിരുമേനി(സ) ചെയ്തിരിക്കുന്നത്‌. മാത്രമല്ല അതിനേക്കാളുപരി ബനീ ഇസ്‌റായേലില്‍ വന്ന ഇബ്നുമറിയമും അവസാന കാലത്ത്‌ ദജ്ജാലിനെ വധിക്കാന്‍ മുസ്‌ലിം സമുദായത്തില്‍ ആഗതനാവുന്ന ഇബ്നുമറിയമും രണ്ട്‌ വ്യത്യസ്ത വ്യക്തികളാണ്‌ എന്ന്‌ ഏത്‌ ചെറിയ കുട്ടിക്കും മനസ്സിലാവുന്ന രീതിയില്‍ റസൂല്‍ തിരുമേനി(സ) പറഞ്ഞ കാര്യം ബുഖാരിയില്‍ ഒരേ അദ്ധ്യായത്തിലുള്ള ('കിത്താബുല്‍ ഫിത്ന്‍, ബാബു ദജ്ജാല്‍') രണ്ട്‌ ഹദീസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഹദീസ്‌ ഇപ്രകാരമാണ്‌:


'ഞാന്‍ (റസൂലുല്ല(സ)) ഈസാ, മൂസാ എന്നീ നബിമാരെ ദര്‍ശന ത്തില്‍ കണ്ടു. ഈസായുടെ നിറം ചുവപ്പായിരുന്നു. മുടി ചുരുണ്ടതും നെഞ്ച്‌ വീതിയേറിയതുമായിരുന്നു. മൂസായുടെ നിറം ഗോതമ്പിന്‍റെതായിരുന്നു. ദേഹം തടിച്ചതും മുടി നീണ്ടതും കണ്ടാല്‍ ഒരു സൂത്തു വര്‍ഗ്ഗക്കാരനെപോലെ തോന്നാം' (ബുഖാരി)

തുടര്‍ന്നുള്ള ഹദീസില്‍ ഇബ്നുമറിയമിന്‍റെ ശരീര വര്‍ണ്ണന നോക്കൂ.

'ഞാന്‍ (റസൂലുല്ല(സ)) കഅ്‌ബ ചുറ്റുന്നതായി സ്വപ്നത്തില്‍ കണ്ടു. തല്‍സമയം പെട്ടെന്ന്‌ ഒരാള്‍ എന്‍റെ മുമ്പില്‍ വന്നു അയാളുടെ നിറം ഗോതമ്പിന്‍റേയും മുടി നേരെയുള്ളതും നീണ്ടതുമായിരുന്നു. ഇതാരാണെന്ന്‌ ഞാന്‍ചോദിച്ചു. ഇബ്നു മറിയമാണെന്ന്‌ മറുപടിപറഞ്ഞു.' (ബുഖാരി). ഈ ഹദീസുകളില്‍വന്ന പരാമര്‍ശം നോക്കൂ. ബനീ ഇസ്രായീല്‍ വന്ന ഈസാനിയുടെ വര്‍ണ്ണനയില്‍ നിറംചുവപ്പ്‌, മുടി ചുരുണ്ടതുമാണെന്നാണ്‌. അവസാന കാലത്ത്‌ അവതരിക്കുന്ന ഇബ്നുമറിയമിന്‍റെ നിറം ഗോതമ്പിണ്റ്റേതും മുടി നേരെയുള്ളതും. ചുവപ്പ്‌ നിറവും ഗോതമ്പു നിറവും വ്യത്യസ്തമല്ലേ? അതുപോലെ ചുരുണ്ട മുടിയും, നീണ്ട മുടിയും വ്യത്യസ്തമല്ലേ? രണ്ട്‌ മസീഹും രണ്ട്‌ വ്യക്തികളാണ്‌ എന്നതിന്ന്‌ ഇതില്‍പരം മറ്റെന്ത്‌ തെളിവാണ്‌ വേണ്ടത്‌. ബനീഇസ്രായേലില്‍ വന്ന ഈസാ നബി (അ) മരിച്ചുപോയി എന്ന്‌ വിശ്വസിക്കുന്ന ലേഖകന്‍ ഹദീസില്‍ വരുമെന്ന്‌ വാഗ്ദാനം ചെയ്യപ്പെട്ട മസീഹ്‌ അഥവാ 'ഇബ്നുമറിയം' മറ്റൊരാളാണെന്ന്‌ കരുതാത്തത്‌ കൊണ്ടാണ്‌. ഹദ്‌റത്ത്‌ ബുഖാരിയെ (റഹ്‌) പോലെയുള്ള ആദരണീയരായ മഹാത്മാക്കള്‍ സമാഹരിച്ച വ്യക്തമായ ഹദീസുകള്‍ ഖുര്‍ആന്‍ വിരുദ്ധമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയേണ്ടി വരുന്നത്‌ (കല്‍ക്കി) 

Tuesday, September 21, 2010

ഈസാനബിയുടെ മരണം - ഹദീസുകള്‍

ഇനി ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകള്‍ പരിശോധിക്കാം.

സഹീഹ് ബുഖാരിയിലെ കിത്താബുത്തഫ്സീറില്‍ സൂറത്തുല്‍ മാഇദയുടെ വ്യഖാനമായി വന്ന ഒരു ഹദീസ് ഇപ്രകാരമാണ്.

ð ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: നബി (സ) ഒരു പ്രഭാഷണം നിര്‍‌വഹിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: 'പുനരുഥാന നാളില്‍ ഹൗദുല്‍ കൗസറിന്നടുത്തു നിന്നുകൊണ്ട് എന്‍റെ അനുയായികള്‍ക്ക് പരിശുദ്ധ ജലം വിതരണം ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു കൂട്ടം ആളുകളോടു കൂടി മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ നരകത്തിലേക്ക് ഉന്തിത്തള്ളിക്കൊണ്ടു പോകുന്നതുമായിരിക്കും. അപ്പോള്‍ അവരൊട് ഞാന്‍ 'ഉസൈഹാബി, ഉസൈഹാബി' (ഇവരെന്‍റെ അനുചരരാണ്, ഇവരെന്‍റെ അനുചരരാണ്) എന്നു വിളിച്ചു പറയുന്നതായിരിക്കും. അപ്പോള്‍ ഇപ്രകാരം ഉത്തരം നല്‍കപ്പെടും:

'അങ്ങയ്ക്കു ശേഷം ഇവര്‍ പുതുതായി എന്തെല്ലാം മാറ്റം വരുത്തി എന്ന് അങ്ങ് അറിയുന്നില്ല. താങ്കളുടെ വേര്‍പാടിനു ശേഷം ഇവര്‍ പിന്തിരിഞ്ഞു കളഞ്ഞവരാണ്.

'അപ്പോള്‍ അല്ലാഹുവിന്‍റെ വരിഷ്ട ദാസന്‍ ഈസബ്നുബര്‍‌യം പറഞ്ഞത് പോലെ ഞാന്‍ പറയും: "ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലം വരെ ഞാന്‍ അവര്‍ക്ക് സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനു ശേഷം അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയാണ്" (ബുഖാരി, കുത്താബുത്തഫ്സീര്‍ - സൂറത്തുല്‍ മാഇദ)

ഒരു വ്യാഖ്യാനത്തിന്‍റെ ആവശ്യമില്ലാത്ത വിധം വ്യക്തമായി നബി(സ) ഈസാനബിയുടെ മരണം ഇവിടെ വ്യക്തമാക്കിത്തന്നിരിക്കുകയാണ്.

ð ഹദ്റത്ത് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബിതിരുമേനി(സ) ദിവംഗദനായ സന്ദര്‍ഭത്തില്‍ ഹദ്റത്ത് ഉമര്‍(റ) അവിടെ കൂടിയിരുന്നവരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു. ഈയവസരത്തില്‍ ഹദ്റത്ത് അബൂബക്കര്(റ) അവിടേക്ക് വന്നു. അദ്ദേഹം ഉമര്‍(റ) നോട് ഇരിക്കാന്‍ പറഞ്ഞു. ഉമര്‍(റ) ഇരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും അവിടെ കൂടിയിരുന്നവര്‍ മുഴുവന്‍ അദ്ദേഹത്തെ വിട്ട് ഹദ്റത്ത് അബൂബക്കറി(റ)നു നേരെ ശ്രദ്ധ തിരിച്ചു. അദ്ദേഹം പറഞ്ഞു: "അല്ലയോ ജനങ്ങളേ, നിങ്ങളില്‍ അരെങ്കിലും മുഹമ്മദി(സ) നെ അരാധിച്ചിരുന്നുവെങ്കില്‍ അവര്‍ അറിഞ്ഞുകൊള്ളുക, മുഹമ്മദ്(സ) മരിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളില്‍ ആര് അല്ലാഹുവിനെ ആരാധിച്ചിരുന്നുവോ അവര്‍ ഉറച്ചു വിശ്വസിച്ചുകൊള്ളുക, അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ഒരിക്കലും മരിക്കാത്തവനാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: 'മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാരെല്ലാം മരിച്ചുപൊയിരിക്കുന്നു' (സഹീഹ് ബുഖാരി)

ð നജ്റാനില്‍ നിന്നു വന്ന ക്രിസ്തീയ സംഘത്തോട് നബി(സ) നടത്തിയ സം‌വാദം പ്രസിദ്ധമാണ്. സംഭാഷണ മദ്ധ്യേ റസൂല്‍(സ) ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ക്കറിയില്ലേ നമ്മുടെ ദൈവം ജീവിച്ചിരിക്കുനവനാണ് അവന്‍ ഒരിക്കലും മരിക്കില്ല. എന്നാല്‍ യേശുവാകട്ടെ മരിച്ചുപോയി. (അസ്ബാബുന്നുസൂല്‍)

നബി(സ) പറഞ്ഞു: 'മൂസായും(അ) ഈസായും(അ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് എന്നെ പിന്‍പറ്റാതെ മറ്റൊരു വഴിയില്ല.' (ഇബ്‌നു കസീര്‍ - തഫ്സീറു‌ല്‍ ഖുര്‍‌ആന്‍)

നബി(സ)യുടെ മിഅ്‌റാജിന്‍റെ സന്ദര്‍ഭത്തില്‍ ഓരോ ആകാശത്തിലും വെച്ച് പ്രവാചകന്മാരെ കണ്ടുമുട്ടിയതായും അവരുമായി സംഭാഷണം നടത്തിയതായും വിവരിക്കുന്നുണ്ട്. ഒന്നാമത്തെ ആകാശത്തില്‍ ആദം നബി(അ) യെയും രണ്ടാമത്തെ ആകാശത്തില്‍ ഇസാ, യഹ്‌യാ(അ) എന്നീ പ്രവാചകന്മാരെയും കണുകയുണ്ടായി. നബിമാരുടെ അത്മീയ പദവിക്കനുസരിച്ച്, അതിനു ശേഷമുള്ള ഏഴ് ആകാശങ്ങളിലും നബി(സ) പല പ്രവാചകന്മാരുമായും കണ്ടുമുട്ടി.

രണ്ടാമത്തെ ആകാശത്തില്‍ നബി(സ) ഈസാനബിയെ കണ്ടുവെന്നു പറഞ്ഞുവല്ലോ. ഈസാനബിക്ക് എന്തെങ്കിലും സവിശേഷത അവിടെ ഉള്ളതായി നബി(സ) പറഞ്ഞിട്ടില്ലാ. മരണപ്പേട്ടുപോയ മറ്റെല്ലാ പ്രവാചക്ന്മാരെയും പോലെത്തന്നെയാണ് മരിച്ചുപോയ യഹ്‌യാനബിയുടെ കൂടെ ഈസാനബിയും അവിടെ ഉണ്ടായിരുന്നത്.

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന ഹദീസുകള്‍ വ്യക്തമായ രീതിയില്‍ ഈസാനബി(അ) മരിച്ചുപോയിരിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. ഇതിനു വിരുദ്ധമായി ഭൂരിപക്ഷ മുസ്‌ലിംകള്‍ വിശ്വസിക്കുന്നതുപോലെ ഈസാനബി ആകാശത്തേക്ക് പോയിരിക്കുന്നു എന്നതിന് തെളിവായി ഖുര്‍‌ആനില്‍ നിന്നോ ഹദീസില്‍ നിന്നോ ഒരു തെളിവും ലഭിക്കുന്നില്ല. അപ്പോള്‍ നാം എവിടെ നില്‍ക്കണം? ഖുര്‍‌ആന്‍റെയും ഹദീസിന്‍റെയും കൂടെയോ അതോ ഭൂരിപക്ഷത്തിന്‍റെ കൂടെയോ?

(തുടരും)

  

Wednesday, September 15, 2010

ഈസാനബിയുടെ മരണം - കൂടുതല്‍ തെളിവുകള്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ ജനതയിലേക്ക് പ്രവാചനായി വന്ന ഇസാനബി(അ) മരിച്ചുപോയിരിക്കുന്നു എന്നതിലേക്ക് വിശുദ്ധ ഖുര്‍‌ആനില്‍ നിന്നുതന്നെ ഇനിയും ഒരുപാടു തെളിവുകള്‍ ഉദ്ധരിക്കാന്‍ കഴിയും. അതില്‍ ചിലത് ഇവിടെ നല്‍കുന്നു.

ð "നബിയേ, നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (21:35)

ð "ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീനോടെ എഴുന്നേല്പ്പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും" (19:34)

മേല്‍ ഉദ്ധരിച്ച ഖുര്‍‌ആന്‍ ആയത്തില്‍ മനുഷ്യ ജീവിതത്തിലെ സുപ്രധാനമായ മൂന്ന് അവസ്ഥാന്തരങ്ങളെക്കുറിച്ചാണ് ഈസാനബി പറഞ്ഞിരിക്കുന്നത്. ജനനം, മരണം, പുനരുഥാനം. ഇതിനിടയില്‍ മറ്റാര്‍ക്കും ലഭിക്കാതെ തനിക്കു മാത്രം ലഭ്യമായ അത്യപൂര്‍‌വ്വമായ ആ ആകാശാരോഹണത്തെക്കുറിച്ചോ, ആകാശവാസത്തെക്കുറിച്ചോ ഈസാനബി ഒന്നും പറയുന്നില്ല.

ð "അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്. അവര്‍ മരിച്ചവരാണ്; ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പടുക എന്നവര്‍ അറിയുന്നുമില്ല" (16:21,22)

മരിച്ചുപോയ മഹാത്മാക്കള്‍ പ്രാര്ത്ഥന കേള്‍ക്കില്ല എന്നതിലേക്ക് തെളിവായി ഉല്പതിഷ്ണു പണ്ട്ഡിതന്മാര്‍ ഖുര്‍‌ആനില്‍ നിന്ന് എപ്പോഴും ഉദ്ധരിക്കാറുള്ള വചനങ്ങളാണിത്. പക്ഷേ, അവര്‍ ഓര്‍ക്കാറില്ല ഭൂമിയില്‍ ഏറ്റവും കൂടൂതല്‍ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന വ്യക്തി ഈസാനബി(അ) ആണ് എന്ന കാര്യം. അങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന ഈസാനബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഈ ഖുര്‍‌ആനിക വചനത്ത്നിറെ അര്ത്ഥമെന്താണ്?

ഒരിക്കല്‍ മക്കയിലെ അവിശ്വാസികള്‍ നബി(സ)യുടെ സത്യ സാക്ഷ്യത്തിലേക്കായി ആകാശത്ത് കയറിപ്പോയി ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരാന്‍ പറയുകയുണ്ടായി. ഈ സംഭവം വിശുദ്ധ ഖുര്‍‌ആന്‍ ഇപ്രകാരം വിവരിരിക്കുന്നു:

ð "അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല."(17:94)

ഇതിനു മറുപടിയായി ഇങ്ങനെ പറയാന്‍ അല്ലാഹു നബിയോട് കല്പിക്കുന്നു:

"പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?"

ഇവിടെ ആകാശത്ത് കയറിപ്പോകുന്നതിനു തടസ്സമായി നബിയോട് പറയാന്‍ അല്ലാഹു കല്പിക്കുന്നത് നബി(സ) മനുഷ്യനായ ഒരു ദൂതന്‍ ആണ് എന്നതാണ്. അപ്പോള്‍ പിന്നെ മനുഷനായ ദൂതന്‍ മാത്രമായ ഈസാനബി(അ)യുടെ കാര്യം വരുമ്പോള്‍ അല്ലാഹുവന്‍റെ ഈ നിയമം മാറുന്നതെങ്ങനെ?

വിശുദ്ധ ഖുര്‍‌ആനില്‍ നിന്ന് ഉധരിച്ച ഈ തെളിവുകള്‍ തന്നെ ഈസാ നബി(അ) മരിച്ചു പോയിരിക്കുന്നു എന്നതിലേക്ക് മതിയായതാണ്.

ഇനി ഈസാനബി മരിച്ചു പോയിരിക്കുന്നു എന്നതിലേക്ക് ഹദീസുകളില്‍ എന്തു തെളിവാണ് ഉള്ളത് എന്നു പരിശോധിക്കാം.
(തുടരും)

Monday, July 19, 2010

ഈസാനബി മരിച്ചിട്ടില്ലേ?

മുഹമ്മദു നബി(സ)ക്കു മുമ്പു വന്ന പ്രവാചന്മാര്‍ എല്ലാം കാലഗതി പ്രാപിച്ചു പോയിരിക്കുന്നു എന്നു വ്യക്തമാക്കുന്ന വിശുദ്ധ ഖുര്‍‌ആനിലെ വചനം കഴിഞ്ഞ പോസ്റ്റില്‍ വായനക്കര്‍ കണ്ടു. ഒരു മുസ്‌ലിമിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍‌ആനിലെ ഒരു സൂക്തം തന്നെ മതിയായ തെളിവാണ്. എന്നിരുന്നാലും, വിശുദ്ധ ഖുര്‍‌ആന്‍റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ സത്യപ്പെടുത്തും എന്നതുകൊണ്ട് സ്വാഭാവികമായും ഈ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേറെയും തെളിവുകള്‍ ഖുര്‍‌ആനില്‍ ഉണ്ടായിരിക്കേണ്ടതാണ്. നമുക്കു പരിശോധിക്കാം.

വിശുദ്ധ ഖുര്‍‌ആനിലെ അഞ്ചാമത്തെ അദ്ധ്യായമായ 'അല്‍‍മാഇദ'യിലെ 117, 118 വചനങ്ങള്‍ ഇപ്രകാരമാണ്:

'അല്ലാഹു പറയുന്ന അവസരം: അല്ലയോ മര്‍‌യമിന്‍റെ മകന്‍ ഈസാ, എന്നെയും എന്‍റെ മാതാവിനെയും അല്ലാഹുവിനെ കൂടാതെ രണ്ടു ദൈവങ്ങളായി സ്വീകരിക്കുക എന്നു നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയത്രേ പരിശുദ്ധന്‍. എനിക്കു പറയാന്‍ അവകാശമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനതു പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്നിലുള്ളത് നീ അറിയുന്നു. നിന്നിലുള്ളത് ഞാന്‍ അറിയുന്നില്ല. തീര്‍ച്ചയായും നീ പരോക്ഷ കാര്യങ്ങള്‍ നന്നായി അറിയുന്നവനാണ്.

'നീ എന്നോട് ആജ്ഞാപിച്ചതല്ലാതെ ഞാന്‍ അവരോട് മറ്റൊന്നും പറഞ്ഞിരുന്നില്ല. അതായത്, 'എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍' എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്' (5: 117, 118)

ഇവിടെ, ഈസാനബി(അ)യും അല്ലാഹുവും തമ്മില്‍ പരലോകത്തു വെച്ചു നടക്കുന്ന ഒരു സംഭാഷണ രൂപത്തില്‍ വിശുദ്ധ ഖുര്‍‌ആനിലൂടെ അല്ലാഹു ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. അല്ലാഹു ഈസാനബിയോട് ചോദിക്കുന്നു അദ്ദേഹത്തെയും മാതാവിനെയും ഇലാഹുകളാക്കി ആരാധിക്കാനുള്ള അദ്ധ്യാപനം അദ്ദേഹമാണോ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയത് എന്ന്. അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞശേഷം 'ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു' എന്നാണ് പറയുന്നത്. അതായത്, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന് തന്‍റെ അനുയായികളോട് ഉപദേശിച്ചപ്പോള്‍ അവര്‍ അപ്രകാരം പ്രവര്‍ത്തിച്ചിരുന്നു എന്നതിന്‍റെ ദൃക്സാക്ഷ്യമാണ് ഈസാനബി 'കുന്‍‌തു അലൈഹിം ശഹീദന്‍' എന്ന വചനത്തിലൂടെ പറയുന്നത്. ഈസാനബി അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം കാലം തന്നെയോ തന്‍റെ മാതാവിനെയോ അനുയായികള്‍ ആരാധിച്ചിരുന്നില്ല, അല്ലാഹുവിനെ മാത്രമാണ് അവര്‍ ആരാധിച്ചിരുന്നത് എന്നതിനുള്ള തന്‍റെ സാക്ഷ്യം അല്ലാഹുവിന്‍റെ മുന്‍പില്‍ ഈസാനബി വ്യക്തമാക്കുകയാണ് ഇവിടെ.

ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷ മുസ്‌ലിംകള്‍ ഈ സൂക്തങ്ങള്‍ക്ക് എങ്ങനെയാണ് അര്‍ഥം കൊടുക്കുന്നത് എന്നു പരിശോധിക്കാം. ഉദാഹരണത്തിന് മൗലാനാ മൗദൂദി കൊടുത്തിരിക്കുന്ന അര്‍ഥം നോക്കാം:

"അല്ലാഹു ചോദിക്കും, `ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്‍റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?` അപ്പോള്‍ അദ്ദേഹം മറുപടി പറയും: `നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്‍റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്‍റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്‍റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു."

ഇവിടെ ഈസാനബിയെ ജീവിപ്പിച്ചിരുത്താന്‍ വേണ്ടി മൗദൂദി സാഹിബ് കാണിക്കുന്ന തിരിമറി നോക്കുക. 'ഫലമ്മാ തവഫ്ഫയ്ത്തനീ' - (നീ എന്നെ മരിപ്പിച്ചപ്പോള്‍) എന്നതിന്‍റെ തര്‍ജ്ജമയായി അദ്ദേഹം കൊടുത്തിരിക്കുന്നത് 'നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍' എന്നാണ്. ഇത് വ്യാജമാണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യത്തിന്‍റെ ഒന്നും ആവശ്യം ഇല്ല. 'തവഫ്ഫ' എന്ന പദം മലയാളികള്‍ക്കു പോലും സുപരിചിതമാണ്. ഒരാള്‍ 'വഫാത്തായി' എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു എന്നല്ലാതെ അയാളെ തിരിച്ചു വിളിച്ചു എന്നാരെങ്കിലും മനസ്സിലാക്കാറുണ്ടോ? ഇത്രയും ലളിതമായ ഒരു വാക്കിന് സ്ഥാപിത താല്‍‌പ്പര്യം സം‌രക്ഷിക്കാന്‍ വേണ്ടി തെറ്റായ അര്‍ത്ഥം കൊടുത്തിരിക്കുകയാണിവിടെ. അല്ലാഹു ഒരാളെ 'തവഫ്ഫ' ചെയ്തു എന്ന് പറഞ്ഞാല്‍ അയാള്‍ മരിച്ചു എന്നല്ലാതെ മറ്റെന്തെങ്കിലും അര്‍ഥം അതിനില്ല എന്ന് അറബി ഭാഷ അറിയുന്നവര്‍ക്കെല്ലാം അറിയാം. മാത്രമല്ല ഈ ആയത്തിന്‍റെ അര്‍ഥം വ്യക്തമാക്കുന്ന ഒരു ഹദീസ് ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. പ്രസ്തുത ഹദീസ് ഇപ്രകാരമാണ്:

'പുനരുഥാന നാളില്‍ ഹൗദുല്‍ കൗസറിന്നടുത്തു നിന്നുകൊണ്ട് എന്‍റെ അനുയായികള്‍ക്ക് പരിശുദ്ധ ജലം വിതരണം ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു കൂട്ടം ആളുകളോടു കൂടി മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ നരകത്തിലേക്ക് ഉന്തിത്തള്ളിക്കൊണ്ടു പോകുന്നതുമായിരിക്കും. അപ്പോള്‍ അവരൊട് ഞാന്‍ 'ഉസൈഹാബി, ഉസൈഹാബി' (ഇവരെന്‍റെ അനുചരരാണ്) എന്നു വിളിച്ചു പറയുന്നതായിരിക്കും. അപ്പോള്‍ ഇപ്രകാരം ഉത്തരം നല്‍കപ്പെടും.

"അങ്ങയ്ക്കു ശേഷം ഇവര്‍ പുതുതായി എന്തെല്ലാം മാറ്റം വരുത്തി എന്ന് അങ്ങ് അറിയുന്നില്ല. താങ്കളുടെ വേര്‍പാടിനു ശേഷം ഇവര്‍ പിന്തിരിഞ്ഞു കളഞ്ഞവരാണ്." അപ്പോള്‍ അല്ലാഹുവിന്‍റെ വരിഷ്ട ദാസന്‍ ഈസബ്നുബര്‍‌യം പറഞ്ഞത് പോലെ ഞാന്‍ പറയും: "ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലം വരെ ഞാന്‍ അവര്‍ക്ക് സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനു ശേഷം അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയാണ്" (ബുഖാരി, കുത്താബുത്തഫ്സീര്‍)

ഇവിടെ ഈസാനബി പറഞ്ഞ അതേ വചനം തന്നെയാണ് നബി തിരുമേനി(സ)യും പറഞ്ഞത് എന്നു കാണാം. സംശയത്തിനിടയില്ലാത്ത വിധം 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്നര്‍ഥം 'നീ എന്നെ മരിപ്പിച്ചപ്പോള്‍' എന്നാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഒരു ദുര്‍‌വ്യാഖാനത്തിനും ഇവിടെ പഴുതില്ല.

ഇനി വാദത്തിനു വേണ്ടി 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്‍റെ അര്‍ഥം 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍' എന്നാണെന്നു സമ്മതിച്ചാല്‍ തന്നെ, മൗദൂദി സാഹിബ് ഉദ്ദേശിച്ചപോലെ ഈസാനബിയെ ജീവിപ്പിച്ചിരുത്താന്‍ അദ്ദേഹത്തു സാധ്യമല്ല. കാരണം, തിരിച്ചു വിളിക്കപ്പെട്ട (എവിടേക്ക്?) ഈസാനബി വീണ്ടും ഭൂമിയില്‍ വരുമെന്നാണല്ലോ വിശ്വാസം. അങ്ങനെ തിരിച്ചു ഭൂമിയില്‍ വരുന്ന ഈസാനബി ഭൂമിയില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള ക്രിസ്ത്യാനികളെ തീര്‍ച്ചയായും കാണാതിരിക്കില്ല. അപ്പോള്‍ ക്രിസ്ത്യാനികളുടെ തെറ്റായ വിശ്വാസത്തെക്കുറിച്ചു അറിയും. അതായത് അവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റ മാതാവിനെയും ആരാധിക്കുന്നത് അദ്ദേഹം കാണും. ഇതെല്ലാം കണ്ടതിനു ശേഷം അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ഈസാനബി ഞാന്‍ അവരിലുണ്ടായിരുന്നിടത്തോളം കാലം അവര്‍ എന്നെയും എന്‍റെ മാതാവിനെയും ആരാധിച്ചിട്ടല്ല എന്നതിനു ഞാന്‍ സാക്ഷിയാണ് എന്നെങ്ങനെ പറയും?

കാര്യം വ്യക്തമാണ്. ഇസ്രായേല്‍ സമുദായത്തിലേക്ക് വേണ്ടി മാത്രം നിയുക്തനായ ഈസാ നബി(അ) ദൗത്യം നിര്‍‌വ്വഹിച്ച ശേഷം മരിച്ചു പോയിരിക്കുന്നു. ഇനി അദ്ദേഹം തിരി‍ച്ചു ഭൂമിയില്‍ വരുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

Tuesday, June 29, 2010

ഈസാനബിയുടെ ആകാശവാസം

അഹ്‌മദിയ്യാ പ്രസ്ഥാന സ്ഥാപകര്‍ ഹദ്റത്ത് അഹ്‌മദ്(അ)ന്‍റെ അടിസ്ഥാന പരമായ വാദം താന്‍ മുഹമ്മദി ഉമ്മത്തിലേക്കായി നിയോഗിതനായ മസീഹ് ആണെന്നാണ്. രണ്ടായിരം വര്‍ഷങ്ങല്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തിലേക്കു വന്ന മസീഹ് എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചു പോയിരിക്കുന്നു എന്നും, വരുമെന്നു നബി(സ) സുവിശേഷം അറിയിച്ച മസീഹ് നബിതിരുമേനി(സ)യുടെ ഉമ്മത്തില്‍ നിന്നു തന്നെ യാണ് വരേണ്ടത്, അത് താന്‍ ആണ് എന്നും അദ്ദേഹം വാദിച്ചു. ഇതര മുസ്‌ലിം സംഘടനകളെല്ലാം വിശ്വസിക്കുന്നത് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തിലേക്കു നിയോഗിതനായ ഈസാ മസീഹ് (അ) ഇപ്പോഴും ആകാശത്ത് ജീവിച്ചിരിപ്പുണ്ട് എന്നും അവസാന കാലം അദ്ദേഹം തന്നെ മുസ്‌ലിം സമുദായത്തിന്‍റെ പരിഷ്ക്കാരകനായ മസീഹായി ഇറങ്ങിവരും എന്നുമാണ്. ഈ വാദം (ഈസാനബി ജീവിച്ചിരിപ്പുണ്ട് എന്ന വാദം) ശരിയാണെങ്കില്‍ ഹദ്റത്ത് അഹ്‌മദിന്‍റെ വാദത്തിന്‍റെ അടിത്തറ തന്നെ തകരുന്നതാണ്. അദ്ദേഹത്തിന്‍റെ മറ്റൊരു വാദത്തിനും പിന്നെ പ്രസക്തിയില്ലാതാകും.

പ്രഥമദൃഷ്ട്യാ തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ഈസാനബിയുടെ ആകാശ വാസവും വീണ്ടുമുള്ള ഇറക്കവും. ഒന്നാമതായി, ഈസാനബിയെ വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത് ബനീ ഇസ്രായേല്യര്‍ക്ക് വേണ്ടി മാത്രം നിയോഗിതനായ ഒരു പ്രവാചകനായാണ്. ഇസ്രായേല്‍ സമുദായത്തിനു വേണ്ടി മാത്രം നിയോഗിതനായ ഒരു പ്രവാചകന്‍ മുഹമ്മദി ഉമ്മത്തിലേക്ക് വീണ്ടും നിയോഗിതനാവുക എന്നത് വിരോധാഭാസമാണ്. മാത്രമല്ല, രണ്ടായിരം വര്‍ഷത്തിലധികം ഒരു നബിയെ ആകാശത്തില്‍ ജീവനോടെ ഇരുത്തി വീണ്ടും അദ്ദേഹത്തെ ഭൂമിയിലേക്കിറക്കാന്‍ മാത്രം എന്തു സവിശേഷതയാണ് ഈസാനബിക്കുള്ളത്? റഹ്‌മത്തുല്‍‌ലില്‍ അലമീന്‍ ആയ മുഹമ്മദ് നബി(സ) പോലും ഒരു പുരുഷായുസു പൂര്‍ത്തിയാക്കി എല്ലാ മനുഷ്യരെയും പോലെ മരണത്തെ പുല്‍കി. നബി തിരുമേനി(സ)യെക്കാള്‍ എന്തെങ്കിലും കാര്യത്തില്‍ ഈസാനബിക്ക് സവിശേഷതയുള്ളതായി ഏതെങ്കിലും മുസ്‌ലിം സമ്മതിക്കും എന്നു വിശ്വസിക്കാനാവില്ല. ഏതെങ്കിലും നബിക്ക് അസാധാരണമായ നിലയല്‍ ദീര്‍ഘായുസ്സ് നല്‍കി സം‌രക്ഷിച്ച് അദ്ദേഹത്തെ വീണ്ടും ഭൂമിയില്‍ നിയോഗിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് ഏറ്റവും യോഗ്യന്‍ പ്രപഞ്ചത്തിനാകമാനം അനുഗ്രഹമായി വന്ന മുഹമ്മദ് നബി(സ) തിരുമേനിയാണ്.

ഈസാനബിയുടെയുടെ അമരത്വത്തിനും ആകാശവാസത്തിനും വിശുദ്ധ ഖര്‍‌ആനുമായി വല്ല ബന്ധവുമുണ്ടോ? ഇക്കാര്യം വിശകലന വിധേയമാക്കേണ്ടിയിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഒരു മനുഷ്യന്‍ മരിച്ചു എന്ന് തെളിയിക്കേണ്ടി വരുന്നതിലെ അപഹാസ്യത തല്‍ക്കാലം മറന്ന് ഈസാനബിയുടെ മരണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍‌ആന്‍ എന്തു പറയുന്നു എന്നു ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.

വിശുദ്ധ ഖുര്‍‌ആനിലെ മൂന്നാമത്തെ അദ്ധ്യായത്തിലെ 145 -)o വാക്യം ഇപ്രകാരമാണ്:

"മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങല്‍ പുറകോട്ട് തിരിഞ്ഞു കളയുമോ? ആരെങ്കിലും പുറകോട്ടു തിരിയുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്." (3:145)

ഇവിടെ അല്ലാഹു ഒരു പൊതു തത്ത്വം ഉദാഹരിച്ചു കാട്ടിക്കൊണ്ട്, അതായത്, മുഹമ്മദ് നബി(സ)ക്ക് മുന്‍പ് വന്ന എല്ലാ പ്രവാചകരും മരിച്ചു പോയിരിക്കുന്നു, അതുപോലെ മുഹമ്മദ് നബി(സ)യും മരിക്കും, അപ്പോള്‍ നിങ്ങള്‍ അല്ലഹുവിന്‍റെ ദീനില്‍ നിന്നു പിന്തിരിഞ്ഞു കളയുമോ എന്നാണ് ചോദിക്കുന്നത്.

മുമ്പുവന്ന പ്രവാചകന്മാരുടെ അന്ത്യം എങ്ങനെയായിരുന്നു എന്നും സംശയത്തിനിടയില്ലാത്ത രീതിയില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഒന്നുകില്‍ സ്വാഭാവിക മരണം, അല്ലെങ്കില്‍ കൊല്ലപ്പെടുക.

മുഹമ്മദ്നബി(സ)ക്ക് മുമ്പ് വന്ന ദൂതന്മാര്‍ എന്നതില്‍ ഈസാനബിയും പെടില്ലേ? മുഹമ്മദു നബി(സ)ക്ക് തൊട്ട്മുമ്പ് വന്ന പ്രവാചകാനായ ഈസാനബി എങ്ങനെ ഈ ഗണത്തില്‍ ഇന്ന് ഒഴിവാകും? തീര്‍ച്ചയായും ഈസാനബി എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചുപോയി എന്നു തന്നെയാണ് വിശുദ്ധ ഖുര്‍‌ആനിലെ ഈ സൂക്തം വ്യക്തമായും മനസ്സിലാക്കിത്തരുന്നത്.

നബി(സ)യുടെ സഹാബികള്‍ ഈ ആയത്തിനെ എങ്ങനെയായിരുന്നു മനസ്സിലാക്കിയത് എന്ന് വ്യക്തമാക്കുന്ന സുപ്രസിദ്ധമായ ഒരു സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. നബി(സ)യുടെ ഫഫാത്തുമായി ബന്ധപ്പെട്ടതാണ് അത്. നബി(സ) ദിവംഗതനായ സന്ദര്‍ഭത്തില്‍, ആ വാര്‍ത്ത വിശ്വസിക്കാനാവാതെ ഉമര്‍(റ), ഊരിപ്പിടിച്ച വാളുമായി നിലയുറപ്പിക്കുകയും ആരെങ്കിലും മുഹമ്മദ് നബി(സ) മരിച്ചുപോയിരിക്കുന്നു എന്നു പറയുകയാണെങ്കില്‍ അയാളുടെ തല ഞാന്‍ കൊയ്യും എന്നു പറയുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) അവിടെ ഉണ്ടായിരുന്നില്ല. മറ്റുസഹാബിമാര്‍ക്കര്‍ക്കും ഉമറിനെ പറഞ്ഞു മനസ്സിലാക്കനുള്ള ധൈര്യം ഇല്ലായിരുന്നു. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന പ്രകൃതകായിരുന്നു ഉമറി(റ)ന്‍റെത്.

അല്പ സമയത്തിനു ശേഷം അബൂബക്കര്‍(റ) സ്ഥലത്തെത്തുകയും അദ്ദേഹം നബി(സ) തിരുമേനിയുടെ ശരീരത്തിനടുത്ത് പോയി അദ്ദേഹത്തിന്‍റെ വിയോഗം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം ഉമറി(റ)നെയും അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് "മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങല്‍ പുറകോട്ട് തിരിഞ്ഞു കളയുമോ? ആരെങ്കിലും പുറകോട്ടു തിരിയുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്." എന്ന ഖുര്‍‌ആന്‍ ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഒരു ലഘു പ്രഭാഷണം നിര്‍‌വ്വഹിക്കുകയുണ്ടായി. ഈ ആയത്ത് കേട്ട മാത്രയില്‍ തന്നെ ഉമര്‍(റ)ന്‌ കാര്യം വ്യക്തമാകുകയും അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് വാള്‍ ഊര്‍ന്ന് വീഴുകയും ചെയ്തു.

ഈ ചരിത്ര സംഭവം സംശയലേശമന്യേ വ്യക്തമാക്കുന്നത് നബിതിരുമേനി(സ) ക്കു മുമ്പുള്ള എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്ന കാര്യത്തില്‍ അവിടെ അപ്പോള്‍ കൂടിയിരുന്ന സഹാബാക്കളെല്ലാം ഏകോപിച്ചിരുന്നു എന്നാണ്. അല്ലായിരുന്നുവെങ്കില്‍ ആരെങ്കിലും ഈസാനബിയുടെ കാര്യം അവിടെ ഉന്നയിക്കുമായിരുന്നു. കാരണം, മുന്‍‌കഴിഞ്ഞ പ്രവാചക്ന്മാരെല്ലാം മരിച്ചു പോയിരിക്കുന്നു, അതുപോലെ നബിയും(സ) മരിച്ചു എന്നാണല്ലോ ആ സൂക്തം ഉദ്ധരിച്ചുകൊണ്ട് അബൂബക്കര്‍(റ) സ്ഥാപിച്ചത്. ഈസാനബി(അ) ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസം സഹാബാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഉമറോ(റ) അല്ലെങ്കില്‍ ഏതെങ്കിലും സഹാബിയോ അക്കാര്യം ഉന്നയിച്ച് ഈ ആയത്ത് ഈസാനബിക്ക് ബാധകമല്ലല്ലോ എങ്കില്‍ എന്തുകൊണ്ട് നബി(സ)ക്കും ബാധകമാകാതിരുന്നുകൂടാ എന്ന ന്യായം ഉന്നയിക്കുമായിരുന്നു. ആരും തന്നെ അങ്ങനെ ഒരു കര്യം അപ്പോഴോ പിന്നീടെപ്പോഴെങ്കിലുമോ ഉന്നയിച്ചതായി കാണുന്നില്ല. ഇതില്‍ നിന്നു മനസ്സിലാകുന്നത്, നബി(സ) യുടെ വിയോഗത്തിനു ശേഷം സഹാബാക്കള്‍ക്കിടയില്‍ ആദ്യമായുണ്ടായ 'ഇജ്മാഅ്‌' (ഏകോപിച്ച അഭിപ്രായം) ഈസാ നബി(അ) ഉള്‍പ്പെടെ, മുഹമ്മദ് നബി(സ)ക്ക് മുമ്പു വന്ന എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്നാകാര്യത്തിലാണ് എന്നാണ്.